രാജ്യത്ത് കോവിഡ് 19 ബാധിതരുടെ എണ്ണം 171 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

രാജ്യത്ത് കോവിഡ് 19 ബാധിതരുടെ എണ്ണം 171 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്ത് മരിച്ച മൂന്ന് പേരടക്കമാണ് 171 രോഗ ബാധിതര്‍. രാജ്യത്ത് 18 സംസ്ഥാനങ്ങളില്‍ കൊറോണവൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ ഇന്ന് പുതുതായി രണ്ടു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. യു.കെയില്‍ നിന്നെത്തിയ 22 കാരിക്കും ദുബായില്‍ നിന്നെത്തിയ 49-കാരിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
മഹാരാഷ്ട്രയിലാണ് കോവിഡ് 19 കൂടുതലും റിപ്പോര്‍ട്ട് ചെയ്തത്. മൂന്ന് വിദേശ പൗരന്‍മാര്‍ക്ക് ഉള്‍പ്പെടെ 47 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ചണ്ഡിഗഢില്‍ ആദ്യ കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്തു. 23 വയസുള്ള യുവതിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ അടുത്തിടെ ഇംഗ്ലണ്ടില്‍ നിന്ന് മടങ്ങിയെത്തിയതാണ്. ചണ്ഡിഗഢ് സെക്ടര്‍ 21 ല്‍ താമസിക്കുന്ന യുവതിക്ക് മാര്‍ച്ച് 15നാണ് രോഗലക്ഷണം അനുഭവപ്പെട്ടത്. യുവതി സെക്ടര്‍ 32ലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ജമ്മുകശ്മീരില്‍ തീര്‍ഥാടകര്‍ക്കും ഭക്തര്‍ക്കും മതസ്ഥലങ്ങളില്‍ ഒത്തുചേരുന്നതിന് ദേശീയ ദുരന്ത നിവാരണ നിയമം 2005 പ്രകാരം സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കശ്മീരില്‍ ബുധനാഴ്ച ആദ്യ കോവിഡ് 19 സ്ഥിരീകരണം നടന്നിരുന്നു. ശ്രീനഗറിലായിരുന്നു രോഗം സ്ഥിരീകരിച്ചത്. ശ്രീനഗര്‍ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ മേയര്‍ ജുനൈദ് അസിം മട്ടുവാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.
കര്‍ണാടകയിലും ഡല്‍ഹിയിലും മഹാരാഷ്ട്രയിലുമായി മൂന്ന് പേരാണ് രാജ്യത്ത് കോവിഡ് 19 ബാധിച്ച് മരിച്ചത്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങളില്‍ സെക്ഷന്‍ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
രോഗബാധ രണ്ടാമതുള്ള കേരളത്തില്‍ പുതിയ കേസുകളൊന്നും ഇന്നും ഇന്നലെയുമായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 27 പേരാണ് സംസ്ഥാനത്ത് രോഗബാധിതരായി ചികിത്സയിലുള്ളത്. ഇതിനിടെ രാജ്യത്താകമാനമായി 168 ട്രെയിനുകള്‍ റദ്ദാക്കി. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ യാത്രക്കാരുടെ കുറവ് കാരണമാണ് ട്രെയിനുകള്‍ റദ്ദാക്കിയതെന്ന് റെയില്‍വേ വിശദീകരിച്ചു. മാര്‍ച്ച് 20 മുതല്‍ 31 വരെയുള്ള കാലയവളില്‍ സര്‍വീസ് നടത്താനിരുന്ന 168 ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha


























