വിവാഹത്തിലും പങ്കെടുത്തില്ല, മകളുടെ മൃതദേഹം പോലും കാണാനായില്ല; ജീവിത സ്വപ്നങ്ങൾക്കു നിറം പിടിപ്പിക്കാൻ പ്രവാസത്തിന്റെ മേലങ്കിയണിഞ്ഞവർ തങ്ങൾക്ക് പ്രിയപെട്ടവരെ ഒന്ന് കാണാൻ കൊറോണ വൈറസിന്റെ ദയ കാത്തു കഴിയേണ്ട അവസ്ഥയിൽ; വേദനയോടെ ഒരു പിതാവ്

കോവിഡ് 19 , ലോകം മുഴുവൻ ഭീതി വിതച്ച് പടർന്നു പന്തലിക്കുകയാണ്. രോഗത്തെ വേരോടെ പറിച്ചെറിയാനുള്ള കഠിനപ്രയത്നത്തിലാണ് ആരോഗ്യവകുപ്പ് . നിയന്ത്രണങ്ങളും നിയമങ്ങളും കൂടുതൽ ശക്തമാക്കി ഈ മഹാമാരിയെ തടയാനുള്ള ശ്രമത്തിലാണ് അധികൃതർ. പൊതു അവധി പ്രഖ്യാപിച്ചും യാത്ര വിലക്കേർപ്പെടുത്തിയും ഒക്കെ എങ്ങനെയെങ്കിലും ഈ ദുരന്തത്തിന്റെ വ്യാപ്തി തടയാൻ കിണഞ്ഞു പരിശ്രമിക്കുകയാണ് നമ്മുടെ ഭരണാധികാരികൾ.
രോഗം പകരും എന്ന ഒരു കാരണം കൊണ്ടുമാത്രം പ്രിയപെട്ടവരെയെല്ലാം കയ്യെത്താദൂരത്ത് നിർത്തിക്കൊണ്ട് ജീവിത സ്വപ്നങ്ങൾക്കു നിറം പിടിപ്പിക്കാൻ പ്രവാസത്തിന്റെ മേലങ്കിയണിഞ്ഞവർ ഇപ്പോൾ തങ്ങൾക്ക് പ്രിയപെട്ടവരെ ഒന്ന് കാണാൻ കൊറോണ വൈറസിന്റെ ദയ കാത്തു കഴിയേണ്ട അവസ്ഥയിലാണ്.
അത്തരത്തിൽ കൊറോണ കാലത്തെ മറ്റൊരു നൊമ്പരമായി മാറുകയാണ് പുഞ്ചവയൽ കുളമാക്കൽ മണ്ണാർത്തോട്ടം ഇസ്മായിൽ. കഴിഞ്ഞ വർഷം മാർച്ച് 17നു മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്ന പിതാവിന് അതേ മകളുടെയും മരുമകന്റെയും മൃതദേഹം പോലും കാണാൻ കഴിയില്ല. അപകടത്തിൽ മരിച്ച ഗർഭിണിയായ മകളെയും മരുമകനെയും അവസാനമായി ഒരുനോക്കു കാണാൻ കഴിയാത്ത ദുരവസ്ഥയിലായിരിക്കുകയാണ് ഈ പ്രവാസി.
എംസി റോഡിൽ പെരുമ്പാവൂർ പുല്ലുവഴിയിൽ തടിലോറിയിൽ കാർ ഇടിച്ചാണ് ഇസ്മായിലിന്റെ മകൾ സുമയ്യയും (20) ഭർത്താവ് ഹനീഫയും ഹനീഫയുടെ അനുജൻ ഷാജഹാനും മരിച്ചത്. സൗദിയിൽ ജോലി ചെയ്യുന്ന ഇസ്മായിലിനു കഴിഞ്ഞ വർഷം മകളുടെ വിവാഹത്തിന് എത്താൻ കഴിഞ്ഞില്ല. അപകടവിവരം ഇസ്മായിലിനെ അറിയിച്ചെങ്കിലും കോവിഡ്–19 രോഗഭീതി കാരണം നാട്ടിലേക്കു വരാനുള്ള ശ്രമം നടന്നില്ല.
