കാസര്‍ഗോട്ടെ വൈദികരെ തൂക്കിയകത്തിട്ട് പൊലീസ്;കോവിഡ് വ്യാപനത്തിനെതിരേ സ്വീകരിക്കുന്ന പ്രതിരോധ നടപടികളേയും സുരക്ഷാ നിര്‍ദേശങ്ങളെയും അവഗണിച്ച് നാനൂറോളം പേരെ പങ്കെടുപ്പിച്ച് കുര്‍ബാന നടത്തിയ വൈദികര്‍ക്കെതിരേ കേസെടുത്തു; കാസര്‍ഗോഡ് പനത്തടി സെയ്ന്റ് ജോസഫ്സ് ഫൊറോനാ ദേവാലയത്തില്‍ നാനൂറോളം ആളുകളെ പങ്കെടുപ്പിച്ച് കുര്‍ബാന നടത്തിയതിന്റെ പേരിലാണ് നടപടി

അസാധാരണമായ സാഹചര്യത്തില്‍ അസാധാരണമായ പ്രതിരോധ രീതികളും സ്വീകരിക്കേണ്ടി വരും. കോവിഡ് കാര്യത്തില്‍ ഓരോ നിമിഷവും ശ്രദ്ധിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ പിടിവിട്ടു പോകുന്ന അവസ്ഥയുണ്ടെന്നു സര്‍ക്കാരും ആരോഗ്യ രംഗത്തെ വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇതിനിടെ കോവിഡ് വ്യാപനത്തിനെതിരേ സ്വീകരിക്കുന്ന പ്രതിരോധ നടപടികളേയും സുരക്ഷാ നിര്‍ദേശങ്ങളെയും അവഗണിച്ച് നാനൂറോളം പേരെ പങ്കെടുപ്പിച്ച് കുര്‍ബാന നടത്തിയ വൈദികര്‍ക്കെതിരേ കേസെടുത്തു. കാസര്‍ഗോഡ് പനത്തടി സെയ്ന്റ് ജോസഫ്സ് ഫൊറോനാ ദേവാലയത്തില്‍ നാനൂറോളം ആളുകളെ പങ്കെടുപ്പിച്ച് കുര്‍ബാന നടത്തിയതിന്റെ പേരിലാണ് നടപടി. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം.
വികാരി ഫാ. തോമസ് പട്ടാംകുളം, സഹവികാരി ഫാ. ജോസഫ് ഓരത്ത് എന്നിവര്‍ക്കെതിരേ രാജപുരം പോലീസാണ്് കേസെടുത്തിരിക്കുന്നത്. നാട്ടുകാരുടെ പരാതിയിലാണ് കേസ്. കുര്‍ബാന റവന്യൂ-പോലീസ് അധികൃതര്‍ ഇടപെട്ട് നിര്‍ത്തിവെപ്പിക്കുകയും ചെയ്തു. കൊറോണയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍നിര്‍ദേശം പാലിക്കാത്തതിന് കാസര്‍ഗോഡ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യകേസാണിത്. വിശുദ്ധ ഔസേപ്പ് പിതാവിന്റെ മരണതിരുനാളുമായി ബന്ധപ്പെട്ടായിരുന്നു കുര്‍ബാന.
50-ല്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ച് ചടങ്ങുനടത്തരുതെന്ന് പോലീസ് മൂന്നുദിവസം മുന്‍പ് വൈദികരോട് നിര്‍ദേശിച്ചിരുന്നു. മതമേലധ്യക്ഷന്‍മാരും വിലക്കിയിരുന്നു. ഇതുമറികടന്ന് ചടങ്ങ് നടത്തിയതോടെ നാട്ടുകാര്‍ പോലീസിനെയും കളക്ടറെയും വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.എം. ആന്റണി, രാജപുരം ഇന്‍സ്പെക്ടര്‍ ബാബു പെരിങ്ങോത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ചടങ്ങുതടഞ്ഞ് വൈദികര്‍ക്കെതിരേ കേസെടുക്കുകയായിരുന്നു. കളക്ടറുടെ ഉത്തരവും കൊറോണ പ്രതിരോധനിര്‍ദേശവും ലംഘിച്ചതിന് 188, 296 വകുപ്പുകള്‍ പ്രകാരമാണ് കേസ്. മലയോരത്തെ മറ്റു ചില ആരാധനാലയങ്ങളിലും അമ്പതിലേറെപ്പേര്‍ പങ്കെടുക്കുന്ന ചടങ്ങുകള്‍ നടക്കുന്നതായി ആക്ഷേപമുണ്ട്.
അതേസമയം, കോവിഡ് വ്യാപനത്തിനെതിരെ പല മേഖലകളിലെയും ആള്‍ക്കാര്‍ക്കു ജാഗ്രതക്കുറവുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുതിര്‍ന്ന പൗരന്മാര്‍ പല സ്ഥലങ്ങളിലും ചടങ്ങുകളിലും മറ്റും പങ്കെടുക്കുന്നു. ഒട്ടേറെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഭീതി പടര്‍ത്താതിരിക്കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോവിഡ് കാര്യത്തില്‍ ഓരോ നിമിഷവും ശ്രദ്ധിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ പിടിവിട്ടു പോകുന്ന അവസ്ഥയുണ്ട്. ഭീതിയോ സംഭ്രാന്തിയോ വേണ്ടെങ്കിലും ചെറിയ പിഴവ് പോലും അനുവദിക്കാനാവില്ല. നിരീക്ഷണത്തില്‍ കഴിയുന്ന ആളുകള്‍ തടങ്കലില്‍ അല്ല.അങ്ങനെ അവര്‍ക്ക് തോന്നാനും പാടില്ലെന്നും മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
അതിനിടെ കൊവീഡിനെതിരായ ജാഗ്രതയുടെ ഭാഗമായി സംസ്ഥാനത്താകെ 31,173 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 30,936 പേര്‍ വീടുകളിലും 237 പേര്‍ ആശുപത്രികളിലുമാണ്. ഇന്നലെ 64 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ മുതല്‍ 6,103 പേരെ നീരീക്ഷണത്തിലാക്കി. 5,155 പേരെ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കി. ഇതുവരെ 2,921 പേരുടെ സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2,342 പേര്‍ക്കു വൈറസ് ബാധിച്ചിട്ടില്ലെന്നു കണ്ടെത്തി. ഇതുവരെ 28 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ മൂന്ന് പേര്‍ക്ക് രോഗം ഭേദമായി. 25 പേര്‍ ചികിത്സയില്‍ തുടരുകയാണ്.
https://www.facebook.com/Malayalivartha


























