വിദ്യാര്‍ഥിനിക്കുനേരെ അശ്ലീല പ്രദര്‍ശനം നടത്തി മുങ്ങിയ പൊലീസുകാരന്‍ ഒരു മാസത്തിനു ശേഷം അറസ്റ്റില്‍

പാലക്കാട് കണ്‍ട്രോള്‍ റൂമിലെ ഗ്രേഡ് അസി. എസ്‌ഐയും പാലക്കാട് സ്വദേശിയുമായ നവീന്‍ നിശ്ചലിനെ(49) പൊള്ളാച്ചി ആനമലയിലെ സ്വകാര്യ ഫാമില്‍നിന്നു പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. വിദ്യാര്‍ഥിനിക്കുനേരെ അശ്ലീല പ്രദര്‍ശനം നടത്തി പോക്‌സോ കേസില്‍പെട്ടു മുങ്ങിയ പൊലീസ് ഉദ്യോഗസ്ഥന്‍ ഒരു മാസത്തിനു ശേഷമാണ് അറസ്റ്റിലാകുന്നത്.
ഒരാഴ്ച മുന്‍പു കസബ പൊലീസ് ലുക്ഔട്ട് നോട്ടിസ് പുറത്തിറക്കിയെങ്കിലും ഇയാള്‍ കോയമ്പത്തൂരും പൊള്ളാച്ചിയിലുമായി ഒളിച്ചു താമസിച്ചു. ഡിവൈഎസ്പി ഷാജു സി. ഏബ്രഹാം, കസബ സിഐ ടി.എന്‍. ഉണ്ണിക്കൃഷ്ണന്‍ എന്നിവരടങ്ങിയ സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്. ഉദ്യോഗസ്ഥരെ തട്ടിമാറ്റി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ ബലപ്രയോഗത്തിലൂടെയാണു പിടികൂടിയത്.
കൂട്ടുപാത റോഡില്‍ ഫെബ്രുവരി 13-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്വേഷണം ആരംഭിച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതി തമിഴ്‌നാട്ടിലേക്കു മുങ്ങി. പൊലീസ് ഉദ്യോഗസ്ഥനെ പിടികൂടാന്‍ വൈകിയത് വകുപ്പിനെതിരെ വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. വിവാദമാകുമെന്ന് കണ്ടതോടെയാണു ലുക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചത്.
അന്വേഷണ സംഘത്തിന്റെ നീക്കം സുഹൃത്തുക്കളായ ചില പൊലീസ് ഉദ്യോഗസ്ഥര്‍ ഇയാള്‍ക്കു ചോര്‍ത്തി നല്‍കിയെന്നും ആരോപണമുണ്ട്. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം പ്രതിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥരെക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്. ഇവരുടെ ഫോണ്‍ സന്ദേശങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കുന്നുണ്ട്. കര്‍ശന നടപടിയെടുക്കാനാണു നിര്‍ദേശം.
https://www.facebook.com/Malayalivartha


























