ഇന്ന് അവസാന രാത്രി... രാജ്യം കണ്ട കൊടും ക്രൂരതയ്ക്ക് നാളെ നീതിയാകുന്നു; നിര്‍ഭയ കേസിലെ നാലു പ്രതികള്‍ക്കായി തിഹാര്‍ ജയിലില്‍ കഴുമരമൊരുങ്ങി; മുകേഷ് സിങ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ, അക്ഷയ് കുമാര്‍ സിങ് എന്നിവര്‍ക്ക് ഇന്ന് അവസാന രാത്രി

ഇന്ത്യയെ ആകെ സ്വാധീനിച്ച സംഭവമാണ് ഡല്‍ഹിയില്‍ നടന്ന നിര്‍ഭയ സംഭവം. രാത്രിയില്‍ കൂട്ടുകാരനോടൊപ്പം സഞ്ചരിച്ചിരുന്ന നിര്‍ഭയയെ ബസില്‍ വച്ച് ജീവനക്കാര്‍ ഉള്‍പ്പെട്ട സംഘം അതിക്രൂരമായി ബലാത്സംഘം നടത്തുകയായിരുന്നു. ഡല്‍ഹിയെ എടുത്തുമറിച്ച സംഭവത്തെ തുടര്‍ന്ന് കോണ്‍ഗ്രസിന് ഡല്‍ഹി ഭരണം നഷ്ടപ്പെട്ടു. ആം ആദ്മി ഡല്‍ഹി ഭരണം പിടിച്ചെടുക്കുകയും ചെയ്തു. അവസാനം നിര്‍ഭയ കേസ് പ്രതികള്‍ക്ക് നീതി ലഭിക്കുകയാണ്.
നാലു പ്രതികള്‍ക്കായി തിഹാര്‍ ജയിലില്‍ കഴുമരമൊരുങ്ങിയിരിക്കുകയാണ്. മുകേഷ് സിങ് (32), പവന്‍ ഗുപ്ത (25), വിനയ് ശര്‍മ (26), അക്ഷയ് കുമാര്‍ സിങ് (31) എന്നിവര്‍ക്ക് ഇന്ന് അവസാന രാത്രി. നാളെ പുലര്‍ച്ചെ 5.30ന് നാലു പേരെയും തൂക്കിലേറ്റും.
പ്രതികളുടെ ഉയരവും തൂക്കവുമുള്ള ഡമ്മികളും പിന്നീടു മണല്‍ച്ചാക്കുകളും തൂക്കിലേറ്റി ആരാച്ചാര്‍ പവന്‍ കുമാര്‍ ജല്ലാദ് തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി. ബന്ധുക്കളുമായി പ്രതികളുടെ അവസാന കൂടിക്കാഴ്ചകള്‍ കഴിഞ്ഞു. അവസാന ആഗ്രഹം ചോദിക്കുന്നതടക്കമുള്ള ഔപചാരികതകള്‍ ഇന്നുച്ചയോടെ നടത്തും.
2013 സെപ്റ്റംബര്‍ 13നു വിചാരണക്കോടതി വിധിച്ച ശിക്ഷ നടപ്പാകാനിരിക്കെ പ്രതികള്‍ അസ്വസ്ഥരാണ്. ഏറ്റവുമധികം അസ്വസ്ഥത പ്രകടിപ്പിക്കുന്നത് അക്ഷയ് സിങ്ങാണ്. ശിക്ഷാദിനം അടുത്തിരിക്കെ എല്ലാവരും മുഴുവന്‍ സമയവും സി.സി. ടിവി നിരീക്ഷണത്തിലാണ്. സെല്ലുകള്‍ക്കരികില്‍ കൂടുതല്‍ കാവല്‍ക്കാരെ നിയോഗിച്ചു. ഡല്‍ഹി എയിംസില്‍നിന്നുള്ള മാനസികാരോഗ്യ വിദഗ്ധര്‍ പ്രതികള്‍ക്ക് അവസാന ദിവസങ്ങളില്‍ കൗണ്‍സിലിങ് നല്‍കിയിരുന്നു.
