കുർബാനക്ക് എത്തുന്ന വിശ്വാസികളുടെ എണ്ണം അൻപതിൽ താഴെയായിരിക്കണം; കൊവിഡ് 19 പ്രതിരോധത്തിന്‍റെ ഭാഗമായി കെസിബിസി പുതിയ സര്‍ക്കുലര്‍ പുറത്ത് ഇറക്കി

കൊവിഡ് 19 പ്രതിരോധത്തിന്‍റെ ഭാഗമായി കെസിബിസി പുതിയ സര്‍ക്കുലര്‍ പുറത്ത് ഇറക്കി. കുർബാനക്ക് എത്തുന്ന വിശ്വാസികളുടെ എണ്ണം അൻപതിൽ താഴെയായി ക്രമീകരിക്കണമെന്ന് ആ സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്നു. ദേവാലയങ്ങളിൽ കുർബാന അർപ്പണം നിർത്തേണ്ട സാഹചര്യം ഉണ്ടെന്ന് തോന്നിയാൽ രൂപത അധ്യക്ഷൻ തീരുമാനം എടുക്കണമെന്നും സര്‍ക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.
രോഗലക്ഷണങ്ങളുള്ളവര്‍ കുര്‍ബാനക്ക് എത്താതിരിക്കണമെന്നും പറയുന്നു. പ്രായമായവരും കുട്ടികളും ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരും ഓൺലൈൻ കുർബാനകളിൽ പങ്കെടുക്കുന്നത് നല്ലതാണെന്നും പറഞ്ഞിരിക്കുന്നു. ഒറ്റയ്ക്കൊറ്റയ്ക്ക് വന്ന് പ്രാർത്ഥിക്കാനുള്ള സൗകര്യത്തിനായി എല്ലാ ദേവാലയങ്ങളും പതിവു പോലെ തുറന്നിടണമെന്നും വ്യക്തമാക്കിയിരിക്കുന്നു . ഈ മാസം 27 ന് എല്ലാ രൂപതകളിലും പ്രാർത്ഥനാ ദിനം ആചരിക്കും. അന്നത്തെ സാഹചര്യം കണക്കിലെടുത്ത് വിശുദ്ധ വാരത്തിലെ ചടങ്ങുകൾ സംബന്ധിച്ച് മാർച്ച് അവസാന വാരം നിർദ്ദേശം നൽകും. വിശ്വാസികൾ സർക്കാർ നിർദ്ദേശങ്ങൾ അനുസരിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദ്ദേശമുണ്ട്.
https://www.facebook.com/Malayalivartha


























