നാലുപേരെ ഒന്നിച്ച് തൂക്കിലേറ്റുമ്പോള്‍... രാജ്യത്ത് ആദ്യമായി 4 പേരെ ഒരുമിച്ച് തൂക്കിലേറ്റുമ്പോള്‍ അറിയണം ഈ നടപടിക്രമങ്ങള്‍

ഇന്ത്യ ആകാംക്ഷയോടെ നോക്കുന്ന ഒന്നാണ് നാളത്തെ പുലരി. നിര്‍ഭയ കേസിലെ കുറ്റവാളികളെ തൂക്കിലേറ്റുന്നതുവഴി രാജ്യത്ത് ഒരിക്കല്‍ക്കൂടി വധശിക്ഷ നടപ്പാക്കുകയാണ്. രാജ്യത്ത് ആദ്യമായാണ് നാലു കുറ്റവാളികളെ ഒന്നിച്ച് തൂക്കിലേറ്റുന്നത്. കുറ്റവാളി ഒരാളായാലും ഒന്നിലേറെയാണെങ്കിലും ജയിലില്‍ ഏറെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്
വാറന്റില്‍ പറയുന്ന ജയിലിനകത്തുവെച്ചുവേണം തൂക്കിലേറ്റാന്‍. പൊതു അവധിദിവസം വധശിക്ഷ നടപ്പാക്കരുത്. കുറ്റവാളിക്ക് ഗുരുതരമായ അസുഖമോ ആരോഗ്യപ്രശ്‌നമോ ഉണ്ടെങ്കില്‍ ശിക്ഷ നടപ്പാക്കരുത്. എന്നാല്‍, ദീര്‍ഘകാലമായി തുടരുന്ന അസുഖമാണെങ്കില്‍ വധശിക്ഷ മാറ്റിവെക്കേണ്ടതില്ല. ആരോഗ്യ പ്രശ്‌നങ്ങളാല്‍ ശിക്ഷ മാറ്റിവെക്കുന്നുണ്ടെങ്കില്‍ അതുസംബന്ധിച്ച് ജയില്‍ ഐ.ജി.ക്ക് സൂപ്രണ്ട് റിപ്പോര്‍ട്ട് നല്‍കണം.
ഏതെങ്കിലും അപ്പീലുകള്‍ നിലനില്‍ക്കുന്നതുകൊണ്ടല്ലാതെ മറ്റേതെങ്കിലും കാരണത്താല്‍ ശിക്ഷ നടപ്പാക്കല്‍ നീട്ടിവെക്കേണ്ട സാഹചര്യമുണ്ടെങ്കില്‍ അക്കാര്യം മരണവാറന്റയച്ച സെഷന്‍സ് ജഡ്ജിയെ ജയില്‍ സൂപ്രണ്ട് അറിയിക്കണം. തുടര്‍ന്ന് പുതിയ വാറന്റ് ഇറക്കാന്‍ നടപടി സ്വീകരിക്കണം.
ഓരോ തവണയും വധശിക്ഷ നടപ്പാക്കാന്‍ പുതിയ തൂക്കുകയര്‍ നിര്‍ബന്ധമില്ല. എന്നാല്‍, അതിന്റെ നിലവാരം പരിശോധിച്ച് ഉറപ്പുവരുത്തണം. തൂക്കുകയറില്‍ മെഴുകോ വെണ്ണയോ പുരട്ടിയാണ് സൂക്ഷിക്കുക. പരിശോധനകള്‍ക്കുശേഷം തൂക്കുകയര്‍ സുരക്ഷിതമായി പൂട്ടി ഉരുക്കുപെട്ടിയിലാക്കി മുദ്രവെച്ച് സൂക്ഷിക്കണം. ഓരോ കുറ്റവാളിയെയും തൂക്കുന്ന കയറിന് പുറമേ രണ്ട് കയറുകള്‍കൂടി വേറെ തയ്യാറാക്കി വെക്കണം.
തൂക്കിലേറ്റേണ്ട കുറ്റവാളിയുടെ ഒന്നര ഇരട്ടി ഭാരമുള്ള ഡമ്മി തൂക്കി നേരത്തേ പരിശോധന നടത്തണം. കുറ്റവാളിയുടെ തൂക്കത്തിനനുസരിച്ച് 1.83 മീറ്ററിനും 2.44 മീറ്ററിനുമിടയിലുള്ള ആഴത്തില്‍ താഴേക്ക് വീഴ്ത്തിയാണ് വധശിക്ഷ നടപ്പാക്കുക. പൊതുമരാമത്ത് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ കൃത്യമായ ഇടവേളകളില്‍ തൂക്കുമരം പരിശോധിക്കണം. തൂക്കിലേറ്റുന്നതിന്റെ തലേന്ന് വൈകീട്ടും പരിശോധന നടത്തും.
