ഭാഗ്യം തുണച്ചതിങ്ങനെ... രാത്രിയാത്ര വരുത്തിവച്ച വിന; ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ യുവാവ് ജീവനുമായി മല്‍പ്പിടിച്ചത് മണിക്കൂറുകളോളം; രാത്രി മുഴുവന്‍ 25 അടി താഴ്ചയില്‍ അബോധാവസ്ഥയില്‍ കഴിഞ്ഞ യുവാവിനെ രക്ഷിച്ചത് നാട്ടുകാര്‍

അപകടങ്ങള്‍ പലരൂപത്തില്‍പ്പെടാം. എന്നാല്‍ അപകടത്തില്‍പ്പെട്ട് വേദന സഹിച്ച് മണിക്കൂറുകളോളം കഴിയുകയെന്നുവച്ചാല്‍... തിരുവനന്തപുരം പോത്തന്‍കോട്ടാണ് അതി ദാരുണ സംഭവമുണ്ടായത്. വളവില്‍ നിയന്ത്രണം വിട്ട ബൈക്കുമായി 25 അടിയോളം താഴ്ചയില്‍ യുവാവ് രാത്രിമുഴുവന്‍ അബോധാവസ്ഥയില്‍ വീണു കിടന്നു . അഞ്ചല്‍ താഴെയാര്‍ പ്രഭാത് മന്‍സിലില്‍ നിന്ന് കണിയാപുരം മസ്താന്‍ മുക്കില്‍ വാടകയ്ക്കു താമസിക്കുന്ന 47 വയസുള്ള ഷിബു ആണ് ഏഴു മണിക്കൂറോളം കുഴിയില്‍ അബോധാവസ്ഥയില്‍ കിടന്നത്. ഗുരുതരമായി പരുക്കേറ്റ ഷിബുവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം അര്‍ധരാത്രി 12 മണിയോടെ പോത്തന്‍കോട് അണ്ടൂര്‍ക്കോണം റോഡില്‍ പൊലീസ് സ്‌റ്റേഷനില്‍ നിന്നു നൂറു മീറ്റര്‍ മാറിയുള്ള കൊടുംവളവിലാണ് അപകടമുണ്ടായത്. ഇവിടെ സ്ഥാപിച്ചിരുന്ന കരിങ്കല്‍ ഭിത്തികള്‍ തുടരെയുള്ള അപകടങ്ങളില്‍ തകര്‍ന്നു പോയിരുന്നു . ഇന്നലെ രാവിലെ ഏഴോടെ കുഴിയില്‍ നിന്നു രക്ഷിക്കണേയെന്നുള്ള വിളി കേട്ട് സമീപവാസികള്‍ എത്തിയപ്പോഴാണ് ബൈക്കിനിടയില്‍പ്പെട്ട് അനങ്ങാനാകാതെ ഷിബു കിടക്കുന്നത് കണ്ടത്.
പോത്തന്‍കോട് പൊലീസ് ഗുരുതര പരുക്കുകളോടെ കിടന്ന ഷിബുവിനെ പുറത്തെടുത്ത് ആംബുലന്‍സില്‍ കയറ്റി ആശുപത്രിയിലെത്തിച്ചു. ഇക്കഴിഞ്ഞ ജനുവരി 14 ന് പുലര്‍ച്ചെ കുളത്തൂപ്പുഴയില്‍ നിന്നും ഇറച്ചിക്കോഴിയുമായി വന്ന ലോറി ഇതേ സ്ഥലത്ത് തലകീഴായി മറിഞ്ഞിരുന്നു. ഏതാണ്ട് 150 കോഴികള്‍ ചത്തു. ഒരു കാറും ഈ കുഴിയില്‍ വീണിരുന്നു. .
റോഡിനു വശത്ത് സംരക്ഷണഭിത്തി അടിയന്തിരമായി നിര്‍മിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്തെത്തി. വളവു തുടങ്ങുന്ന ഭാഗത്ത് സ്ഥാപിച്ചിട്ടുള്ള ട്രാന്‍സ്‌ഫോര്‍മറും വന്‍ ദുരന്തം വരുത്തി വയ്ക്കാന്‍ സാധ്യതയുണ്ട്. സംരക്ഷണഭിത്തിയുടെ കാര്യം ചൂണ്ടിക്കാട്ടി പോത്തന്‍കോട് പൊലീസ് പല പ്രാവശ്യം റിപ്പോര്‍ട്ട് നല്‍കിയതായി എസ് ഐ അജീഷ് പറഞ്ഞു. രഹസ്യാന്വേഷണ വിഭാഗവും ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.
അടുത്തിടെയുണ്ടായ ചില വാഹനാപകട വാര്‍ത്തകള്‍ സമ്മാനിച്ച മരവിപ്പ് ചെറുതല്ല. ഓരോ വര്‍ഷവും കേരളത്തില്‍ വാഹനാപകടങ്ങളില്‍ പെട്ട് 4200ല്‍ അധികം മരണങ്ങള്‍ ഉണ്ടാവുന്നു. അതായത് ഒരു ദിവസം 12 പേര്‍ മരിക്കുന്നു. നാം ഏറെ ഭയപ്പെടുന്ന, പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്ന നിപ്പയോ, കൊറോണയോ, എലിപ്പനിയോ, ഡെങ്കിപ്പനിയോ ഇത്രയും മരണങ്ങള്‍ ഇവിടെ സൃഷ്ടിക്കുന്നില്ല എന്നോര്‍ക്കണം. ഈ മരണങ്ങളില്‍ ബഹുഭൂരിപക്ഷവും സംഭവിക്കുന്നത് രാത്രിയിലാണ്, സന്ധ്യാസമയം കഴിഞ്ഞാണ്.
ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ ആണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ റോഡ് അപകട മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ബഹുഭൂരിപക്ഷം അപകടങ്ങളും ഹൈവേയില്‍. ഹൈവേയിലെ അപകടങ്ങളില്‍ മരണസംഖ്യയും കൂടുതലാണ്, ബസ്സുകള്‍ തമ്മിലോ ബസും ലോറിയും ആയോ ഉണ്ടാകുന്ന അപകടങ്ങളില്‍ മരണ സംഖ്യ വളരെ കൂടുതലാണ്.
പല കാരണങ്ങള്‍ കൊണ്ട് അപകടം സംഭവിക്കാം. വണ്ടിയുടെ മെക്കാനിക്കല്‍ പ്രശ്‌നങ്ങള്‍, റോഡിലെ പ്രശ്‌നങ്ങള്‍ തുടങ്ങി ഓടിക്കുന്ന വ്യക്തികളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ വരെയുള്ള ധാരാളം കാരണങ്ങള്‍ അപകടത്തിലേക്ക് നയിക്കാം. അതുകൂടാതെ മദ്യപാനം കൊണ്ട് ഉണ്ടാക്കിയ അപകടങ്ങളും ചെറുതല്ല. എപ്പോഴും ശ്രദ്ധിച്ചിരുന്നാല്‍ പല അപകടങ്ങളും ഒഴിവാക്കാനാകും.
"
https://www.facebook.com/Malayalivartha


























