കൊറോണ വൈറസ് ബാധ സംബന്ധിച്ച് അപകീര്‍ത്തികരമായ വാര്‍ത്ത പ്രചരിപ്പിച്ച ഡോ ഷിനു ശ്യാമളനെതിരെ ആരോഗ്യവകുപ്പ് നിയമനടപടിക്ക്...

കൊറോണ വൈറസ് ബാധ സംബന്ധിച്ച് അപകീര്‍ത്തികരമായ വാര്‍ത്ത പ്രചരിപ്പിച്ച ഡോ ഷിനു ശ്യാമളനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തൃശ്ശൂര്‍ ഡിഎംഒ ഓഫീസ് അറിയിച്ചു. ആരോഗ്യപ്രവര്‍ത്തകരെ മോശമായി ചിത്രീകരിക്കുന്നത് പബ്ലിസിറ്റിക്കുവേണ്ടിയാണെന്നും ഡിഎംഒ ഓഫീസ് വൃത്തങ്ങള്‍ വിമര്‍ശിച്ചു. കൊവിഡ് ലക്ഷണമുള്ള രോഗി ചികിത്സക്ക് എത്തിയത് ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടും അവര്‍ വേണ്ട നടപടി കൈക്കൊണ്ടില്ല എന്നായിരുന്നു ഷിനു ശ്യാമളന്‍റെ ആരോപണം. എന്നാല്‍, ഷിനു പറഞ്ഞ രോഗി നേരത്തെ തന്നെ നിരീക്ഷണത്തിലുള്ള ആളായിരുന്നെന്നാണ് ഡിഎംഒ ഓഫീസ് പറയുന്നത്.
രോഗലക്ഷണങ്ങള്‍ മറച്ചുവെച്ചതായി സംശയിക്കുന്ന ഒരാള്‍ തന്റെ ക്ലിനിക്കില്‍ എത്തിയ അനുഭവം ഫേസ്ബുക്ക് പോസ്റ്റിലൂടെ ഷിനു ശ്യാമളൻ പങ്കുവയ്ക്കുകയായിരുന്നു. 'ഖത്തറില്‍ നിന്ന് നാട്ടില്‍ വന്ന ആളാണ് ക്ലിനിക്കില്‍ എത്തിയത്. കടുത്ത പനിയോടെയാണ് ചികിത്സ തേടിയെത്തിയത്. ഖത്തറില്‍ നിന്ന് എന്നാണ് നാട്ടില്‍ എത്തിയത് എന്ന ചോദ്യത്തിന് നല്‍കിയ മറുപടിയില്‍ സംശയം തോന്നി. നിങ്ങള്‍ ആരോഗ്യവകുപ്പില്‍ ഖത്തറില്‍ നിന്ന് വന്ന വിവരം അറിയിച്ചോ?എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു മറുപടി. അഡ്രസ് ചോദിച്ചപ്പോള്‍ ആകെ സ്ഥലവും വീട്ടു പേരും പറഞ്ഞു.
കൂടുതല്‍ ഒന്നും അയാള്‍ പറഞ്ഞില്ല. ഞാന്‍ പറഞ്ഞെങ്കിലും അയാള്‍ക്ക് ആരോഗ്യ വകുപ്പില്‍ അറിയിക്കുവാന്‍ ഇപ്പോഴും താല്‍പര്യമില്ല നാളെ ഫ്‌ലൈറ്റ് ഉണ്ടെന്നും പറഞ്ഞു. ഫോണ്‍ നമ്പർ തന്നില്ല. അയാള്‍ ഒ.പി ചീട്ടും എടുത്തു എന്തോ പന്തികേട് തോന്നിയ പോലെ ഇറങ്ങി പോയി. ഇത്ര മാത്രമേ ഉറപ്പ് വരുത്തേണ്ടത് ഉള്ളു. അയാള്‍ നാട്ടില്‍ വന്നത് ജനുവരി 30 ആണോ?'-ഒരുപാട് പേരുടെ ജീവന് അപകടമുണ്ടോ എന്ന് സംശയം തോന്നിയത് കൊണ്ടാണ് ഈ കുറിപ്പെന്ന് ഷിനു ശ്യാമളന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഞാനിത് എഴുതുന്നത് അയാള്‍ പറഞ്ഞ തീയതി 'ജനുവരി 30' സത്യമാണോ എന്ന് സംശയം ഉള്ളത് കൊണ്ടാണ്.
30 ശെരിയാണെങ്കില്‍ 28 ദിവസം കഴിഞ്ഞു. പേടിക്കേണ്ടത് ഉണ്ടാകില്ല. അത് കള്ളമാണെങ്കില്‍ ഒരുപാട് പേരുടെ ലൈഫ് അറ്റ് റിസ്‌ക്കാണ്. അയാള്‍ പോയ സര്‍ക്കാര്‍ ആശുപത്രിയില്‍ അയാള്‍ ഇതൊന്നും പറഞ്ഞിട്ടില്ല. അവടെ ഉണ്ടായിരുന്നവര്‍ മുതല്‍ അയാള്‍ സഞ്ചരിച്ച വഴികളില്‍ ഒക്കെ എത്ര പേര്‍. ഞാന്‍ അതില്‍ ഒരാള്‍ മാത്രം. എന്നായിരുന്നു കുറിപ്പ്. കൂടാതെ വിവരം പൊലീസിനെയും ആരോഗ്യവകുപ്പിനെയും അറിയിച്ചു. എന്നാല്‍, അന്ന് തന്നെ തുടര്‍നടപടികളുണ്ടായില്ല. ഈ വ്യക്തി അടുത്ത ദിവസം രാവിലെ ഖത്തറിലേക്ക് മടങ്ങിപ്പോയെന്നും ഷിനു ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു.
ഇതേത്തുടര്‍ന്ന് ഷിനു ശ്യാമളനെ ആശുപത്രി അധികൃതര്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. കൊവിഡ് രോഗലക്ഷണമുള്ള വ്യക്തിയെ കണ്ടപ്പോള്‍ ആരോഗ്യവകുപ്പിനെയും പൊലീസിനെയും അറിയിക്കുകയും അത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തതിനാണ് തന്നെ പിരിച്ചുവിട്ടതെന്ന ആരോപണവുമായി പിന്നാലെ ഷിനു തന്നെ രംഗത്തെത്തുകയും ചെയ്തു. ഇത് വലിയ ചര്‍ച്ചയാവുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഷിനുവിനെതിരെ തൃശ്ശൂര്‍ ഡിഎംഒ ഓഫീസിന്‍റെ പ്രതികരണം വന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha

























