റോയ് തോമസ് കൊലപാതകക്കേസിലെ എഫ്‌ഐആര്‍ വെറും ഡിറ്റക്റ്റീവ് കഥ മാത്രമാണ്: അഭിഭാഷകനെ ഭീഷണിപ്പെടുത്തിയും നിര്‍ബന്ധിച്ചുമാണ് കേസില്‍ സാക്ഷിയാക്കിയതെന്ന് ജോളിക്കുവേണ്ടി ഹാജരായ അഡ്വ ബി എ ആളൂര്‍; ജോളി താമസിച്ച പൊന്നാമറ്റം വീട്ടില്‍ നിന്ന് പിടിച്ചെടുത്തത് സയനൈഡ് അല്ലെന്നും ആളൂർ

റോയ് തോമസ് കൊലപാതകക്കേസിലെ എഫ്‌ഐആര്‍ വെറും ഡിറ്റക്റ്റീവ് കഥ മാത്രമാണെന്ന് അഡ്വ ബി എ ആളൂര്‍. കൂടത്തായി കൊലപാതക പരമ്പര കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷയിലെ വാദത്തിനിടയിലാണ് ജോളിക്കുവേണ്ടി ഹാജരായ ആളൂരിന്റെ ഈ വാദം. അഭിഭാഷകനെ ഭീഷണിപ്പെടുത്തിയും നിര്‍ബന്ധിച്ചുമാണ് കേസില്‍ സാക്ഷിയാക്കിയത്. ജോളി താമസിച്ച പൊന്നാമറ്റം വീട്ടില്‍ നിന്ന് പിടിച്ചെടുത്തത് സയനൈഡ് അല്ലെന്നും ആളൂര്‍ കോടതിയില്‍ വാദിച്ചു.
മുഖ്യപ്രതി ജോളി ജോസഫ്, കൂട്ടുപ്രതി എം എസ് മാത്യു എന്നിവരുടെ ജാമ്യാപേക്ഷയാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കുന്നത്. കടലക്കറിയിലും വെള്ളത്തിലും സയനൈഡ് കലര്‍ത്തിയാണ് ആദ്യ ഭര്‍ത്താവ് റോയ് തോമസിനെ ജോളി കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രം. കൂടത്തായി കൊലപാതക പരമ്പരക്കേസില്‍ 8000 പേജുള്ള കുറ്റപത്രമാണ് പൊലീസ് സമര്‍പ്പിച്ചിരിക്കുന്നത്. 246 സാക്ഷികളാണുള്ളത്. 322 ഡോക്യുമെന്റ്‌സും 22 മെറ്റീരിയല്‍ ഒബ്‌ജെക്‌ട്‌സും സമര്‍പ്പിച്ചു. കൊലപാതകം, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന, തെളിവ് നശിപ്പിക്കല്‍, വിഷം കൈവശം സൂക്ഷിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ജോലി ചെയ്തതായി കണക്കാക്കിയിട്ടുള്ളത്.
https://www.facebook.com/Malayalivartha

























