കൊറോണ കാലത്ത് ഉപതെരഞ്ഞടുപ്പ് നടത്താതിരിക്കാൻ ചരടുവലി; സി പി എം, കോൺഗ്രസ് തുടങ്ങിയ പ്രധാന കക്ഷികൾക്ക് തെരഞ്ഞെടുപ്പ് നടത്തുന്നതിനോട് യാതൊരു താൽപര്യവുമില്ല; ഒരു തെരഞ്ഞടുപ്പ് നടത്തി പരാജയമടയാൻ പാർട്ടികൾക്ക് താത്പര്യമില്ല

കുട്ടനാട്, ചവറ ഉപ തെരഞ്ഞടുപ്പുകൾ നടത്താതിരിക്കാൻ മുഖ്യ രാഷ്ട്രീയ പാർട്ടികൾ ചരടുവലി തുടങ്ങി. സി പി എം, കോൺഗ്രസ് തുടങ്ങിയ പ്രധാന കക്ഷികൾക്ക് തെരഞ്ഞെടുപ്പ് നടത്തുന്നതിനോട് യാതൊരു താൽപര്യവുമില്ല. കൊറോണ കാലത്ത് ഒരു തെരഞ്ഞടുപ്പ് നടത്തി പരാജയമടയാൻ പാർട്ടികൾക്ക് താത്പര്യമില്ല എന്നതാണ് വാസ്തവം.
കോൺഗ്രസിനും സി പി എമ്മിനും യാതൊരു ഉറപ്പും പറയാനാവാത്ത മണ്ഡലങ്ങളാണ് ചവറയും കുട്ടനാടും. രണ്ട് സ്ഥലങ്ങളും ഇടതു മുന്നണിയുടെ സിറ്റിംഗ് സീറ്റുകളാണ്. അവിടെ തോറ്റാൽ അതിന്റെ ദോഷം ഇടതു മുന്നണിക്കാണ്. എന്നാൽ ഇടതുമുന്നണിയുടെ സീറ്റുകൾ പിടിക്കാനായാൽ അതിന്റെ നേട്ടം കോൺഗ്രസിന് കിട്ടും. അതുകൊണ്ടാണ് കുട്ടനാട് മണ്ഡലം കോൺഗ്രസ് ഏറ്റെടുക്കാൻ തീരുമാനിച്ചത്. കോൺഗ്രസ് മത്സരിക്കുകയാണെങ്കിൽ ജയിക്കുമെന്നാണ് അവരുടെ ഉറച്ച വിശ്വാസം. എന്നാൽ അക്കാര്യം സ്ഥാനാർത്ഥിയെ ആശ്രയിച്ചിരിക്കും. എം ലിജുവിനെയാണ് കോൺഗ്രസ് പരിഗണിക്കുന്നത്. കേരള കോൺഗ്രസാകട്ടെ സീറ്റിൽ പിടിമുറുക്കിയിട്ടുണ്ട്.
ചവറ സീറ്റിൽ ഷിബു ബേബി ജോൺ വീണ്ടും മത്സരിക്കും. അദ്ദേഹത്തിന് വിജയ സാധ്യതയുണ്ട്. കഴിഞ്ഞ തെരഞ്ഞടുപ്പിൽ വിജയൻ പിള്ളയുടേത് അട്ടിമറി വിജയമാണ്. അത് ഇത്തവണ ആവർത്തിക്കുമെന്ന് ഇടതുമുന്നണി പോലും കരുതുന്നില്ല. യു ഡി എഫ് ആകട്ടെ ചവറയുടെ കാര്യത്തിൽ ആത്മവിശ്വാസത്തിലാണ്.
എന്നാൽ 2021 ഏപ്രിലിലിലാണ് നിയമസഭയിലേക്ക് പൊതുതെരഞ്ഞടുപ്പ് നടക്കാനിരിക്കുന്നത്. പൊതു തെരഞ്ഞടുപ്പിന് ഒരു വർഷം മാത്രം ശേഷിക്കെ ഉപതെരഞ്ഞടുപ്പ് വേണോ എന്നാണ് ചോദ്യം. 2021 ലെ പൊതുതെരഞ്ഞടുപ്പിന് പാർട്ടികൾ ഒരുക്കം തുടങ്ങിയിട്ടുണ്ട്. ഇക്കൊല്ലം പകുതിയിൽ തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞടുപ്പ് നടക്കണം. അതിനിടയിൽ ഒരു ഉപ തെരഞ്ഞടുപ്പിന് ഒരുങ്ങിയാൽ അത് കൂടുതൽ പ്രതിസന്ധിയുണ്ടാക്കുമെന്നാണ് മുഖ്യ രാഷ്ട്രീയ കക്ഷികളുടെ വിശ്വാസം.
ഉപതെരഞ്ഞടുപ്പിന്റെ കാര്യം സർക്കാരുമായി ആലോചിച്ച് തീരുമാനിക്കുമെന്നാണ് മുഖ്യ തെരഞ്ഞടുപ്പ് കമ്മീഷണർ അറിയുന്നത്. സംസ്ഥാന സർക്കാരിന്റെ തീരുമാനം കേന്ദ്ര ഇലക്ഷൻ കമ്മീഷനെ അറിയിക്കും. ഏപ്രിൽ അവസാനം കുട്ടനാട് തെരഞ്ഞടുപ്പ് നടക്കുമെന്ന പ്രചരണം ടീക്കാറാം മീണ തള്ളി. അന്തിമ തീയതി പ്രഖ്യാപിക്കുന്നതിന് മുമ്പ് കേന്ദ്ര ഇലക്ഷൻ കമ്മീഷൻ സംസ്ഥാന കമ്മീഷനോട് റിപ്പോർട്ട് തേടാറുണ്ട്. പ്രസ്തുത റിപ്പോർട്ടിൽ സംസ്ഥാന കമ്മീഷൻ സംസ്ഥാന സർക്കാരിൽ നിന്നും റിപ്പോർട്ട് വാങ്ങും.
കൊറോണ വൈറസിന്റെ വ്യാപനം സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ സംസ്ഥാനത്തിന് ലഭിക്കണമെങ്കിൽ മാർച്ച് 31 ആകും. അടുത്ത രണ്ടാഴ്ച നിർണായക സമയമാണ്. അതിൽ കേരളത്തിന് വിജയിക്കാനായാൽ വിഷയമില്ല.എന്നാൽ അസുഖം പടർന്നാൽ ഇലക്ഷൻ നടത്തുക അസാധ്യമായി മാറും.
സർക്കാരും പ്രതിപക്ഷവും ഉറ്റുനോക്കുന്നത് തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞടുപ്പിനെയാണ്. അത് പൊതു തെരഞ്ഞടുപ്പിനുള്ള കർട്ടൻ റെയിസറാണ്. അതിനിടയിൽ ഉപ തെരഞ്ഞടുപ്പ് വരുന്നത് ഗുണം ചെയ്യില്ലെന്നാണ് പാർട്ടികളുടെ പ്രതികരണം. അതിനാൽ ഏത് വിധേനയും തെരഞ്ഞടുപ്പ് നടത്താതിരിക്കാനായിരിക്കും സർക്കാരും പ്രതിപക്ഷവും ശ്രമിക്കുക
https://www.facebook.com/Malayalivartha


























