ഭാര്യയെയും പിഞ്ചുകുഞ്ഞിനെയും മദ്യലഹരിയില്‍ ക്രൂരമായി മര്‍ദിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍... ഓട്ടോറിക്ഷ ഡ്രൈവറായ ബിജിത് മദ്യപിച്ച് വീട്ടിലെത്തി ഭാര്യയെ മര്‍ദ്ദിച്ചു, പ്രാണരക്ഷാര്‍ത്ഥം യുവതി എട്ടുമാസം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് പുറത്തേക്കിറങ്ങിയപ്പോള്‍ ബിജിത് മുഷ്ടികൊണ്ട് കുഞ്ഞിന്റെ തലയ്ക്കിടിച്ചു, തലയോട്ടിക്ക് പൊട്ടലേറ്റ കുഞ്ഞും യുവതിയും ആശുപത്രിയില്‍

ഭാര്യയെയും പിഞ്ചുകുഞ്ഞിനെയും മദ്യലഹരിയില്‍ ക്രൂരമായി മര്‍ദിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. തേവലപ്പുറം കല്ലേലി ജങ്ഷനുസമീപം ലക്ഷ്മിവിഹാറില്‍ ബി.ബിജിത് (35) ആണ് പിടിയിലായത്. ഇയാളുടെ എട്ടുമാസം പ്രായമുള്ള മകന്‍ ഋഷികേശിന്റെ തലയോട്ടിക്ക് പൊട്ടലേറ്റു. ഭാര്യ അഞ്ജു(29)വിനും ശരീരമാസകലം മര്‍ദനമേറ്റു. ഇരുവരും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം ഉണ്ടായത്.
ഓട്ടോറിക്ഷ ഡ്രൈവറായ ബിജിത് മദ്യപിച്ച് വീട്ടിലെത്തി അഞ്ജുവിനെ മര്‍ദിക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. കുഞ്ഞിനെയും കൊണ്ട് കിടപ്പുമുറിയില്‍നിന്ന് പുറത്തേക്കിറങ്ങിയപ്പോള്‍ ബിജിത് മുഷ്ടികൊണ്ട് കുഞ്ഞിന്റെ തലയ്ക്കിടിച്ചു. ഇങ്ങനെയാണ് കുഞ്ഞിന്റെ തലയോട്ടിക്ക് പൊട്ടലുണ്ടായതെന്ന് പോലീസ് പറഞ്ഞു. അഞ്ജുവിന്റെ നിലവിളികേട്ട് അയല്‍വാസികള്‍ ഓടിയെത്തി ശാന്തമാക്കാന്‍ നോക്കിയെങ്കിലും ഇവരുടെ മുന്നിലിട്ടും ബിജിത് ഭാര്യയെ മര്‍ദിച്ചെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് അയല്‍വാസികള്‍ ബിജിത്തിനെയും ഒപ്പംകൂട്ടി കുഞ്ഞിനെയും അമ്മയെയും പുത്തൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും എത്തിച്ചു. സ്ഥിതി ഗുരുതരമായതിനാല്‍ ഇവിടെനിന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഇന്നലെ രാവിലെ മെഡിക്കല്‍ കോളേജ് പോലീസ് ബിജിത്തിനെ കസ്റ്റഡിയിലെടുത്ത് പുത്തൂര്‍ പോലീസിന് കൈമാറി. ഇയാളെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും. വ്യത്യസ്ത സമുദായത്തില്‍പ്പെട്ട ബിജിത്തും അഞ്ജുവും രണ്ടരവര്‍ഷംമുന്‍പാണ് പ്രേമിച്ച് വിവാഹിതരായത്. എന്നാല്‍ പിന്നീട് ജാതിപറഞ്ഞും സ്ത്രീധനത്തിന്റെപേരിലും അഞ്ജുവിനെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നതായി പോലീസ് പറഞ്ഞു. ബിജിത്തിന്റെ അമ്മ വത്സലയുടെ പേരില്‍ പ്രേരണക്കുറ്റത്തിന് കേസെടുത്തു.
https://www.facebook.com/Malayalivartha


