മുകേഷും പവനും കഴിഞ്ഞ വെള്ളിയാഴ്ചയും വിനയ് ശര്‍മ ഇന്നലെയുമാണ് അവസാനമായി കുടുംബാംഗങ്ങളെ കണ്ടത്. അക്ഷയ് കഴിഞ്ഞ മാസം ബന്ധുക്കളുമായി സംസാരിച്ചിരുന്നു.
2012 ഡിസംബര്‍ 16നു രാത്രിയാണ് ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ 23 വയസുകാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനി ക്രൂരമായ പീഡനത്തിനിരയായത്.
അര്‍ധപ്രാണനോടെ ബസില്‍നിന്നു വലിച്ചെറിയപ്പെട്ട അവള്‍ ഡല്‍ഹിയിലെയും പിന്നീടു സിംഗപ്പുരിലെയും ആശുപത്രികളില്‍ മരണത്തോടു മല്ലടിച്ചു. ഡിസംബര്‍ 29ന് ആ പോരാട്ടം അവസാനിച്ചു.
ആറു പ്രതികളില്‍ പ്രധാനിയായിരുന്ന രാംസിങ് തിഹാര്‍ ജയിലില്‍ ജീവനൊടുക്കിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പ്രതി ജുവനൈല്‍ ഹോമില്‍ മൂന്നു വര്‍ഷത്തെ വാസത്തിനു ശേഷം മോചിതനായി.
ജനുവരി 22, ഫെബ്രുവരി ഒന്ന്, മാര്‍ച്ച് മൂന്ന് ദിവസങ്ങളില്‍ ശിക്ഷ നടപ്പാക്കാനായി മരണവാറന്റ് പുറപ്പെടുവിച്ചിരുന്നെങ്കിലും പ്രതികള്‍ക്കു നിയമപരമായ മാര്‍ഗങ്ങള്‍ ശേഷിച്ചിരുന്നതിനാല്‍ മാറ്റിവച്ചു. നാലാമത്തെ മരണവാറന്റിലാണു നാളത്തെ തീയതി കുറിച്ചത്.
അതേസമയം നാളെ പുലര്‍ച്ചെ നടപ്പാക്കാനിരിക്കുന്ന വധശിക്ഷ സ്‌റ്റേ ചെയ്യണമെന്നഭ്യര്‍ഥിച്ച് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി വിചാരണക്കോടതി ഇന്നുച്ചയ്ക്കു 12നു പരിഗണിക്കും. രാഷ്ട്രപതിക്ക് അക്ഷയ് സമര്‍പ്പിച്ച രണ്ടാം ദയാഹര്‍ജിയില്‍ തീരുമാനമായിട്ടില്ല, ഇയാളുടെ ഭാര്യ നല്‍കിയ വിവാഹമോചന ഹര്‍ജി കോടതിക്കു മുന്നിലാണ്, സംഭവസമയത്തു തനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്നു കാട്ടി പവന്‍ സുപ്രീം കോടതിയില്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി തീര്‍പ്പായിട്ടില്ല തുടങ്ങി കോവിഡ് ഭീതിയിലായ രാജ്യത്ത് വധശിക്ഷ നടപ്പാക്കാനുള്ള സാഹചര്യമില്ലെന്നു വരെയുള്ള വാദങ്ങളാണു ഹര്‍ജിയിലുള്ളത്.
ശിക്ഷ നടപ്പാക്കുന്നതിനെതിരേ രാജ്യാന്തര നീതിന്യായക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും ഹര്‍ജിയിലുണ്ട്. മുംബൈ സ്‌ഫോടനപരമ്പരക്കേസില്‍ യാക്കൂബ് മേമന്റെ വധശിക്ഷയാണ് ഇതിനു മുമ്പ് രാജ്യത്തു നടപ്പാക്കിയത്. 2015 ജൂലൈ 30നു രാവിലെ നാഗ്പുര്‍ ജയിലില്‍ ശിക്ഷ നടപ്പാക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ പുലര്‍ച്ചെ മൂന്നിനു സുപ്രീം കോടതി അസാധാരണ സിറ്റിങ് നടത്തിയിരുന്നു. അന്നു സംഭവിക്കാതിരുന്ന അത്ഭുതമാണു നിര്‍ഭയക്കേസ് പ്രതികള്‍ കാത്തിരിക്കുന്നത്.
"
https://www.facebook.com/Malayalivartha


























