റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപിക എം.എൻ വിജി മോൾ (57)-ന്റെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും.
എറണാകുളം മടക്കത്താനം കാപ്പ്, പടിഞ്ഞാറേക്കര വീട്ടിൽ വിജിമോളുടെ നേത്രപടലങ്ങളാണ് ദാനം ചെയ്തത്. ദാനം ചെയ്ത നേത്രപടലങ്ങൾ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിലെ ഐ ബാങ്ക് അസോസിയേഷൻ കേരളയ്ക്കാണ് കൈമാറിയിരിക്കുന്നത്. കെ-സോട്ടോയുടെ നേതൃത്വത്തിലായിരുന്നു നേത്രദാന പ്രക്രിയകളുടെ ഏകോപനം.
ഒക്ടോബർ നാലിന് വൈകുന്നേരം 6.30-ഓടെ പിറവത്തെ ബന്ധുവീട്ടിൽ നിന്നും മകൻ അനുരൂപിനൊപ്പം ബൈക്കിൽ മടങ്ങി വരുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. മടക്കത്താനം കൊച്ചങ്ങാടിയിൽ വച്ച് ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് ഓവർടേക്ക് ചെയ്തു വന്ന ബസ് ഇടിക്കുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ തൊടുപുഴ സ്മിത മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന വിജിമോൾക്ക് ഒക്ടോബർ ആറിന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. തുടർന്ന് ദുഃഖത്തിനിടയിലും വിജിമോളുടെ എല്ലാ അവയവങ്ങളും ദാനം ചെയ്യാനായി കുടുംബം സമ്മതം നൽകുകയായിരുന്നു.
എന്നാൽ ചില വൈദ്യശാസ്ത്രപരമായ കാരണങ്ങളാൽ മറ്റ് അവയവങ്ങൾ ദാനം ചെയ്യാനായി സാധിക്കാതെ വന്നതോടെ, കുടുംബം നേത്രദാനത്തിന് മുന്നോട്ടുവരികയായിരുന്നു. തുടർന്ന് നേത്രപടലങ്ങൾ ലിറ്റിൽ ഫ്ളവർ ആശുപത്രിയിലെ ഐ ബാങ്ക് അസോസിയേഷൻ കേരളയ്ക്ക് കൈമാറുകയും ചെയ്തു.
"
https://www.facebook.com/Malayalivartha

























