കൊറോണ വൈറസ്: സംസ്ഥാനത്ത് 2288 പേര്‍ നിരീക്ഷണത്തില്‍... 130 പേരെക്കൂടി പേരെ വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി

ലോകത്ത് 25 രാജ്യങ്ങളില്‍ നോവല്‍ കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2288 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇവരില്‍ 2272 പേര്‍ വീടുകളിലും, 16 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംശയാസ്പദമായവരുടെ 408 സാമ്പിളുകള്‍ എന്‍.ഐ.വി.യില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 379 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. ബാക്കിയുള്ളവരുടെ ഫലം വരാനുണ്ട്. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ലെന്നും മന്ത്രി വ്യക്തമാക്കി.
പരിഷ്‌കരിച്ച മാര്‍ഗരേഖ അനുസരിച്ച് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 130 വ്യക്തികളെ ഇന്ന് ഒഴിവാക്കിയിട്ടുണ്ട്. എങ്കിലും കൊറോണ വൈറസ് രോഗബാധയ്ക്കെതിരെ ജാഗ്രത തുടരുകയാണ്. രോഗബാധിത പ്രദേശങ്ങളില്‍ നിന്നും മടങ്ങിയെത്തിയവര്‍ 11/02/2020 ലെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം വീടുകളില്‍ തന്നെ തുടരേണ്ടതും പൊതു ഇടങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കേണ്ടതുമാണ്.
കൊറോണാ വൈറസ് രോഗബാധ സംശയിക്കുന്ന കുടുംബങ്ങള്‍ക്ക് മാനസിക പിന്തുണ പ്രദാനം ചെയ്യുന്നതിന് വേണ്ടി സംസ്ഥാനത്തൊട്ടാകെ 215 അംഗങ്ങളെ വിവിധ ജില്ലകളിലായി വിന്യസിച്ചിട്ടുണ്ട്. 3619 ടെലിഫോണിക്ക് കൗണ്‍സിലിംഗ് സേവനങ്ങള്‍ ഇത് വരെ ലഭ്യമാക്കി.
https://www.facebook.com/Malayalivartha
























