ഇറ്റലിയില്‍ നിന്ന് റാന്നിയിലെത്തിയ കുടുംബം സഞ്ചരിച്ച റൂട്ട് മാപ്പ് ജില്ലാ കളക്ടര്‍ പുറത്തുവിട്ടു, സ്ഥലത്തുണ്ടായിരുന്നവര്‍ അറിയിക്കണമെന്ന് നിർദേശം , 1495 പേര്‍ നിരീക്ഷണത്തില്‍

പത്തനംതിട്ട ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചവര്‍ സഞ്ചരിച്ച സ്ഥലങ്ങളും സമയവും അടക്കമുള്ള വിശദമായ സഞ്ചാര വിവരങ്ങള്‍ ആരോഗ്യവകുപ്പ് പുറത്ത് വിട്ടു. രോഗികള്‍ സന്ദര്‍ശിച്ച സമയത്ത് അവിടെ ഉണ്ടായിരുന്നവര്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു.അതിനിടെ സംസ്ഥാനത്ത് ഇതിനകം 1495 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
റാന്നി സ്വദേശികളായവര്‍ സഞ്ചരിച്ച സ്ഥലങ്ങളില്‍ ഉണ്ടായിരുന്നവര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്നാണ് നിര്‍ദ്ദേശം. പത്തനംതിട്ടിയിലെ ഏഴ് പേര്‍ ഫെബ്രുവരി29 മുതല്‍ അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാര്‍ച്ച് ആറ് വരെയുള്ള ദിവസങ്ങളില്‍ യാത്രചെയ്തിട്ടുള്ള സഥലങ്ങള്‍ ചിലവഴിച്ച സമയം എന്നിവയാണ് സഞ്ചാരപാതയിലുള്ളത്.
നിശ്ചിത തീയതിയില്‍ നിശ്ചിത സമയത്ത് ഈ സ്ഥലങ്ങളില്‍ ഉണ്ടായിരുന്ന വ്യക്തികള്‍ ആരോഗ്യ വിഭാഗത്തിന്റെ സ്‌കീനിംഗില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിനാണ് ഈ ഫ്‌ലോ ചാര്‍ട്ടുകള്‍ പ്രസിദ്ധപ്പെടുത്തുന്നതെന്ന് ആരോഗ്യ വകുപ്പ് പറഞ്ഞു. അവര്‍ക്ക് ബന്ധപ്പെടുവാന്‍ 9188297118, 9188294118 എന്നീ നമ്പറുകളും നല്‍കുന്നു. ഇതില്‍ വലിയ വിഭാഗം ആളുകളെ ആരോഗ്യ വിഭാഗം പ്രവര്‍ത്തകര്‍ ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിച്ചു കാണും. ചില ആളുകളെങ്കിലും നിര്‍ഭാഗ്യവശാല്‍ ആരോഗ്യ വിഭാഗത്തിന്റെ ശ്രദ്ധയില്‍പ്പെടാതെ വന്നിട്ടുണ്ടാകുമെന്നും അത് മറികടക്കാനാണ് സഞ്ചാര പാത പുറത്തുവിടുന്നതെന്നും ആരോഗ്യവകുപ്പ് പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു.
സംസ്ഥാനത്ത് ഇതിനകം 14 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരികരിച്ചിട്ടുള്ളത്. ഇന്നലെ എട്ട് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പത്തനംതിട്ടയില്‍ ഏഴ് പേര്‍ക്കും, കോട്ടയത്ത് നാല് പേര്‍ക്കും, എറണാകുളത്ത് മൂന്ന് പേര്‍ക്കുമാണ് രോഗ്ം സ്ഥിരീകരിച്ചിട്ടുള്ളത്. സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ള 259 പേര്‍ ആശുപത്രിയിലാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചത്.
980 സാമ്പിളുകളാണ് ഇന്നലെ വരെ പരിശോധനയ്ക്ക് അയച്ചത്. ഇതില് 815 പേരുടെ ഫലമാണ് കിട്ടിയത്. വൈറസ് ബാധയുടെ പാശ്ചാത്തലത്തല്‍ മലയാള സിനിമയുടെ പ്രദര്‍ശനം ഇന്ന് മുതല്‍ നിര്‍ത്തിവെയ്ക്കും. സിനിമകളുടെ ചിത്രീകരണവും നിര്‍ത്തിവെയ്ക്കാന്‍ തീരുമാനമായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് വിവിധ സംഘടനകള്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഒന്നു മുതല്‍ ഏഴ് വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് പരീക്ഷവേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഉല്‍സവങ്ങളില്‍നിന്നും പൊതുപരിപാടികളില്‍നിന്നും ജനങ്ങള്‍ വിട്ടുനില്‍ക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അതിനിടെ കൊറോണ ബാധയില്ലെന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത മലയാളികള്‍ക്ക് ഇറ്റലിയില്‍നിന്ന് നാട്ടിലെത്താന്‍ കഴിയുന്നില്ലെന്ന പരതി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു. 40 ഓളം മലയാളികള്‍ക്കാണ് നാട്ടിലേക്ക് തിരിക്കാന്‍ കഴിയാതെ വന്നത്. ദുബായ് വഴി കൊച്ചിയിലെത്താനായിരുന്നു ഇവര്‍ ശ്രമിച്ചത്. എന്നാല്‍ കൊറോണ ബാധയില്ലെന്ന സര്‍ട്ടിഫിക്കറ്റ്് വേണമെന്ന നിലപാടിലാണ് വിമാനകമ്പനി അധികൃതര്‍. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടിയെന്നാണ് കമ്പനി അധികൃതര്‍ വിശദീകരിക്കുന്നത്. രോഗം പടരുന്ന രാജ്യങ്ങളില്‍നിന്ന് ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുക പ്രയാസമാണെന്നും രാജ്യത്തെത്തിയാല്‍ പരിശോധന നടത്താന്‍ കഴിയുമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























