സൗജന്യമായി വീടും സ്ഥലവും മകള്‍ എഴുതി നല്‍കിയത് പിതാവിനെ കൊന്നയാളുടെ കുടുംബത്തിന്...!
വൈക്കം തലയോലപ്പറമ്പില്‍ കാലായില്‍ മാത്യു പണമിടപാടുകാരനായിരുന്നു. മാത്യുവിനെ 2008-മുതല്‍ കാണാതായി. മൂന്ന് പെണ്മക്കളും ഭാര്യയും ഉള്‍പ്പെട്ട മാത്യുവിന്റെ കുടുംബം വലിയ കടബാധ്യതയില്പ്പെട്ടപ്പോഴായിരുന്നു തിരോധാനം. ഒരു തുമ്പും കിട്ടാതെ അന്വേഷണം വഴിമുട്ടി. എട്ട് വര്‍ഷത്തിനു ശേഷമാണ് മാത്യു കൊല്ലപ്പെട്ടതാണെന്ന വിവരം പുറംലോകം അറിഞ്ഞത്.
അയല്‍ക്കാരനായ അനീഷ്, മാത്യുവില്‍ നിന്ന് പണം കടംവാങ്ങിയിരുന്നു. പണം തിരിച്ച് ലഭിക്കാത്തതിനാല്‍ അനീഷിന്റെ പേരിലുള്ള അഞ്ച് സെന്റ് സ്ഥലവും വീടും മാത്യു തീറെഴുതി വാങ്ങി. ഇതേ തുടര്‍ന്നുണ്ടായ വൈരാഗ്യം മൂലം മാത്യുവിനെ അനീഷ് കൊലപ്പെടുത്തുകയായിരുന്നു.
അനീഷിന്റെ പിതാവ് വാസുവാണ് മാത്യു കൊല്ലപ്പെട്ടതാണെന്ന്, 2016 ഡിസംബറില്‍ മാത്യുവിന്റെ മകളായ നൈസിയോട് പറഞ്ഞത്. ദ്യശ്യം സിനിമയിലേതിന് സമാനമായി അനീഷിന്റെ കടമുറിക്കുള്ളിലാണ് മാത്യുവിനെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചിട്ടത്.
മാത്യു എഴുതിവാങ്ങിയ അനീഷിന്റെ സ്ഥലം പ്രതിഫലം വാങ്ങാതെ മാത്യുവിന്റെ കുടുംബം അനീഷിന്റെ കുടുംബത്തിന് കൈമാറുകയായിരുന്നു.
നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് ആധാരം കൈമാറിയത്. അനീഷ് ജയിലില്‍ ആയതിനാല്‍ പിതാവ് വാസുവാണ് നൈസിയില് നിന്ന് ആധാരം ഏറ്റുവാങ്ങിയത്.
വീട് തന്റെ പേരിലല്ലാത്തതിനാല്‍ തകര്‍ന്നു വീഴാറായ വീട് പുതുക്കി പണിയാന്‍ പോലുമാകാതെ ദുരിതത്തിലായിരുന്നു വാസു. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വീട് പുതുക്കി പണിത് നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പഞ്ചായത്തംഗം വ്യക്തമാക്കി.
https://www.facebook.com/Malayalivartha