തനിക്കെതിരെ വിജിലൻസിന് പേരുവയ്ക്കാതെ പരാതി നൽകിയത് തിരുവനതപുരം ജില്ലയിലെ ഒരു കോൺഗ്രസ് നേതാവാണെന്ന് മുൻമന്ത്രി വി എസ് ശിവകുമാറിന് സംശയം; കോടിയേരിയുടെ രാഷ്ട്രീയ അവധി തുടങ്ങിയതോടെ ശിവകുമാറിന് കഷ്ടകാലം പിടിച്ചു

തനിക്കെതിരെ വിജിലൻസിന് പേരുവയ്ക്കാതെ പരാതി നൽകിയത് തിരുവനതപുരം ജില്ലയിലെ ഒരു കോൺഗ്രസ് നേതാവാണെന്ന് മുൻമന്ത്രി വി എസ് ശിവകുമാറിന് സംശയം. മന്ത്രിയായിരിക്കെ തനിക്കൊപ്പം നിൽക്കുകയും ധാരാളം കാര്യങ്ങൾ നടത്തിയെടുക്കുകയും ചെയ്തയാളാണ് പിന്നീട് തനിക്കെതിരെ തിരിഞ്ഞത്.
അദ്ദേഹം മറ്റ് കോൺഗ്രസ് നേതാക്കൾക്കെതിരെയും പരാതി നൽകാറുണ്ടെന്നാണ് ശിവകുമാർ കരുതുന്നത്. വട്ടിയൂർക്കാവിൽ മോഹൻകുമാർ സ്ഥാനാർത്ഥിയായപ്പോൾ വോട്ട് മറിച്ചു സി പി എമ്മിന് നൽകിയതിലും അദ്ദേഹത്തിന് പങ്കുണ്ടെന്ന് സംശയിക്കുന്നു.
2021 ലെ നിയമസഭാ തെരഞ്ഞടുപ്പിൽ തിരുവനന്തപുരം സീറ്റിൽ നിന്നും മത്സരിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്. മന്ത്രിയായിരിക്കെ കോടികൾ സമ്പാദിച്ചപ്പോൾ അത് വേണ്ടപ്പെട്ടവർക്ക് നൽകിയില്ലെന്ന് പലർക്കും പരിഭവമുണ്ട്. ശിവകുമാറിന് കോടികളുടെ ബിനാമി സ്വത്തുണ്ടെന്ന് തിരുവനന്തപുരത്തെ കോൺഗ്രസ് നേതാക്കൾ പറഞ്ഞു നടക്കുന്നുണ്ട്.
അതേസമയം ഇബ്രാഹിം കുഞ്ഞിനെ നരേന്ദ്ര മോദിക്ക് വിട്ടുകൊടുക്കാതിരിക്കാൻ പി.കെ. കുഞ്ഞാലിക്കുട്ടിയും സംഘവും രംഗത്തെത്തിയപ്പോൾ മുൻ മന്ത്രി വി എസ് ശിവകുമാറിനെ രക്ഷിക്കാൻ ആരുമില്ല. ശിവകുമാറിന് വേണ്ടി കോൺഗ്രസ് നേതാക്കൾ പോലും ഇതു വരെ രംഗത്തെത്തിയിട്ടില്ല. തന്നെ രക്ഷിക്കണമെന്ന ശിവകുമാറിന്റെ ആവശ്യത്തോട് ചെന്നിത്തല മുഖം തിരിച്ചതായാണ് റിപ്പോർട്ട്.
ഇബ്രാഹിം കുഞ്ഞിനെ കൊലയ്ക്ക് കെടുക്കാതിരിക്കാൻ കുഞ്ഞാലിക്കുട്ടി പിണറായിയെ കണ്ടു. മുഖ്യമന്ത്രിയുമായുള്ള അഭിപ്രായ വ്യത്യാസം കാരണമാണ് ചെന്നിത്തല വിഷയത്തിൽ ഇടപെടാത്തത്. ഉമ്മൻ ചാണ്ടിയാണെങ്കിൽ ചെന്നിത്തലയുടെ ഗ്രൂപ്പുകാരനായ ശിവകുമാറിനെ സഹായിക്കില്ല. മാത്രവുമല്ല മുഖ്യമന്ത്രിയുമായി അദ്ദേഹത്തിന് നല്ല ബന്ധവുമില്ല.
വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദന കേസിൽ ഇബ്രാഹിം കുഞ്ഞിനെതിരെ സ്വീകരിച്ച നടപടികൾ അറിയിക്കാൻ ആദായ നികുതി എൻഫോഴ്സ്മെന്റ് വകുപ്പ് സംസ്ഥാന വിജിലൻസിനോട് ആവശ്യപ്പെട്ടിട്ടുണ്ട് . ഇബ്രാഹിംകുഞ്ഞിന്റെ കള്ള പണം വെളുപ്പിക്കൽ സംബന്ധിച്ച് വിജിലൻസ് നടത്തുന്ന അന്വേഷണത്തിന്റെ റിപ്പോർട്ട് മാർച്ച് രണ്ടിന് കേരള ഹൈക്കോടതിയിൽ സമർപ്പിക്കണം. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനത്തെ കുറിച്ചുള്ള കേസ് വിജിലൻസ് എടുക്കുമോ എന്നാണ് എൻ ഫോഴ്സ്മെന്റിന് അറിയേണ്ടത്. അത് ഉടൻ അറിയിക്കുമെന്നാണ് വിജിലൻസ് അറിച്ചത്. അതായത് ഇക്കാര്യത്തിൽ വേണ്ടത് ഒരു രാഷ്ട്രീയ തീരുമാനമാണ്. അതായത് മുഖ്യമന്ത്രി തീരുമാനിക്കും.
ഇനി എൻഫോഴ്സ്മെന്റിന്റെ വലയിൽ ആകാനുള്ളത് ശിവകുമാറാണ്. അദ്ദേഹത്തിന്റെ കാര്യത്തിലും സ്വത്താണ് വിഷയം. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സഹായത്തോടെയാണ് ശിവകുമാർ ഇത്രയും കാലം കേസിൽ നിന്നും രക്ഷപ്പെട്ടതെന്നാണ് കോൺഗ്രസ് നേതാക്കൾ അടക്കം പറയുന്നത്. കടകം പള്ളിയും കോടിയേരിയുമായുള്ള സ്നേഹബന്ധത്തിലാണ് ഒന്നും സംഭവിക്കാതെ പോയത്. എന്നാൽ കോടിയേരിയുടെ രാഷ്ട്രീയ അവധി തുടങ്ങിയതോടെ ശിവകുമാറിന് കഷ്ടകാലം പിടിച്ചു. പിണറായിയെ കാണാനുള്ള ധൈര്യം ശിവകുമാറിനില്ല. കണ്ടാലും മുഖം കൊടുക്കില്ല. ശിവകുമാർ വല്ലാത്ത സമ്മർദ്ദമാണ് അനുഭവിക്കുന്നത്. ആരും സഹായിക്കാനില്ല എന്നതാണ് അദ്ദേഹത്തിന്റെ അവസ്ഥ.
https://www.facebook.com/Malayalivartha

