തൂക്കിലേറ്റപ്പെടുന്നവരുടെ ബന്ധുക്കളെയോ മറ്റു തടവുകാരെയോ വധശിക്ഷ നടപ്പാക്കുന്നത് കാണാന്‍ അനുവദിക്കില്ല. അതേസമയം, സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയോടെ സാമൂഹികശാസ്ത്രജ്ഞര്‍, മനശ്ശാസ്ത്രജ്ഞര്‍, മനോരോഗവിദഗ്ധര്‍ തുടങ്ങി ഇതുസംബന്ധിച്ച ഗവേഷണം നടത്തുന്നവര്‍ക്ക് അനുമതി നല്‍കാം. സൂപ്രണ്ടിന്റെ വിവേചനാധികാരമാണത്. വധശിക്ഷ കഴിഞ്ഞ് മൃതദേഹങ്ങള്‍ ജയിലിന് പുറത്തേക്ക് കൊണ്ടുപോകുംവരെ മറ്റു തടവുകാരെയെല്ലാം ഈ സമയത്ത് ലോക്കപ്പില്‍ പൂട്ടിയിടും.
പുലര്‍ച്ചെ, സൂര്യോദയത്തിന് മുമ്പാണ് വധശിക്ഷ നടപ്പാക്കേണ്ടത്. ഏറ്റവും ചുരുങ്ങിയത് പത്ത് കോണ്‍സ്റ്റബിള്‍മാര്‍ അല്ലെങ്കില്‍ വാര്‍ഡര്‍മാര്‍, രണ്ട് ഹെഡ് കോണ്‍സ്റ്റബിള്‍ അല്ലെങ്കില്‍ ഹെഡ് വാര്‍ഡര്‍ എന്നിവര്‍ അവിടെയുണ്ടാകും. ശിക്ഷ നടപ്പാക്കുന്ന ദിവസം പ്രതികളുടെ സെല്ലിലേക്ക് പോകുംമുമ്പ്, ജയില്‍ സൂപ്രണ്ട് തന്റെ ഓഫീസിലെത്തി വധശിക്ഷ സംബന്ധിച്ച എന്തെങ്കിലും പുതിയ ഉത്തരവോ നിര്‍ദേശമോ അധികൃതരില്‍നിന്ന് വന്നിട്ടുണ്ടോയെന്ന് പരിശോധിക്കണം.
ജില്ലാ മജിസ്‌ട്രേറ്റ് അല്ലെങ്കില്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ്, മെഡിക്കല്‍ ഓഫീസര്‍, ഡെപ്യൂട്ടി സൂപ്രണ്ട് എന്നിവര്‍ കുറ്റവാളിയുടെ സെല്ലിലേക്ക് രാവിലെ ചെല്ലണം. കുറ്റവാളിയുടെ വില്‍പത്രമോ മറ്റെന്തെങ്കിലും ഒപ്പിട്ടുവാങ്ങാനുണ്ടെങ്കില്‍ അത് ചെയ്യും. തുടര്‍ന്ന് അവര്‍ തൂക്കുമരത്തട്ടിലേക്ക് നീങ്ങും. അപ്പോഴും തൂക്കിലേറ്റപ്പെടേണ്ട കുറ്റവാളി ഡെപ്യൂട്ടി സൂപ്രണ്ടിന്റെ നിരീക്ഷണത്തില്‍ സെല്ലില്‍ത്തന്നെ തുടരും. അതിനുശേഷം കുറ്റവാളിയുടെ കൈകള്‍ പിന്നിലേക്ക് ബന്ധിക്കും. കാലില്‍ വിലങ്ങിട്ടിട്ടുണ്ടെങ്കില്‍ അതഴിച്ചുമാറ്റും. തുടര്‍ന്ന് തൂക്കുമരത്തിനടുത്തേക്ക്. ഡെപ്യൂട്ടി സൂപ്രണ്ട്, ഹെഡ് വാര്‍ഡര്‍, വാര്‍ഡര്‍മാര്‍ എന്നിവര്‍ ഒപ്പമുണ്ടാകും. അതില്‍ രണ്ടുപേര്‍ കുറ്റവാളിയുടെ മുന്നിലും രണ്ടുപേര്‍ പിന്നിലുമായി നടക്കും. രണ്ടുപേര്‍ കുറ്റവാളിയുടെ കൈകള്‍ പിടിച്ചാകും നടക്കുക.
കുറ്റവാളി തൂക്കുമരത്തിനടുത്തെത്തുന്നതിന് മുമ്പേ, മജിസ്‌ട്രേറ്റ്, സൂപ്രണ്ട്, മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ അവിടെയെത്തിയിട്ടുണ്ടാകും. തൂക്കിലേറ്റപ്പെടേണ്ട കുറ്റവാളി ഇതുതന്നെയാണെന്ന് താന്‍ തിരിച്ചറിഞ്ഞതായി മജിസ്‌ട്രേറ്റിനെ സൂപ്രണ്ട് ബോധ്യപ്പെടുത്തും. തുടര്‍ന്ന് തൂക്കിലേറ്റാന്‍ പറയുന്ന കോടതിയുടെ വാറന്റ് കുറ്റവാളിക്ക് മനസ്സിലാകുന്ന ഭാഷയില്‍ വായിച്ചുകേള്‍പ്പിക്കും.
