കബനിയിലെ മീന്‍പിടിത്തം: വനപാലക സംഘത്തിലെ രണ്ടു ജീവനക്കാരെ കൊലപ്പെടുത്തി

കഴിഞ്ഞ ദിവസം ഗണ്ടത്തൂരിലുണ്ടായത് കബനിയിലെ ബീച്ചനഹള്ളി അണക്കെട്ടിലെ മീന്‍പിടിത്തവുമായുണ്ടാവുന്ന രണ്ടാമത്തെ സംഘര്‍ഷവും കൊലപാതകവുമാണ്. കര്‍ണാടക സര്‍ക്കാര്‍ വര്‍ഷാവര്‍ഷം റിസര്‍വോയറിലെ മീന്‍കൃഷിയും വിളവെടുപ്പും ലേലത്തില്‍ നല്‍കാറുണ്ട്. ലേലക്കാരന് മാത്രമാണ് മീന്‍പിടിക്കാനുള്ള അവകാശം. എന്നാല്‍ ബന്ദിപ്പൂര്‍, നാഗര്‍ഹൊള കടുവ സങ്കേതങ്ങളുടെ പരിധിയില്‍ വരുന്ന ഭാഗത്ത് മീന്‍പിടിക്കാന്‍ ആര്‍ക്കും അവകാശമില്ല.
പലപ്പോഴും ഗ്രാമവാസികള്‍അധികൃതരുടെ കണ്ണുവെട്ടിച്ച് ആര്‍ക്കും പ്രവേശനമില്ലാത്ത ഗണ്ടത്തൂര്‍ ബോട്ട് ഹൗസിന് മുകള്‍ ഭാഗത്തേക്ക് പുഴയില്‍ മീന്‍പിടിക്കാനെത്താറുണ്ട്. വെള്ളിയാഴ്ച രാത്രിയെത്തിയ സംഘത്തെ പിടികൂടാനെത്തിയ വനപാലക സംഘവുമായി മീന്‍പിടിത്തക്കാര്‍ പുഴയുടെ നടുവില്‍ വച്ച് അടിപിടിയുണ്ടാക്കുകയും പങ്കായം കൊണ്ട് ജീവനക്കാരെ അടിച്ച് പുഴയിലിടുകയും കൊട്ടത്തോണി മുക്കിയെന്നുമാണ് വനംവകുപ്പ് പറയുന്നത്. ഗുണ്ടറ റേഞ്ചിലെ മഹേഷ്(26), ശിവകുമാര്‍ (36) എന്നിവരാണ് മരിച്ചത്. ബൊമ്മന്‍, ചെലുവന്‍ എന്നിവര്‍ നീന്തി കരപറ്റി.
പുഴയില്‍ വലിച്ചുകെട്ടിയ വലപൊക്കിയെടുത്തപ്പോഴാണ് അക്കരെ പതുങ്ങിക്കിടന്നവര്‍ തോണിയില്‍ പാഞ്ഞടുത്തതെന്നും മീന്‍പിടിത്തക്കാര്‍ പത്തിലധികം പേരുണ്ടായിരുന്നുവെന്നും രക്ഷപെട്ട ബൊമ്മന്‍ പറയുന്നു. വനപാലകര്‍ ആകാശത്തേക്ക് വെടിവെച്ചുവെങ്കിലും കുതിച്ചെത്തിയ സംഘം അവരെ നേരിട്ടു. പങ്കായം കൊണ്ടുള്ള അടിയില്‍ തോക്കും പുഴയില്‍ വീണു. സമാനമായി രണ്ട് വര്‍ഷം മുന്‍പുണ്ടായ സംഘര്‍ഷത്തില്‍ ഗണ്ടത്തൂര്‍ സ്വദേശികളായ 3 പേര്‍ കൊല്ലപ്പെട്ടിരുന്നു.
മീന്‍പിടിത്തക്കാരെ നേരിടുവാനായി ലേലക്കാരുടെ ഏജന്റുമാര്‍ പതിയിരിക്കയായിരുന്നു. പുഴയിലിട്ട് 3 പേരെ വെട്ടിക്കൊന്നുവെന്നാണ് കേസ്. രാത്രിയില്‍ കൊട്ടത്തോണിയിലെത്തി മീന്‍പിടിത്തം പതിവായതോടെയാണ് ലേലക്കാരന്‍ ഗുണ്ടകളെ നിയോഗിച്ച് മീന്‍പിടുത്തക്കാരെ ഒതുക്കിയത്. വനപാലകര്‍ തങ്ങളുടെ വലയും കൊട്ടകളും സ്ഥിരമായി പിടിച്ചെടുക്കുന്നതിന്റെ അമര്‍ഷവും മീന്‍പിടുത്തക്കാര്‍ക്കുണ്ട്.
ഇവര്‍ പരമ്പരാഗതമായി ചെയ്തിരുന്ന മല്‍സ്യബന്ധനം സര്‍ക്കാര്‍ ലേലത്തില്‍ നല്‍കിയതോടെ ഗ്രാമവാസികളുടെ വരുമാനം നിലച്ചു. ഗുണ്ടത്തൂര്‍, ഉത്കൂര്‍, കാരാപ്പുര പ്രദേശത്തെ നിരവധിയാളുകളുടെ മുഖ്യതൊഴില്‍ മീന്‍പിടുത്തമായിരുന്നു. ഇവിടെ നിന്നാണ് ബാവലി, മാനന്തവാടി പ്രദേശങ്ങളിലേക്ക് പുഴമല്‍സ്യമെത്തിയിരുന്നത്.
https://www.facebook.com/Malayalivartha



























