ശ്രീചിത്രയില്‍ ഡ്യൂട്ടിക്കെത്തിയ രണ്ടു നഴ്‌സുമാര്‍ക്ക് ലക്ഷണങ്ങള്‍; കൊറോണ ബാധിച്ച ഡോക്ടറുമായി ഇടപഴകിയവരെ കണ്ടെത്താന്‍ ശ്രമം തുടങ്ങി; നൂറോളം ജീവനക്കാര്‍ ക്വാറന്റൈനില്‍

ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കൊറോണ ബാധിച്ച ഡോക്ടറുമായി ഇടപഴകിയവരെ കണ്ടെത്താന്‍ ശ്രമം തുടങ്ങി. ശനിയാഴ്ച ആശുപത്രിയിലെ കാര്‍ഡിയാക്ക് വിഭാഗത്തിന്റെ യോഗത്തില്‍ പങ്കെടുത്തവരുടെ വിവരങ്ങളാണ് കഴിഞ്ഞ ദിവസം ശേഖരിച്ചത്. ഈ യോഗത്തില്‍ രോഗബാധിതനായ ഡോക്ടര്‍ പങ്കെടുത്തിരുന്നു. ജീവനക്കാര്‍ക്ക് പ്രത്യേക ഫോമുകള്‍ നല്‍കിയാണ് വിവരങ്ങള്‍ ശേഖരിച്ചത്. ഈ മാസം ഏഴിന് നടന്ന യോഗത്തില്‍ പങ്കെടുത്തവരുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്. 13നാണ് കൊറോണ സ്ഥിരീകരിച്ച ഡോക്ടറെ മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റിയത്.
അതേസമയം ആശുപത്രിയില്‍ ഡ്യൂട്ടിക്കെത്തിയ രണ്ട് നഴ്‌സുമാര്‍ക്ക് ലക്ഷണങ്ങള്‍ കണ്ടതോടെ ഇവരെ വീടുകളില്‍ നിരീക്ഷണത്തിലാക്കി. ആശുപത്രിയുടെ പ്രവര്‍ത്തനം ഏതാണ്ട് നിശ്ചലമായ അവസ്ഥയിലാണ്. ഒ.പികള്‍ പ്രവര്‍ത്തിക്കുന്നില്ല. അടിയന്തര പ്രാധാന്യമില്ലാത്ത ശസ്ത്രക്രിയകള്‍ നടത്തുന്നില്ല. ആശുപത്രിയിലേക്ക് എത്തുന്നവരുടെ എണ്ണത്തിലും വലിയ കുറവുണ്ടായി. വരുന്നവരെ സ്വീകരിക്കാന്‍ കഴിയാത്ത സ്ഥിതിയുമാണ്. അതേസമയം, പ്രാഥമിക പരിശോധനയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും ഫലം പോസിറ്റീവ് അല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. എങ്കിലും വിശദമായ ഫലത്തിനായി കാത്തിരിക്കുകയാണ്െന്നും അധികൃതര്‍ വ്യക്തമാക്കി.
അതിനിടെ, നൂറോളം ജീവനക്കാര്‍ ക്വാറന്റൈന്‍ സ്വയം തിരഞ്ഞെടുത്ത് വീടുകളിലാണ്. രോഗലക്ഷണങ്ങള്‍ ഉള്ളവരുടെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. രോഗലക്ഷണങ്ങള്‍ ഉള്ളവരുണ്ടോ എന്നറിയാന്‍ ഇന്നലെ പരിശോധന നടത്തി. ജീവനക്കാരുടെയും ഫാക്കല്‍റ്റിയുടെയും സഹായത്തോടെ ക്വാറന്റൈനില്‍ കഴിയുന്ന ജീവനക്കാര്‍ക്കായി ക്ഷേമപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും ശ്രീചിത്രാ അധികൃതര്‍ അറിയിച്ചു.
ഈമാസം രണ്ടിന് സ്പെയിനിലെ ക്യാമ്പില്‍ പങ്കെടുത്ത് തിരിച്ചെത്തിയ ഡോക്ടര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. തിരിച്ചെത്തിയതിന്റ പിറ്റേദിവസം ഇദ്ദേഹം ആശുപത്രിയിലെത്തിയെങ്കിലും തുടര്‍ന്ന് അവധിയെടുത്ത് വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ആസ്മ രോഗം കൂടിയുള്ളതിനാലായിരുന്നു മുന്‍കരുതല്‍. എന്നാല്‍ ഏഴാം തീയതി അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം സീനിയന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഇദ്ദേഹത്തെ മടക്കിവിളിക്കുകയായിരുന്നു.
അതേസമയം, ഫെബ്രുവരി അവസാനം സ്പെയിനില്‍ കുടുംബത്തോടൊപ്പം ഉല്ലാസയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ഡെപ്യൂട്ടി ഡയറക്ടറാവട്ടെ, വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന തിരുവനന്തപുരം എയര്‍പോര്‍ട്ടിലെ മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദ്ദേശം ലംഘിച്ചാണ് ഡ്യൂട്ടിക്കെത്തിയതെന്നും ആരോപണമുണ്ട്. സ്പെയിനില്‍ നിന്നെത്തിയ രണ്ടു പേരില്‍ ഒരാള്‍ വീട്ടില്‍ കഴിയുന്നതും, മറ്റൊരാള്‍ ആശുപത്രിയില്‍ വരുന്നതും ജീവനക്കാര്‍ക്കിടയില്‍ ചര്‍ച്ചയായതോടെയാണ് കൊറോണ സ്ഥിരീകരിച്ച ഡോക്ടറെ ഡെപ്യൂട്ടി ഡയറക്ടര്‍ മടക്കിവിളിച്ചത്. ശ്രീചിത്രയുമായി ബന്ധപ്പെട്ട ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന കേന്ദ്ര സംഘം തെളിവെടുപ്പിന് എത്തിയ സാഹചര്യത്തിലാണ്, ഡെപ്യൂട്ടി ഡയറക്ടര്‍ നിരീക്ഷണത്തില്‍ കഴിയാതെ തിടുക്കപ്പെട്ട് ഡ്യൂട്ടിക്കെത്തിയതെന്നും ആരോപണമുണ്ട്.
https://www.facebook.com/Malayalivartha


























