വഴിയോരത്തെ മരത്തിലെ ശിഖരം ഒടിഞ്ഞ് കാറിന്റെ ചില്ല് തുളച്ച് സീറ്റിലേക്ക് കുത്തിനിന്നു; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍!

പത്തനംതിട്ടയില്‍ കൂടല്‍ വലിയ പാലത്തിനു സമീപം സംസ്ഥാന പാതയില്‍ മരക്കൊമ്പ് കാറിലേക്ക് ഒടിഞ്ഞു വീണുണ്ടായ അപകടത്തില്‍ കാറുടമ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് 2.30ന് ആയിരുന്നു സംഭവം. കലഞ്ഞൂര്‍ വലിയപള്ളിയിലെ ട്രസ്റ്റി ആയ മുറിഞ്ഞകല്‍ താന്നിവിളയില്‍ ജോണി ഗീവര്‍ഗീസ് (66) വീട്ടില്‍നിന്നു പള്ളിയിലേക്ക് പോകുമ്പോള്‍ പാലം കഴിഞ്ഞുള്ള വളവില്‍ റോഡിലേക്ക് വളര്‍ന്നു നില്‍ക്കുന്ന വലിയ വാകമരത്തിന്റെ ശിഖരം കാറിന്റെ മുന്നിലെ ചില്ലിലേക്കു പതിക്കുകയായിരുന്നു.
കുത്തനെ വീണ ശിഖരം ചില്ല് തുളഞ്ഞ് സീറ്റിലേക്ക് കുത്തിനിന്നു. ശരീരത്തില്‍ പതിക്കാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇതോടെ നിയന്ത്രണം വിട്ട കാര്‍ റോഡിനു വലതു വശത്തേക്കു പോയി വൈദ്യുതി തൂണില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. ഈസമയം എതിരെ വാഹനങ്ങള്‍ ഒന്നും ഇല്ലാതിരുന്നതും ഭാഗ്യമായി. ജോണി ഗീവര്‍ഗീസിനെ കോന്നിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് വിശദമായ പരിശോധനയ്ക്കായി പത്തനംതിട്ടയിലേക്കും കൊണ്ടുപോയി.

സംസ്ഥാന പാതയില്‍ അരമണിക്കൂറോളം ഗതാഗത തടസ്സമുണ്ടായി. കൂടല്‍ പൊലീസും വൈദ്യുതി വകുപ്പ് ജീവനക്കാരും സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് റോഡ് വശത്ത് വച്ചു പിടിപ്പിച്ച തണല്‍ മരങ്ങള്‍ മിക്കവയും ഭീഷണി ഉയര്‍ത്തുന്നവയാണ്. ഇവ ഒടിഞ്ഞു വീണും മറ്റും വല്ലംകഴ മൂഴി മുതല്‍ കുമ്പഴ വരെ കഴിഞ്ഞ കാലങ്ങളില്‍ ഒട്ടേറെ ചെറുതും വലുതുമായ അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്.
റോഡ് വികസനത്തിന്റെ ഭാഗമായി ചില മരങ്ങള്‍ മുറിച്ചുമാറ്റിയെങ്കിലും കലഞ്ഞൂര്‍ ഭാഗത്തേക്ക് ഇനിയും വേരു തെളിഞ്ഞും തടി കേടുവന്നും പതിനഞ്ചോളം മരങ്ങള്‍ യാത്രക്കാര്‍ക്കു ഭീഷണിയായി റോഡിലേക്ക് വളര്‍ന്ന് നില്‍ക്കുന്നുണ്ട്. ഇവ ഉടന്‍ മുറിച്ച് മാറ്റാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha


























