എവിടേയും മരവിപ്പ് മാത്രം... കോയമ്പത്തൂര്‍ സേലം ബൈപ്പാസില്‍ നടന്ന അപകടത്തില്‍ ഞെട്ടിത്തരിച്ച് മലയാളികള്‍; വണ്‍വേ തെറ്റിച്ചെത്തിയ കേരളാ രജിസ്‌ട്രേഷന്‍ കണ്ടെയ്‌നര്‍ ലോറി ഇടിച്ച് തെറിപ്പിച്ചത് കെ.എസ്.ആര്‍.ടി.സി. ഗരുഡ ബസിനെ; ഡ്രൈവറും കണ്ടക്ടറും അടക്കം ബസിലുണ്ടായിരുന്ന 20 പേര്‍ മരണമടഞ്ഞതായി റിപ്പോര്‍ട്ട്; കോയമ്പത്തൂര്‍ അവിനാശിയിലെ അപകടം മലയാളികളെ സങ്കടത്തിലാക്കുന്നു

കേരളം വലിയൊരു ഞെട്ടിപ്പിക്കുന്ന വാര്‍ത്തയോടെയാണ് കണികണ്ടുണര്‍ന്നത്. കോയമ്പത്തൂര്‍ സേലം ബൈപാസില്‍ അവിനാശിയില്‍ കെഎസ്ആര്‍ടിസി ഗരുഡ കിങ് ക്ലാസ് ബസ് കണ്ടെയ്‌നര്‍ ലോറിയുമായി കൂട്ടിയിടിച്ച് 20 മരണം. ഇരുപതോളം പേര്‍ക്കു പരുക്കേറ്റു. മരിച്ചവരില്‍ അഞ്ചു പേര്‍ സ്ത്രീകളാണ്. അപകടത്തില്‍ ബസ് ഡ്രൈവറും കണ്ടക്ടറും മരിച്ചു. പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ അവിനാശി ആശുപത്രിയിലും കോയമ്പത്തൂര്‍ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലകളില്‍ നിന്നുള്ളവരാണ് ബസില്‍ ഉണ്ടായിരുന്നത്. മരിച്ചവരില്‍ തൃശൂര്‍ സ്വദേശികളായ വിനോദ് (45), ക്രിസ്‌റ്റോ ചിറക്കേക്കാരന്‍ (25), നിബിന്‍ ബേബി, റഹീം എന്നിവരെയും പാലക്കാട് സ്വദേശി സോന സണ്ണിയെയും തിരിച്ചറിഞ്ഞു.
രാവിലെ എഴു മണിക്ക് കൊച്ചിയിലെത്തേണ്ട കെഎസ്ആര്‍ടിസി ആര്‍എസ് 784 നമ്പര്‍ ബാംഗ്ലൂര്‍- എറണാകുളം ബസാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ 3.15 ഓടെയാണ് അപകടമുണ്ടായത്. ബസില്‍ 48 യാത്രക്കാരാണ് ഉണ്ടായിരുന്നത്. തുടര്‍നടപടികള്‍ക്കായി പാലക്കാട് യൂണിറ്റ് ഓഫിസറും കെഎസ്ആര്‍ടിസി ഇന്‍സ്‌പെക്ടര്‍മാരും സംഭവസ്ഥലത്തെത്തി.
ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്കു വന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. എറണാകുളം റജിസ്‌ട്രേഷനുള്ള ലോറിയാണ് ഇടിച്ചത്. കോയമ്പത്തൂര്‍-സേലം ബൈപ്പാസില്‍ മുന്‍വശത്തെ ടയര്‍ പൊട്ടിയ കണ്ടെയ്‌നര്‍ ലോറി ഇടയ്ക്കുള്ള ഡിവൈഡര്‍ മറികടന്ന് മറുഭാഗത്ത് വണ്‍വേയില്‍ പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിനു നേരെ ഇടിച്ചുകയറുകയായിരുന്നു.
ടൈലുമായി പോയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരില്‍ പലരെയും പുറത്തെടുത്തത്. അപകടസമയം യാത്രക്കാരില്‍ ഭൂരിഭാഗവും ഉറക്കത്തിലായിരുന്നെന്ന് യാത്രക്കാരനായ അങ്കമാലി സ്വദേശി അജയ് സന്തോഷ് പറഞ്ഞു. ബസിന്റെ വലതുഭാഗത്തിരുന്നവരാണ് അപകടത്തില്‍ മരിച്ചവരില്‍ ഏറെയും.
തിങ്കളാഴ്ചയാണ് ബസ് എറണാകുളത്തു നിന്നു ബെംഗളൂരുവിലേക്കു പോയത്. യാത്രക്കാരില്ലാത്തതിനാല്‍ തിരിച്ചുവരുന്നത് ഒരു ദിവസം നീട്ടുകയായിരുന്നു. അപകടകാരണം അന്വേഷിക്കാന്‍ കെഎസ്ആര്‍ടിസി എംഡിയോട് ആവശ്യപ്പെട്ടതായി ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു.
https://www.facebook.com/Malayalivartha

























