ഒഡിഷയിൽ നടന്ന ദേശീയ മൗണ്ടെയ്ൻ സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ കേരളത്തിനുവേണ്ടി ഇരട്ട സ്വർണ മെഡൽ നേട്ടവുമായി മൈസ ബക്കർ

ഒഡിഷയിൽ നടന്ന ദേശീയ മൗണ്ടെയ്ൻ സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ കേരളത്തിനുവേണ്ടി ഇരട്ട സ്വർണ മെഡൽ നേട്ടവുമായി മൈസ ബക്കർ. ക്രോസ് കൺട്രി ടൈം ട്രയൽ, ക്രോസ് കൺട്രി ഒളിമ്പിക് മാസ് സ്റ്റാർട്ട് ഇനങ്ങളിലാണ് സ്വർണ മെഡൽ നേടിയത്.
ചരിത്രത്തിൽ ആദ്യമായാണ് വയനാട്ടിലെ ഒരു താരം ഈ നേട്ടം കരസ്ഥമാക്കുന്നത്. ആദ്യദിനത്തിൽ നടന്ന ക്രോസ് കൺട്രി ടൈം ട്രയലിൽ രണ്ടാം സ്ഥാനത്തെത്തിയ കർണാടകയുടെ പ്രിയങ്ക ലമനിയേക്കാൾ മൂന്ന് മിനിറ്റ് പത്ത് സെക്കന്റ് ലീഡിലാണ് മൈസ സ്വർണം കരസ്ഥമാക്കിയത്. രണ്ടാം ദിനത്തിലെ ക്രോസ് കൺട്രി ഒളിമ്പിക് മാസ് സ്റ്റാർട്ട് വിഭാഗത്തിൽ രണ്ടാം സ്ഥാനത്തെത്തിയ തമിഴ്‌നാടിന്റെ ആർ. ശ്രുതികയേക്കാൾ നാല് മിനിറ്റ് ലീഡിലാണ് സുവർണ നേട്ടം.
കഴിഞ്ഞ വർഷം ഹരിയാനയിൽ നടന്ന ദേശീയ മൗണ്ടെയിൻ സൈക്ലിങ് മത്സരത്തിൽ രണ്ട് ഇനങ്ങളിൽ മൈസ ബക്കർ മെഡൽ കരസ്ഥമാക്കിയിട്ടുണ്ടായിരുന്നു. ക്രോസ് കൺട്രി ടൈം ട്രയൽ, ക്രോസ് കൺട്രി ഒളിമ്പിക് മാസ് സ്റ്റാർട്ട് ഇനങ്ങളിലാണ് അന്ന് വെള്ളി മെഡൽ നേടിയത്.
സൈക്ലിങ് അസോസിയേഷനും ഗ്രാമിക കുടമംഗലവും സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെ നടത്തിയ സമ്മർ കോച്ചിങ് ക്യാമ്പിലൂടെയാണ് മൈസ സൈക്ലിങ് രംഗത്തേക്ക് വരുന്നത്.
"
https://www.facebook.com/Malayalivartha

























