'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി

ഫ്‌ലൈദുബായ് വിമാനത്തില്‍, സഹപൈലറ്റിന്റെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റിട്ടും, യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച് ഹീറോയായി മാറിയിരിക്കുകയാണ് ക്യാപ്റ്റന്‍ സ്മിത് മച്ചാര്‍. അദ്ദേഹം പ്രകടിപ്പിച്ച അസാമാന്യ ധൈര്യത്തെ അഭിനന്ദിക്കുമ്പോള്‍, പ്രതിസന്ധി ഘട്ടത്തില്‍ അദ്ദേഹം പ്രകടിപ്പിച്ച ധൈര്യം മാത്രമാണ് നമ്മുടെ ശ്രദ്ധയില്‍പ്പെടുന്നത്. എന്നാല്‍ ആ ധൈര്യത്തിന് പിന്നില്‍ ഒരു കുടുംബമുണ്ടെന്ന് കാര്യം പലപ്പോഴും നമ്മള്‍ ഓര്‍ക്കാറില്ല.
അപകട വിവരം അറിഞ്ഞ് ഒരു ഫോണ്‍ കോള്‍ കാത്ത്, നല്ല വാര്‍ത്തയ്ക്കായി പ്രാര്‍ഥിച്ച്, പ്രിയപ്പെട്ടയാള്‍ സുരക്ഷിതനായി വീട്ടിലേക്ക് മടങ്ങിയെത്തുമെന്ന പ്രതീക്ഷയില്‍ കഴിയുകയായിരുന്നു സ്മിത് മച്ചാറിന്റെ കുടുംബം. ആശങ്കയുടെ നിമിഷങ്ങളിലും ക്യാപ്റ്റന്റെ ഭാര്യ സോനല്‍ മച്ചാര്‍ ശാന്തയായിരുന്നു എന്നാണ് അയല്‍വാസികള്‍ പറയുന്നത്. ക്യാപ്റ്റന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍, ഭര്‍ത്താവ് സുഖമായിരിക്കുന്നുവെന്നാണ് ഭാര്യ അയല്‍വാസികളോട് പറഞ്ഞത്.
ക്യാപ്റ്റന്‍ സ്മിത് മച്ചാറും കുടുംബവും താമസിക്കുന്ന റെസിഡന്‍ഷ്യല്‍ സൊസൈറ്റിയിലെ താമസക്കാരിയും പ്രസവ-സ്ത്രീരോഗ വിദഗ്ധയുമായ ഡോ. ആര്‍തി ശര്‍മയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. വിമാനത്തിലെ സംഭവത്തെക്കുറിച്ച് അറിഞ്ഞതോടെ അയല്‍വാസികള്‍ ക്യാപ്റ്റന്റെ ഭാര്യയെ ബന്ധപ്പെടുകയായിരുന്നു. കുടുംബത്തിന് എന്തെങ്കിലും സഹായം ആവശ്യമുണ്ടോ എന്നുഅയല്‍വാസികള്‍ ചോദിച്ചു. പ്രാര്‍ഥനകള്‍ക്ക് നന്ദി അറിയിച്ച ക്യാപ്റ്റന്റെ ഭാര്യ, ഭര്‍ത്താവ് സുഖമായിരിക്കുന്നുവെന്ന് ശാന്തമായി മറുപടി നല്‍കിയതായി ഡോ. ആര്‍തി ശര്‍മ പറഞ്ഞു.
ഈ അനുഭവമാണ് പ്രതിസന്ധി ഘട്ടത്തില്‍ ധൈര്യത്തോടെ മുന്നില്‍ നില്‍ക്കുന്നവരുടെ കുടുംബങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ഡോ. ആര്‍തി ശര്‍മ കുറിച്ചു.
''നാം ഒരാളുടെ ധൈര്യം ആഘോഷിക്കുമ്പോഴെല്ലാം, ആ വ്യക്തി സുരക്ഷിതമായി വീട്ടിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയില്‍ കാത്തും പ്രാര്‍ഥിച്ചും കഴിയുന്ന ഒരു കുടുംബം അദ്ദേഹത്തിന് പിന്നിലുണ്ടാകും,'' എന്നാണ് ഡോ. ആര്‍തി ശര്‍മ പറഞ്ഞത്. ക്യാപ്റ്റന്‍ മച്ചാറിന്റെ ധൈര്യത്തിന് വലിയ അംഗീകാരം ലഭിക്കുമ്പോള്‍, ഈ പ്രതിസന്ധി ഘട്ടത്തില്‍ കുടുംബം കാത്തുസൂക്ഷിച്ച ആത്മസംയമനവും അതേപോലെ ശ്രദ്ധിക്കപ്പെടേണ്ടതാണ്.
https://www.facebook.com/Malayalivartha



























