രോഗ ലക്ഷണങ്ങളൊന്നും ഇല്ലെങ്കിലും സ്വയം ഐസോലേഷനില്‍; കൊവിഡ് 19 മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഐസൊലേഷനില്‍ തുടരാന്‍ തീരുമാനിച്ച് കേന്ദ്ര മന്ത്രി വി മുരളീധരന്‍; മന്ത്രി സ്വയം ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ തീരുമാനിച്ചത് കൊറോണ രോഗം സ്ഥിരീകരിച്ച ഡോക്ടര്‍ ജോലി ചെയ്ത തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയ സാഹചര്യത്തിൽ

കൊവിഡ് 19 മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഐസൊലേഷനില്‍ തുടരാന്‍ തീരുമാനിച്ച് കേന്ദ്ര മന്ത്രി വി മുരളീധരന്‍. ദില്ലിയിലെ ഔദ്യോഗിക വസതിയിലാണ് ഐസൊലേഷനില്‍ തുടരുക. രോഗ ലക്ഷണങ്ങളൊന്നും ഇല്ലെങ്കിലും സ്വയം ഐസോലേഷനില്‍ ഇരിക്കാന്‍ വി മുരളീധരന്‍ തീരുമാനിക്കുകയായിരുന്നു. കൊറോണ രോഗം സ്ഥിരീകരിച്ച ഡോക്ടര്‍ ജോലി ചെയ്ത തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയ സാഹചര്യത്തിലാണ് മന്ത്രി സ്വയം ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ തീരുമാനിച്ചത്.
വിദേശത്ത് നിന്നെത്തിയ ശ്രീചിത്രയിലെ ഒരു ഡോക്ടര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. സ്‌പെയ്‌നില്‍ പഠനം കഴിഞ്ഞെത്തിയ ഇയാള്‍ വിദേശത്ത് നിന്നെത്തിയ ശേഷം മൂന്ന് ദിവസം ആശുപത്രിയില്‍ ജോലി ചെയ്യുകയുമുണ്ടായി. ഇതിനിടെ ശനിയാഴ്ച ശ്രീചിത്രയില്‍ നടന്ന അവലോകന യോഗത്തില്‍ വി.മുരളീധരന്‍ പങ്കെടുക്കുകയും ചെയ്തു. രോഗം ബാധിച്ച ഡോക്ടറുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട മറ്റു ഡോക്ടര്‍മാര്‍ മുരളീധരന്റെ യോഗത്തില്‍ പങ്കെടുത്തതായി സംശയമുണ്ടായിരുന്നു. ഈ സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് മന്ത്രി സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചത്. ശ്രീചിത്രയിലെ മുപ്പതോളം ഡോക്ടര്‍മാരേയും ജീവനക്കാരേയും കഴിഞ്ഞ ദിവസം നിരീക്ഷണത്തിലാക്കിയിരുന്നു. രോഗം സ്ഥിരീകരിച്ച ഡോക്ടര്‍ ജോലി ചെയ്തിരുന്ന റേഡിയോളജി ലാബ് അടച്ചുപൂട്ടുകയുമുണ്ടായി.
ശ്രീചിത്രയില്‍ യോഗത്തിനെത്തിയ മന്ത്രി വൈറസ് ബാധിതനായ ഡോക്ടറെ കണ്ടിരുന്നില്ല. എന്നാലും ഈ സാഹചര്യത്തില്‍ മുന്‍കരുതലെന്ന നിലയില്‍ പൊതുഇടങ്ങളില്‍ നിന്ന് മാറി നില്‍ക്കുകയാണ് നല്ലതെന്നാണ് വി മുരളീധരന്‍ പറയുന്നത്. ഡല്‍ഹി ഔദ്യോഗിക വസതിയിലാണ് അദ്ദേഹം ക്വാറന്റൈനില്‍ കഴിയുന്നത്. പാര്‍ലമെന്റ് സമ്മേളനത്തിനും വി മുരളീധരന്‍ പങ്കെടുക്കുന്നില്ല. പൊതുജന സമ്പര്‍ക്കം ഒഴിവാക്കി സ്വയം നിരീക്ഷത്തില്‍ കഴിയാനാണ് തീരുമാനം. ഇക്കഴിഞ്ഞ പതിനാലാം തീയതിയാണ് ശ്രീചിത്ര ആശുപത്രിയിലെ അവലോകന യോഗത്തില്‍ കേന്ദ്രമന്ത്രി വി മുരളീധരനും പങ്കെടുത്തത്.
സ്‌പെയ്‌നില്‍ പഠനം കഴിഞ്ഞെത്തിയ ഡോക്ടര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഗുരുതമായ പ്രതിസന്ധിയാണ് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലുള്ളത്. വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാരും ജീവനക്കാരും അടക്കം എഴുപതിലധികം പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും രോഗികളുടെ തുടര്‍ പരിശോധനകളും നിര്‍ത്തിവച്ചിരിക്കുകയാണ്. ആശുപത്രിയുടെ പ്രവര്‍ത്തനം തന്നെ പ്രതിസന്ധിയിലായ സാഹചര്യമാണ് ഇപ്പോഴുള്ളത്.
തിരുവനന്തപുരത്ത് കോവിഡ് 19 സ്ഥിരീകരിച്ച ശ്രീചിത്രയിലെ ഡോക്ടറുടെയും വര്‍ക്കലയിലെ ഇറ്റാലിയന്‍ പൗരന്റെയും സമ്പര്‍ക്കവലയത്തില്‍ പെട്ടവരെ കണ്ടെത്താനുള്ള തീവ്രശ്രമം തുടരുന്നു. ഡോക്ടര്‍ സമ്പര്‍ക്കം പുലര്‍ത്തിയ ഡോക്ടര്‍മാരെയും ആശുപത്രി ജീവനക്കാരെയും ഏതാനും രോഗികളെയുമാണ് ഇതിനകം കണ്ടത്തി നിരീക്ഷണത്തിലാക്കിയത്. വിമാനത്തില്‍ ഒരു മിച്ച് യാത്ര ചെയ്ത നൂറ്റിയമ്പതിലേറെപ്പേരെ ഇനി തിരിച്ചറിയണം. 12 ദിവസത്തോളം ഡോക്ടര്‍ സഞ്ചരിച്ച ഇടങ്ങളും കണ്ടെത്തണം. ഇത് ശ്രമകരമായതിനാല്‍ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കല്‍ വൈകുകയാണ്. അതേ സമയം ഡോക്ടര്‍മാര്‍ കൂട്ടത്തോടെ നിരീക്ഷണത്തിലായതോടെ ശ്രീചിത്ര ആശുപത്രിയുടെ പ്രവര്‍ത്തനം താളം തെറ്റി.. 43 ഡോക്ടര്‍മാര്‍ നിരീക്ഷണത്തിനായി അവധിയില്‍ പ്രവേശിക്കേണ്ടി വന്നതോടെ ശസ്ത്രക്രീയകളടക്കം മാറ്റേണ്ട അവസഥയി ലാണ് ആശുപത്രി. ആര്‍.സി.സിയിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
https://www.facebook.com/Malayalivartha


