നാളെ വിവാഹവാർഷികം ആഘോഷിക്കുന്ന ദമ്പതികൾ പുഞ്ചവയലിലെ വീട്ടിലേക്കു വരുമ്പോഴാണ് അപകടം ഉണ്ടായത്. പുലർച്ചെ പെരുമ്പാവൂരിൽ നിന്നു പൊലീസ് ഫോണിൽ വിളിച്ചപ്പോഴാണു വീട്ടുകാർ അപകടവിവരം അറിഞ്ഞത്. ഗർഭിണിയായ മകളും മരുമകനും സഹോദരനും വരുന്നതറിഞ്ഞ് സുമയ്യയുടെ മാതാവ് സക്കീനയും കുടുംബാംഗങ്ങളും വിരുന്നൊരുക്കി കാത്തിരിക്കുകയായിരുന്നു. അപ്പോഴായിരുന്നു ക്ഷണിക്കാത്ത അതിഥിയുടെ രൂപതയിൽ മരണം കടന്നെത്തിയത്.
ഇസ്മായിലിനെപോലെ നിരവധിപേരാണ് ഇത്തരത്തിൽ ദുരന്തത്തിന്റെ നേർചിത്രങ്ങളായി പ്രവാസലോകത്ത് കഴിയുന്നത്. ആശുപത്രിയിലായ അച്ഛനെ കാണാന്‍ ഗള്‍ഫില്‍നിന്നെത്തി, സ്വമേധയാ കൊറോണ മുന്‍കരുതലിനു വിധേയനായ ലിനോയുടെ കുറിപ്പ് കഴിഞ്ഞ ദിവസം കേരളം ഹൃദയത്തോടു ചേര്‍ത്തിരുന്നു. ലിനോ ഐസൊലേഷനില്‍ കഴിയുമ്ബോള്‍ തൊട്ടപ്പുറത്ത് പിതാവ് മകനെക്കാണാതെ ജീവിതത്തില്‍നിന്നു മടക്കത്തിലായിരുന്നു. ലിനോയ്ക്ക് സ്വന്തം പിതാവിന്റെ ഭൗതിക ശരീരം കൊണ്ടുപോവുന്നത് ദൂരെ ജനലിലൂടെ കണ്ടുനില്‍ക്കാന്‍ മാത്രമേ ആയുള്ളൂ. ലിനോയുടെ ഈ കരുതല്‍ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ വാര്‍ത്താ സമ്മേളനത്തില്‍ എടുത്തു പറഞ്ഞിരുന്നു. കുടുംബക്കാര്‍ക്കും നാട്ടിലുള്ളവര്‍ക്കും താനായിട്ടു രോഗം പടര്‍ത്തില്ല എന്നുറപ്പിച്ചതുകൊണ്ടു മാത്രമാണു ലിനോക്ക് പിതാവിനെ കാണാന്‍ കഴിയാതിരുന്നത്. ലിനോയുടെ സാമൂഹിക പ്രതിബദ്ധത അംഗീകരിക്കപ്പെടേണ്ട ഒന്നുതന്നെയാണ്. കൂടപ്പിറപ്പു മരിച്ചിട്ടും ആ മുഖം ഒരു നോക്ക് കാണാൻ സാധിക്കാതെ കുവൈറ്റിൽ കഴിയുന്ന കൊല്ലത്തെ അഭിലാഷും ഇറ്റലിയിൽ നിന്നും എങ്ങനെയെങ്കിലും പ്രിയപെട്ടവരുടെ അടുത്തേക്ക് എത്തിയാൽ മതി എന്ന അപേക്ഷയുമായി കഴിയുന്ന മലയാളികളും അവരിൽ ചിലർ മാത്രം. അങ്ങനെ നമ്മൾ അറിഞ്ഞും അറിയാതെയും പോകുന്ന നിരവധിപേർ.
https://www.facebook.com/Malayalivartha

























