കോറോണ കാലത്തെ കെ സി പ്രണയം കുട്ടനാട്ടിലേക്ക്;കൊറോണ ഭീതിയിൽ സംസ്ഥാനം കുഴങ്ങവേ കുട്ടനാട് ഉപ തെരഞ്ഞടുപ്പിൽ ഡോ. കെ. സി. ജോസഫിനെ സ്ഥാനാർത്ഥിയാക്കാൻ ഇടതു മുന്നണി ആലോചിക്കുന്നു; കുട്ടനാട്ടിൽ സ്ഥാനാർത്ഥിയാക്കാമെന്ന പി ജെ ജോസഫിന്റെ വാഗ്ദാനം കെസി ജോസഫ് നിരസിച്ചതിന് കാരണം ഇടതുമുന്നണിയുടെ ഓഫർ എന്ന് ആരോപണം

കൊറോണ ഭീതിയിൽ സംസ്ഥാനം കുഴങ്ങവേ കുട്ടനാട് ഉപ തെരഞ്ഞടുപ്പിൽ ഡോ. കെ. സി. ജോസഫിനെ സ്ഥാനാർത്ഥിയാക്കാൻ ഇടതു മുന്നണി ആലോചിക്കുന്നു. കുട്ടനാട്ടിനെ മുമ്പ് കേരള നിയമസഭയിൽ പ്രതിനിധീകരിച്ചിട്ടുള്ള കെ.സി. ജോസഫിനെ സമവായ സ്ഥാനാർത്ഥിയാക്കാനാണ് ഇടതു മുന്നണിയും സി പി എമ്മും ആലോചിക്കുന്നത്.
കുട്ടനാട്ടിൽ സ്ഥാനാർത്ഥിയാക്കാമെന്ന പി ജെ ജോസഫിന്റെ വാഗ്ദാനം കെസി ജോസഫ് നിരസിച്ചതിന് കാരണം ഇടതുമുന്നണിയുടെ ഓഫർ കാരണമാണെന്നും വാർത്തകളുണ്ട്.
അതേസമയം കേരള കോൺഗ്രസ് എമ്മിനെ ഒഴിവാക്കി കുട്ടനാട്ടിൽ എം. ലിജുവിനെ സ്ഥാനാർത്ഥിയാക്കാനാണ് കോൺഗ്രസ് ആലോചിക്കുന്നത്. എന്നാൽ ക്രൈസ്തവ ഭൂരിപക്ഷ മേഖലയിൽ ലിജുവിനെ സ്ഥാനാർത്ഥിയാക്കിയാൽ ജയ സാധ്യതയില്ലെന്ന് പറയുന്ന ഒരു കൂട്ടം കോൺഗ്രസ് നേതാക്കളുണ്ട്. ചെങ്ങന്നുരിൽ വിജയകുമാറിനെ സ്ഥാനാർത്ഥിയാക്കിയത് പോലിരിക്കും ഇത്തരമൊരു പരീക്ഷണമെന്നും കോൺഗ്രസ് നേതാക്കൾ പറയുന്നു.
കുട്ടനാട് സീറ്റിന്റെ പേരിൽ എൻ സി പി കേരളഘടകം പിളർപ്പിന്റെ വക്കിലെത്തി നിൽക്കുകയാണ്. തോമസ് ചാണ്ടിയുടെ സഹോദരനെ മത്സരിപ്പിക്കണമെന്ന് എൻ സി പിയിലെ ഒരു വിഭാഗം തീരുമാനിച്ചു. പാർട്ടി നേതൃത്വത്തിന്റെ തീരുമാനത്തിൽ എതിർത്തു നിൽക്കുന്ന വിഭാഗമാണ് പാർട്ടിയെ പിളർത്താൻ ആലോചിക്കുന്നത്. ജനാധിപത്യ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി എന്ന പേരിൽ ഒരു രാഷ്ട്രീയ പ്രസ്ഥാനം ഉണ്ടാക്കാനാണ് ഇവർ ആലോചിക്കുന്നത്. കുട്ടനാട്ടിൽ മത്സരിക്കാൻ ചാണ്ടിയുടെ സഹോദരൻ തോമസ് കെ. തോമസിന്റെ പേരിനൊപ്പം സംസ്ഥാന ജനറൽ സെക്രട്ടറി സലിം പി മാത്യുവിന്റെ പേര് കൂടി ദേശീയ നേത്യത്വത്തിന് കൈമാറിയിട്ടുണ്ടെന്ന് സംസ്ഥാന പ്രസിഡന്റ് റ്റി. പി. പീതാംബരൻ അറിയിച്ചിരുന്നു. എന്നാൽ സലിം പി മാത്യുവിന്റെ പേര് കേന്ദ്രനേതൃത്വത്തിന് കൈമാറിയിരുന്നില്ല. ഇത് ചാണ്ടി കുടുംബത്തിന്റെ സമ്മർദ്ദഫലമായാണെന്ന് വിമതർ ആരോപിക്കുന്നു.
കുട്ടനാട് സീറ്റ് പെയ്ഡ് സീറ്റ് ആക്കാനാണ് നീക്കമെന്ന് എൻ സി പി നേതൃത്വം അറിയിച്ചു. പീതാംബരന് ഡൽഹിയാത്രക്കുള്ള ടിക്കറ്റ് എടുത്തുകൊടുത്തത് തോമസ് ചാണ്ടിയുടെ കമ്പനിയാണെന്ന് ആരോപണം ഉയർന്നിരുന്നു. എൻ സി പിയിലെ പടല പിണക്കം തെരഞ്ഞടുപ്പിനെ ബാധിക്കും എന്ന കണക്കുകൂട്ടലിലാണ് സി പി എം
എല്ലാ ഉപ തെരഞ്ഞടുപ്പുകളും നേടിയ സി പി എം കുട്ടനാട് സീറ്റ് കളഞ്ഞുകുളിക്കുമെന്ന് ആരും കരുതുന്നില്ല. അതിശക്തനായ സ്ഥാനാർത്ഥിയെ ഇറക്കി ശക്തമായ മത്സരം കാഴ്ചവയ്ക്കാനായിരിക്കും സി പി എം ശ്രമിക്കുക. അതിനവർ കാത്തുവച്ചിരിക്കുന്ന ബ്രഹ്മാസ്ത്രമാണ് കെ.സി. ജോസഫ്.
അഥവാ എൻ സി പി സ്ഥാനാർത്ഥിക്ക് ഇത്തവണ സീറ്റ് നൽകേണ്ടി വന്നാലും 2021 ലെ പൊതു തെരഞ്ഞടുപ്പിൽ കെ സി ജോസഫിന് കുട്ടനാട് നൽകാമെന്ന ഉറപ്പ് സി പി എം നൽകിയിട്ടുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ട്. ഒരു പാർട്ടി ഒന്നടങ്കം വിട്ടു പോകുന്നത് ഒഴിവാക്കാനാണ് ഇത്തരമൊരു ഓഫർ സി പി എം നൽകിയതെന്നാണ് വിവരം. ഇക്കാര്യം കോടിയേരി പക്ഷം രഹസ്യമായി സ്ഥിതീകരിക്കുന്നു
ഫ്രാൻസിന് ജോർജിന് ഒപ്പം പോകാത്ത ആന്റണി രാജുവിന് തിരുവനന്തപുരം സീറ്റ് നൽകിയേക്കും. യു ഡി എഫ് തമ്മിലടിക്കുമ്പോൾ ഡോ. കെ. സി. ആണെങ്കിൽ സീറ്റ് നിലനിർത്താം എന്നാണ് എൽ ഡി എഫ് പ്രതീക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha

