ബന്ധുക്കള്‍ ആവശ്യപ്പെട്ടാല്‍ മൃതദേഹം മതാചാരപ്രകാരം സംസ്‌കരിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് തീരുമാനമെടുക്കാം. എന്നാല്‍, കുറ്റവാളിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കുകയോ മറ്റോ ചെയ്യില്ലെന്ന് ബന്ധുക്കള്‍ എഴുതിനല്‍കണം. ജില്ലാ മജിസ്‌ട്രേറ്റുമായും പോലീസ് അധികൃതരുമായും ഇക്കാര്യത്തില്‍ ജയില്‍ സൂപ്രണ്ട് ആലോചിക്കണം. മൃതദേഹം സംസ്‌കാര സ്ഥലത്തെത്തിക്കുന്നതിന്റെയും സംസ്‌കരിക്കുന്നതിന്റെയും ചെലവ് ജയില്‍ അധികൃതര്‍ വഹിക്കും.
ജയില്‍ സൂപ്രണ്ട്, ഡെപ്യൂട്ടി ജയില്‍ സൂപ്രണ്ട്, ജില്ലാ മജിസ്‌ട്രേറ്റ്/ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ്, മെഡിക്കല്‍ ഓഫീസര്‍, റെസിഡന്റ് മെഡിക്കല്‍ ഓഫീസര്‍, ഹെഡ് വാര്‍ഡര്‍ (ഹെഡ് കോണ്‍സ്റ്റബിള്‍), ചുരുങ്ങിയത് പത്ത് വാര്‍ഡര്‍മാര്‍ (കോണ്‍സ്റ്റബിള്‍), ആരാച്ചാര്‍
ശിക്ഷയുടെ നടപടിക്രമങ്ങള്‍ ഇങ്ങനെയാണ്. തൂക്കുമരത്തിനടുത്തേക്ക് എത്തുന്നതിന് മുമ്പേ കുറ്റവാളിയെ മുഖംമൂടുന്ന തൊപ്പി ധരിപ്പിക്കും. തൂക്കുമരം കാണാന്‍ കുറ്റവാളിയെ അനുവദിക്കില്ല തൂക്കുമരത്തിന്റെ തൊട്ടുതാഴേക്ക് കുറ്റവാളിയെ നടത്തിക്കൊണ്ടുപോയി നിര്‍ത്തും. അപ്പോഴും അയാളുടെ കൈകള്‍ രണ്ട് ഗാര്‍ഡര്‍മാര്‍ പിടിച്ചിട്ടുണ്ടാകും
അതിനുശേഷം കുറ്റവാളിയെ ആരാച്ചാര്‍ ഏറ്റെടുക്കും. കുറ്റവാളിയുടെ ഇരുകാലുകളും ആരാച്ചാര്‍ തമ്മില്‍ ബന്ധിക്കും. തൂക്കുകയര്‍ കഴുത്തില്‍ മുറുക്കും. ശരിയായ രീതിയിലാണ് തൂക്കുകയര്‍ കഴുത്തിലിട്ടിരിക്കുന്നതെന്ന് സൂപ്രണ്ട് ഉറപ്പുവരുത്തും. കുറ്റവാളിയുടെ കൈകള്‍ പിടിച്ചിരിക്കുന്ന വാര്‍ഡര്‍മാര്‍ പിന്‍വാങ്ങും. സൂപ്രണ്ടിന്റെ സൂചന വരുന്നതോടെ ആരാച്ചാര്‍ ലിവര്‍ വലിക്കും. അപ്പോള്‍, ട്രാപ് ഡോര്‍ തുറന്ന് കുറ്റവാളി താഴേക്ക് തൂങ്ങും
അരമണിക്കൂറോളം മൃതദേഹം കയറില്‍ത്തന്നെ തൂങ്ങിനില്‍ക്കും. റസിഡന്റ് മെഡിക്കല്‍ ഓഫീസര്‍ മരണം ഉറപ്പുവരുത്തിയശേഷം മൃതദേഹം കയറില്‍ നിന്നഴിച്ചുമാറ്റും. പിന്നീട്, മരണവാറന്റയച്ച കോടതിയെ ശിക്ഷ നടപ്പാക്കിയതായി ജയില്‍ അധികൃതര്‍ വിവരമറിയിക്കും.
"
https://www.facebook.com/Malayalivartha


























