കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരായി അധ്യാപകര്‍ ട്യൂഷന്‍ എടുക്കാന്‍ എത്തിയതിനെച്ചൊല്ലി തര്‍ക്കം; വിദ്യാര്‍ഥിയ്ക്ക് മര്‍ദനം

തൃശ്ശൂര്‍, അരൂരിലെ ഒരു ട്യൂഷന്‍ സെന്ററില്‍ ഉണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് അവിടത്തെ പത്താം ക്ലാസ് വിദ്യാര്‍ഥിയെ സംഘം ചേര്‍ന്നു മര്‍ദിച്ചതായി പരാതി. കുരിശിങ്കല്‍ ബനഡിക്ടിന്റെ മകന്‍ ക്ലിന്റ് എന്ന വിദ്യാര്‍ത്ഥി പഠിക്കുന്ന ട്യൂഷന്‍ സെന്ററില്‍ കഴിഞ്ഞ ദിവസമാണു തര്‍ക്കമുണ്ടായത്.
കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരായി അധ്യാപകര്‍ ട്യൂഷനെടുക്കാനെത്തി എന്നാരോപിച്ച് സമീപപ്രദേശത്തെ ഒരു സംഘം യുവാക്കള്‍ ക്ലാസ് തടസ്സപ്പെടുത്തി. ഇവര്‍ക്കെതിരെ പ്രതികരിച്ചതിനെത്തുടര്‍ന്നു ക്ലിന്റിനെ അന്നു ഭീഷണിപ്പെടുത്തിയിരുന്നു. ഈ സംഘമാണ് ആക്രമിച്ചതെന്നു പരാതിയില്‍ പറയുന്നു.
തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം പരീക്ഷ കഴിഞ്ഞു ക്ലിന്റ് ജോസഫ്(16) വീട്ടിലേക്കു മടങ്ങുമ്പോള്‍ പത്തോളം പേരടങ്ങുന്ന സംഘം തടഞ്ഞുനിര്‍ത്തി മര്‍ദിക്കയായിരുന്നു. അരൂര്‍ മേഴ്‌സി സ്‌കൂളിനു പുറകില്‍വച്ചാണ് ആക്രമണമുണ്ടായത്. ക്ലിന്റിന്റെ തലയിലും കൈയിലും പൊട്ടലും കാലിനു പരുക്കുമുണ്ട്. കല്ല്, മരക്കട്ട എന്നിവ ഉപയോഗിച്ചാണു മര്‍ദിച്ചതെന്നു ക്ലിന്റ് അരൂര്‍ പൊലീസിനു മൊഴി നല്‍കി.
എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ക്ലിന്റിനെ ഇന്നലെ ചന്തിരൂര്‍ ഗവ. ഹൈസ്‌കൂളില്‍ എത്തിച്ച് ഇംഗ്ലിഷ് പരീക്ഷ എഴുതിച്ചു. തലകറക്കവും ശ്വാസം മുട്ടലും തുടരുന്നതിനാല്‍ പരീക്ഷ കഴിഞ്ഞാലുടന്‍ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുമെന്നു ബന്ധുക്കള്‍ പറഞ്ഞു. കണ്ടാലറിയാവുന്ന പത്തോളം പേര്‍ക്കെതിരെ അരൂര്‍ പൊലീസ് കേസെടുത്തു. പ്രതികളെക്കുറിച്ചു വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവരെ കസ്റ്റഡിയിലെടുക്കാന്‍ തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha


























