'മോളേ... പരീക്ഷയ്ക്കിടയില്‍പ്പോലും ഞാനങ്ങു മറഞ്ഞാല്‍ നീ തളരരുത്. എല്ലാ പരീക്ഷയും എഴുതണം. നന്നായി പഠിച്ച് ജോലി വാങ്ങി ഉപ്പച്ചിയെ നോക്കണം'. ഉമ്മയുടെ ആ അവസാന ആഗ്രഹം സാധിപ്പിച്ചുകൊണ്ട് ഫാത്തിമ പരീക്ഷ എഴുതിയത് അധ്യാപകര്‍ നല്‍കിയ ആത്മവിശ്വാസത്തില്‍....

'മോളേ... പരീക്ഷയ്ക്കിടയില്‍പ്പോലും ഞാനങ്ങു മറഞ്ഞാല്‍ നീ തളരരുത്. എല്ലാ പരീക്ഷയും എഴുതണം. നന്നായി പഠിച്ച് ജോലി വാങ്ങി ഉപ്പച്ചിയെ നോക്കണം'. ഉമ്മയുടെ ആ അവസാന ആഗ്രഹം സാധിപ്പിച്ചുകൊണ്ട് ഫാത്തിമ പരീക്ഷ എഴുതിയത് അധ്യാപകര്‍ നല്‍കിയ ആത്മവിശ്വാസത്തില്‍. കരൂര്‍ ലക്ഷ്മിവിലാസം ഹൈസ്‌കൂളിലെ എസ്.എസ്.എല്‍.സി. പരീക്ഷയുടെ അഞ്ചാം ദിനത്തില്‍ രാവിലെ ഒന്‍പതരയോടെ ഹിന്ദി പരീക്ഷയെഴുതാന്‍ ക്ലാസിലെത്തിയ ഫാത്തിമ എന്ന വിദ്യാര്‍ഥിനിയുടെ കണ്ണുകള്‍ കലങ്ങിയിരുന്നു. കാര്യം ചോദിച്ച അധ്യാപികയോട് അവള്‍ പറഞ്ഞു- 'ടീച്ചറേ എന്റെ ഉമ്മയുടെ കബറടക്കം നടക്കുകയാണിപ്പോള്‍...'. ഫാത്തിമയുടെ ഉമ്മ കീഴാവൂര്‍ ഷഹ്നാ മന്‍സിലില്‍ ഷമീറിന്റെ ഭാര്യ നസീറാ ബീവി(39) ഇന്നലെ പുലര്‍ച്ചെയാണ് മരിച്ചത്.
മണ്ണോടുചേരാന്‍ ഉമ്മച്ചിയെ പള്ളിയങ്കണത്തിലേക്കെടുക്കുന്നതിനു തൊട്ടുമുമ്പേ ഫാത്തിമയ്ക്ക് പരീക്ഷയെഴുതാന്‍ സ്‌കൂളിലെത്തേണ്ടിയിരുന്നു. അത് അവളുടെ ഉമ്മയുടെ അവസാന ആഗ്രഹമായിരുന്നു. ''മോളേ... പരീക്ഷയ്ക്കിടയില്‍പ്പോലും ഞാനങ്ങു മറഞ്ഞാല്‍ നീ തളരരുത്. എല്ലാ പരീക്ഷയും എഴുതണം. നന്നായി പഠിച്ച് ജോലി വാങ്ങി ഉപ്പച്ചിയെ നോക്കണം'. ഉമ്മയുടെ ആ അവസാന ആഗ്രഹം സാധിപ്പിച്ചുകൊണ്ട് ഫാത്തിമ, പ്രിയപ്പെട്ട ഉമ്മച്ചിക്ക് ഏറ്റവും വലിയ അന്ത്യാഞ്ജലി നല്‍കി.
പ്രഥമാധ്യാപിക മായയും മറ്റ് അധ്യാപകരും ചേര്‍ന്നു നല്‍കിയ ആത്മവിശ്വാസത്തില്‍ ഫാത്തിമ പരീക്ഷയെഴുതി. രാവിലെ ഒന്‍പതരയ്ക്ക് പരീക്ഷ തുടങ്ങി. അരമണിക്കൂര്‍ കഴിഞ്ഞ് കുടമുറ്റം ജമാഅത്തില്‍ നസീറ ബീവിയെ കബറടക്കി.രണ്ടര മാസം മുന്‍പാണ് നസീറാ ബീവിക്ക് അര്‍ബുദമാണെന്നറിഞ്ഞത്. ഉടനെ ആര്‍.സി.സി.യില്‍ ചികിത്സ തുടങ്ങി.
വിദേശത്തായിരുന്ന ഷമീര്‍ ഭാര്യയുടെ അസുഖമറിഞ്ഞ് നാട്ടിലെത്തി. പക്ഷേ, അസുഖം കൂടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ബുധനാഴ്ച വെളുപ്പിന് മരിച്ചു. നസീറയുടെ മൂത്ത മകള്‍ ഷഹനയും എത്തിയിരുന്നു. അണ്ടൂര്‍ക്കോണം പഞ്ചായത്തിലെ കുടുംബശ്രീ പ്രവര്‍ത്തനങ്ങളില്‍ സജീവസാന്നിധ്യമായിരുന്നു നസീറാ ബീവി.
https://www.facebook.com/Malayalivartha


























