ചീങ്കണ്ണികള്‍ക്ക് പ്രജനന കാലം; നെയ്യാറില്‍ ഇറങ്ങുന്നവര്‍ കരുതലോടെ വേണമെന്ന് വനം വകുപ്പിന്റെ മുന്നറിയിപ്പ്

ചീങ്കണ്ണികളുടെ പ്രജനന കാലമായ ഡിസംബര്‍-ജനുവരി മാസങ്ങള്‍ അപകടമായതിനാല്‍ നെയ്യാറില്‍ ഇറങ്ങുന്നത് സൂക്ഷിച്ചു വേണമെന്ന് വനം വകുപ്പ് പറയുന്നു.
അടുത്തിടെ മരകുന്നം, വെട്ടിമുറിച്ചകോണ്‍, മായം എന്നീ ഭാഗത്ത് ചീങ്കണ്ണികളെ നാട്ടുകാര്‍ കണ്ടിരുന്നു. വെള്ളത്തില്‍ വച്ച് ഇണചേരുന്ന ഇവ മുട്ടയിടുന്നത് കരയിലാണ്. ജനുവരി-ഫെബ്രുവരി മാസങ്ങളിലാണ് മുട്ടയിടുന്നത്. 8 മുതല്‍ 45 വരെ മുട്ടകളാണ് പ്രജനനകാലത്ത് ഇടുന്നത്. ഇടുന്ന മുട്ട കരയില്‍ തന്നെ പ്രത്യേക കുഴി എടുത്ത് ചീങ്കണ്ണികള്‍ സൂക്ഷിക്കും. എന്നാല്‍ അടയിരിക്കാറില്ല. മുട്ട നശിപ്പിക്കുന്നത് തടയാന്‍ അവറ്റകള്‍ കരയില്‍ തന്നെ കാത്തിരിക്കും. കുറഞ്ഞത് ഒരു മാസത്തിനകത്ത് മുട്ട വിരിയും. അതിനാല്‍ ഡിസംബറില്‍ തുടങ്ങി മാര്‍ച്ച്-ഏപ്രില്‍ വരെ നെയ്യാര്‍ തീരത്ത് ചീങ്കണ്ണികള്‍ തമ്പടിക്കും. ഇതാണ് തീരവാസികള്‍ക്ക് പേടി നല്‍കുന്നത്.
ചീങ്കണ്ണികളുടെ വംശനാശം ഒഴിവാക്കാനാണ് ഡാമില്‍ 1977-ല്‍ ചീങ്കണ്ണി വളര്‍ത്തല്‍ കേന്ദ്രം തുടങ്ങുന്നതും നെയ്യാറിലെ തടിവെട്ട് തടയാന്‍ എന്നപേരില്‍ വളര്‍ച്ച എത്തിയ ചീങ്കണ്ണികളെ 1985-ല്‍ അണക്കെട്ടിലേക്ക് തുറന്നു വിടുകയും ചെയ്തത്.
എന്നാല്‍ ഡാമിലേക്ക് ഇവയെ തുറന്നു വിട്ടതുമുതല്‍ ദുരിതങ്ങള്‍ തുടങ്ങുകയായിരുന്നു. ആദ്യം ഡാമില്‍കുളിക്കാന്‍ ഇറങ്ങിയ രാജമ്മ എന്ന വീട്ടമ്മയുടെ കൈ കടിച്ചെടുത്തു. തുടര്‍ന്ന് നിരവധി പേരെ ആക്രമിക്കുകയും നാലോളം പേരെ കൊല്ലുകയും ചെയ്തു. ഡാമിന്റെ ക്യാച്ച്‌മെന്റ് ഏരിയായില്‍ താമസിക്കുന്നവരുടെ വീടുകളില്‍ കയറി വളര്‍ത്തുമ്യഗങ്ങളെ കൊല്ലുവാന്‍ തുടങ്ങി.
