ഡോക്ടര്‍ ദമ്പതികളുടെ വീട്ടില്‍ മോഷണം നടത്തിയ കള്ളന്‍ സിസി ക്യാമറയുടെ ഹാര്‍ഡ്ഡിസ്‌ക് വരെ കൊണ്ടുപോയി! ഒരു തുമ്പും കിട്ടാതെ പൊലീസ്!

ചെങ്ങന്നൂര്‍, കാരയ്ക്കാട്ട് ഡോക്ടര്‍ ദമ്പതികള്‍ ശനിയാഴ്ച ബന്ധുവീട്ടിലേക്കു പോയ സമയത്ത് അവര്‍ താമസിച്ചിരുന്ന വാടകവീട്ടില്‍ നടന്ന മോഷണത്തില്‍ തുമ്പുകിട്ടാതെ പൊലീസ് വലയുന്നു. വീട്ടുകാര്‍ തിങ്കള്‍ രാത്രി മടങ്ങിയെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. അടുക്കള വാതില്‍ പൊളിച്ച് അകത്തു കടന്ന മോഷ്ടാക്കള്‍ 10 പവന്‍, 30000 രൂപയോളം വിലമതിക്കുന്ന സാളഗ്രാമം, ഐപാഡ് എന്നിവ കൂടാതെ സിസി ക്യാമറദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് ഉള്‍പ്പെടെ കവര്‍ന്നതാണ് പൊലീസിനെ കുഴക്കുന്നത്.
മംഗലത്ത് താരയില്‍ വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന ഡോ.ആനന്ദ്- ഡോ. ശാലിനി ദമ്പതികളുടെ വഴിയിലെയും വീടിനു സമീപത്തെയും സിസി ക്യാമറകള്‍ പരിശോധിച്ചെങ്കിലും മോഷ്ടാക്കളെക്കുറിച്ചു സൂചന ലഭിച്ചിട്ടില്ലെന്നാണ് അറിവ്.
മേഖലയില്‍ ഈയിടെ നടന്ന മോഷണങ്ങളിലൊന്നും കള്ളന്‍മാരെ പിടിക്കാന്‍ പൊലീസിനായിട്ടില്ല. 2 മാസത്തിനിടെ താലൂക്കില്‍ 9 മോഷണങ്ങളാണു നടന്നത്. മുണ്ടന്‍കാവ് വടശേരിക്കാവ് ക്ഷേത്രം, പാണ്ടനാട് അടിച്ചിക്കാവ് ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നു പണം അപഹരിച്ചു. പേരിശേരിയിലെ 2 ക്ഷേത്രങ്ങളില്‍ മോഷണശ്രമം നടന്നു. മുതവഴിയില്‍ വീടുകളിലും കവര്‍ച്ച നടന്നു.
വടശേരിക്കാവില്‍നിന്നു 45,600 രൂപ കവര്‍ന്നത് കഴിഞ്ഞ മാസം 11-നാണ്. ഫ്യൂസുകള്‍ ഊരി ക്ഷേത്ര പരിസരം ഇരുട്ടിലാക്കിയായിരുന്നു മോഷണം. ഡിസംബറിലാണ് അടിച്ചിക്കാവ് ക്ഷേത്രത്തില്‍ മോഷണം. 20,000 രൂപയോളം കവര്‍ന്നു. ഈ കേസുകളില്‍ ഇതുവരെ മോഷ്ടാക്കളെ പിടികൂടിയിട്ടില്ല.
https://www.facebook.com/Malayalivartha


























