മറ്റൊരു യുവതിയുടെ ചിത്രം കാണിച്ച് വിവാഹതട്ടിപ്പിനു ശ്രമിച്ച വീട്ടമ്മ പിടിയില്‍

കണ്ണൂര്‍ തളിപ്പറമ്പ് കൂവേരി കാക്കമണി വിഗേഷ് 6 മാസം മുന്‍പു തുടങ്ങിയ വാട്‌സാപ് ബന്ധത്തിനൊടുവില്‍ ഈ മാസം 16-ന് വിവാഹം നടത്താനിരിക്കെ തട്ടിപ്പിനു ശ്രമിച്ച വീട്ടമ്മ പിടിയിലായി. തിരുവാര്‍പ്പ് സ്വദേശിയാണ് വീട്ടമ്മ. വീട്ടമ്മയുടെ ഫോണ്‍ നമ്പര്‍ ആണ് പെണ്‍കുട്ടിയുടെ ഫോണ്‍ നമ്പര്‍ ആയി ഉപയോഗിച്ചിരുന്നത്.
തട്ടിപ്പിനായി വീട്ടമ്മ ഉപയോഗിച്ചത് സമീപവാസിയായ 23 വയസ്സുകാരിയുടെ പടമാണ്. വിവാഹം ഉറപ്പിക്കുന്നതിനായി വിഗേഷിന്റെ അച്ഛന്‍ ബാലകൃഷ്ണനും സഹോദരി വിനീഷയും ഭര്‍ത്താവ് ജയദീപും കഴിഞ്ഞ മാസം 27-ന് തിരുവാര്‍പ്പിലെ വീട്ടിലേക്കു വരാന്‍ തീരുമാനിച്ചു. ബന്ധു മരിച്ചതു മൂലം വീട്ടിലേക്കു വരേണ്ടെന്നും കോട്ടയം റെയില്‍വേ സ്റ്റേഷനു സമീപത്തെ ലോഡ്ജില്‍ എത്തിയാല്‍ മതിയെന്നും വിഗേഷിന്റെ ബന്ധുക്കളെ വീട്ടമ്മ അറിയിച്ചു.
ലോഡ്ജില്‍ എത്തിയ യുവാവിന്റെ വീട്ടുകാരുടെ മുമ്പില്‍ പെണ്‍കുട്ടിയുടെ ബന്ധുവാണെന്ന് പരിചയപ്പെടുത്തി ആ വീട്ടമ്മയും മറ്റൊരാളും അവിടെ ഉണ്ടായിരുന്നു. ഇരുകൂട്ടരും പരിചയപ്പെട്ട് വിവാഹം ഉറപ്പിക്കുകയും ചെയ്തു. പെണ്‍കുട്ടിയെ കാണണമെന്നു വിഗേഷിന്റെ അച്ഛന്‍ ബാലകൃഷ്ണന്‍ നിര്‍ബന്ധം പിടിച്ചപ്പോള്‍ ഗതാഗതക്കുരുക്കു മൂലം അവിടെ എത്താന്‍ കഴിയില്ലെന്നു പറഞ്ഞു വീട്ടമ്മ കൂടിക്കാഴ്ച മുടക്കി.
16-ന് നടത്തേണ്ട വിവാഹത്തിന്റെ ഒരുക്കങ്ങള്‍ വിഗേഷിന്റെ വീട്ടില്‍ നടന്നു വരികയായിരുന്നു. 3 ലക്ഷത്തിലേറെ രൂപ ചെലവഴിച്ചു വീട് മോടി പിടിപ്പിച്ചു. പന്തലും ഇട്ടു. കല്യാണപ്പെണ്ണിന് ഇടാനുള്ള അളവ് ബ്ലൗസുമായി കണ്ണൂരിലുള്ള ബന്ധുവീട്ടില്‍ എത്താമെന്നു വീട്ടമ്മ അറിയിച്ചിരുന്നു. എത്താതെ വന്നപ്പോള്‍ വിഗേഷിന്റെ സഹോദരി വിനീഷയും ഭര്‍ത്താവ് ജയദീപും പെണ്‍കുട്ടിയുടെ വീട്ടിലേക്കു വരാന്‍ നിശ്ചയിച്ചു.
കഴിഞ്ഞ ബുധനാഴ്ച അവര്‍ കോട്ടയത്ത് എത്തി പെണ്‍കുട്ടിയെ വിളിച്ചു.അമ്മയ്ക്കു ചിക്കന്‍പോക്‌സാണെന്നും വീട്ടിലേക്കു വരേണ്ടന്നും വീട്ടമ്മ അവരെ അറിയിച്ചു. ഇതോടെ സഹോദരിക്കും ഭര്‍ത്താവിനും സംശയമായി. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയും കള്ളി വെളിച്ചത്താകുകയുമായിരുന്നു.
https://www.facebook.com/Malayalivartha
























