പൂച്ചാക്കലില്‍ മദ്യ ലഹരിയില്‍ വിദ്യാർത്ഥിനികളെ ഇടിച്ചു തെറിപ്പിച്ച അസം സ്വദേശി അറസ്റ്റില്‍... ലൈസന്‍സില്ലാതെ കാറോടിച്ചത് മദ്യ ലഹരിയില്‍, കൂട്ടു പ്രതി കോട്ടയം സ്വദേശി

പൂച്ചാക്കലില്‍ അമിത വേഗത്തിലെത്തിയ കാര്‍ വിദ്യാര്‍ഥിനികളെ ഇടിച്ചു തെറിപ്പിച്ച സംഭവത്തില്‍ അസം സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. അസമിലെ ബിന്‍സുക്കിയ വിമൂര്‍ഗുഡ് മുഡോയ്ഗാവ് സ്വദേശി ആനന്ദ മുഡോയ് (29) ആണ് അറസ്റ്റിലായത്. താനാണു കാര്‍ ഓടിച്ചതെന്നും മദ്യപിച്ചിരുന്നെന്നും ഇയാള്‍ പൊലീസിനോടു സമ്മതിച്ചു. ഇയാള്‍ക്കു ഡ്രൈവിങ് ലൈസന്‍സില്ല. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നു കസ്റ്റഡിയിലെടുത്ത ആനന്ദയെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി. സാരമായ പരുക്കില്ലാത്തതിനാല്‍ ഇന്നലെ തന്നെ ഇയാളെ ആശുപത്രിയില്‍ നിന്നു വിട്ടയച്ചിരുന്നു. കൊലപാതക ശ്രമം, മദ്യപിച്ചു വാഹനം ഓടിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണു കേസ്. കാറില്‍ ആനന്ദയ്ക്കൊപ്പം ഉണ്ടായിരുന്ന പാണാവള്ളി ഇടവഴീക്കല്‍ മനോജ് തലയ്ക്കു പരുക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചകിത്സയിലാണ്. മനോജിനെതിരെ കൊലപാതക ശ്രമത്തിനും മദ്യപിച്ചു വാഹനത്തില്‍ സഞ്ചരിച്ചു കൊലപാതകത്തിനു പ്രേരിപ്പിച്ചതിനും കേസെടുത്തു.
പൂച്ചാക്കല്‍ സ്റ്റേഷനിലെത്തിച്ചാണ് ആനന്ദയെ ചോദ്യം ചെയ്തത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ അസ്‍ലം എന്നാണ് ഇയാള്‍ പേരു പറഞ്ഞത്. രേഖകള്‍ പൊലീസ് പരിശോധിച്ചപ്പോഴാണു പേരും വിലാസവും വ്യക്തമായത്. അരൂര്‍ പള്ളിക്കു സമീപം താമസിക്കുന്ന ആനന്ദ മൂന്ന് മാസമായി പൂച്ചാക്കലിലെ സ്വകാര്യ കമ്ബനിയില്‍ ജോലി ചെയ്യുകയായിരുന്നു. അപകടമുണ്ടായ ചൊവ്വാഴ്ച രാവിലെ അരൂരില്‍ നിന്നു സുഹൃത്തിനൊപ്പം പൂച്ചാക്കലിലെത്തി. മനോജ് ജോലി നല്‍കാമെന്നു പറഞ്ഞതിനുസരിച്ചാണു മദ്യപിക്കാന്‍ ഒപ്പം കൂടിയതെന്നും പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ആനന്ദ പറഞ്ഞു. കാര്‍ ഇടിച്ചു തെറിപ്പിച്ച അനഘ, അര്‍ച്ചന, സാഗി, ചന്ദന എന്നീ വിദ്യാര്‍ഥിനികള്‍ സാരമായ പരുക്കുകളോടെ കൊച്ചിയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. കാര്‍ ആദ്യം ഇടിച്ച അനീഷിന്റെ കൈയൊടിഞ്ഞു. മകന്‍ വേദവിന്റെ തലയ്ക്കു പരുക്കേറ്റു. വിദ്യാര്‍ഥിനികളെ ഇടിച്ച ശേഷം മരത്തിലിടിച്ചാണു കാര്‍ നിന്നത്.
https://www.facebook.com/Malayalivartha


