ഇപ്രകാരം നിവാസികള്‍ക്ക് വന്‍ ഭീഷണിയായി മാറിയ ചീങ്കണ്ണികളെ ജനരോഷത്തെ തുടര്‍ന്ന് പിടികൂടാന്‍ വനം വകുപ്പ് ശ്രമം തുടങ്ങി. ചീങ്കണ്ണി പിടുത്തക്കാരെ കൊണ്ടുവന്ന് പിടിക്കാന്‍ ആദ്യം ശ്രമിച്ചു. ഇതിനായി ലക്ഷങ്ങള്‍ ചിലവഴിച്ചു. അത് പരാജയമായതോടെ നാട്ടുകാരുടെ സഹകരണത്തോടെ വലയിട്ട് പിടിക്കാന്‍ വിപുലമായ സജീകരണങ്ങളോടെ ശ്രമം തുടങ്ങി.
ഡാമിലെ ചീങ്കണ്ണികളെ മുഴുവന്‍ , ഇക്കോ കമ്മിറ്റികളുടെ സഹകരണത്തോടെ 2003-അവസാനത്തോടെ പിടിച്ചുമാറ്റിയെന്ന് വനം വകുപ്പ് അവകാശപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഡാമിലെ ചീങ്കണ്ണികള്‍ വേരറ്റു പോയിട്ടില്ല എന്നാണ് നിവാസികള്‍ പറയുന്നത്. ചീങ്കണ്ണി പാര്‍ക്കിലുള്ള ചിലവയെ രഹസ്യമായി അണക്കെട്ടില്‍ നിക്ഷേപിച്ചതായി മുന്‍പ് ചില ആരോപണങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു.
പാര്‍ക്കിലെ അംഗസംഖ്യ കൂടുതലായതിനാലാണ് അവറ്റകളെ ഡാമില്‍ വിട്ടത്. ഇവ മുട്ടയിട്ടാണ് കൂടുതല്‍ കുഞ്ഞുങ്ങള്‍ വന്നതെന്നും നാട്ടുകാര്‍ പറയുന്നു. പാര്‍ക്കില്‍ മാംസഭക്ഷണം കഴിച്ചാണ് ചീങ്കണ്ണികള്‍ വളര്‍ന്നത്. അതിനാല്‍ മാംസാഹാരത്തോടുള്ള പ്രിയം മൂലമാകാം മനുഷ്യരെയും വന്യജീവികളേയും ആക്രമിക്കുന്നതെന്ന് ചൂണ്ടികാട്ടപ്പെടുന്നു. എന്തായാലും ഭീതിയിലാണ് ഇവിടുള്ളവര്‍.
ചീങ്കണ്ണികളെ കുറിച്ച് പരാതി പറഞ്ഞാല്‍ അതിന് ചെവികൊടുക്കാന്‍ വനം വകുപ്പ് തയ്യാറാകുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു. ഇപ്പോള്‍ അടുത്തിടെ നിക്ഷേപിച്ച 5 ലക്ഷം മീന്‍കുഞ്ഞുങ്ങള്‍ അടക്കമുള്ള മല്‍സ്യസമ്പത്ത് ഇവിടുണ്ട്. വന്യജീവി നിയമവും കസ്തൂരിരംഗനും പറഞ്ഞ് മീന്‍ പിടുത്തം നിരോധിച്ചിരിക്കുകയാണ് വനം വകുപ്പ്. ഡാമില്‍ കിടക്കുന്ന മീന്‍പറ്റങ്ങളെ തിന്ന് സുഭിക്ഷമായി കഴിയുകയാണ് ഇവിടുത്തെ ചീങ്കണ്ണികള്‍. ഡാമില്‍ ചീങ്കണ്ണികള്‍ ഇല്ലെന്ന് പറയുന്ന വനം വകുപ്പ് തന്നെയാണ് പറയുന്നത് നാല് മാസങ്ങള്‍ വളരെ സൂക്ഷിക്കേണ്ട മാസങ്ങളാണെന്ന്!
https://www.facebook.com/Malayalivartha























