വിട്ടയച്ച വാളയാര്‍ കേസ് പ്രതികളില്‍ 2 പേരെ വീണ്ടും അറസ്റ്റ് ചെയ്തു

ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന്, വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ പീഡനത്തിനിരയായി ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ കോടതി വിട്ടയച്ച പ്രതികളില്‍ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു പാലക്കാട് പോക്‌സോ കോടതിയില്‍ ഹാജരാക്കി. വാളയാര്‍ അട്ടപ്പള്ളം സ്വദേശികളായ എം. മധു (കുട്ടിമധു), വി.മധു (വലിയ മധു) എന്നിവരെയാണു പൊലീസ് അറസ്റ്റ് ചെയ്തു ഹാജരാക്കിയത്.
ഇന്നലെ മറ്റൊരു പ്രതിയായ ചേര്‍ത്തല സ്വദേശി പ്രദീപ് കുമാര്‍ കോടതിയിലെത്തി കീഴടങ്ങി. ആവശ്യപ്പെടുന്ന ഏതു സമയത്തും ഇവര്‍ കോടതിയില്‍ ഹാജരാകണം എന്ന വ്യവസ്ഥയില്‍ മൂന്നു പേരെയും 50000 രൂപ വീതമുള്ള രണ്ടു പേരുടെ ജാമ്യത്തില്‍ വിട്ടു.. വിട്ടയച്ച പ്രതികളില്‍ അവശേഷിക്കുന്ന ഇടുക്കി രാജാക്കാട് സ്വദേശി ഷിബുവിനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നാണു സൂചന.
പാലക്കാട് പോക്‌സോ കോടതി പ്രതികളെ വിട്ടയച്ചതിനെതിരെ സര്‍ക്കാരും കുട്ടികളുടെ അമ്മയും നല്‍കിയ അപ്പീലുകള്‍ ഹൈക്കോടതിയിലുണ്ട്. കേസില്‍ തുടരന്വേഷണവും പുനര്‍വിചാരണയുമാണു സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. വിട്ടയച്ച പ്രതികള്‍ മുങ്ങാനിടയുണ്ടെന്നും നടപടികള്‍ക്കൊടുവില്‍ അവര്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയാല്‍ ശിക്ഷിക്കാനാവാതെ വരുമെന്നും കാണിച്ചുള്ള സര്‍ക്കാരിന്റെ അപേക്ഷയെത്തുടര്‍ന്നാണ് ഹൈക്കോടതി ഇവരെ അറസ്റ്റ് ചെയ്തു വിചാരണക്കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവിട്ടത്. കേസ് ഇനി മധ്യവേനലവധിക്കു ശേഷം പരിഗണിക്കും.
https://www.facebook.com/Malayalivartha


























