കേരളത്തിലേക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഇന്നലെ എത്തിയത് 4,000-ലേറെ മലയാളികള്‍

ഇന്നലെ വൈകിട്ട് 7.30 വരെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്തിയത് 4310 പേര്‍. ഒരോ ചെക് പോസ്റ്റ് വഴി എത്തിയവരുടെ എണ്ണം ഇങ്ങനെയാണ്: ഇഞ്ചിവിള: 191 ആര്യങ്കാവ്: 182, കുമളി: 249, വാളയാര്‍ : 2377, മുത്തങ്ങ: 378, മഞ്ചേശ്വരം: 733.
തമിഴ്‌നാടിന്റെ ഇ- പാസില്ലാത്തതു മൂലം തമിഴ്‌നാട്ടില്‍ നിന്നു കേരളത്തിലേക്കു യാത്ര തിരിച്ച മലയാളികളെ ഇന്നലെ അതിര്‍ത്തിയില്‍ കളിയിക്കാവിളയില്‍ തമിഴ്‌നാട് തടഞ്ഞു.
അവരുടെ കൈവശം നോര്‍ക്കയുടെ പാസ് ഉണ്ടായിരുന്നുവെങ്കിലും തമിഴ്‌നാടിന്റെ ഇ പാസ് കൂടി വേണമെന്നു തമിഴ്‌നാട് പൊലീസ് നിര്‍ബന്ധം പിടിച്ചു. പലരും തമിഴ്‌നാട് പാസിനായി അപേക്ഷിച്ചിരുന്നുവെങ്കിലും സെര്‍വര്‍ തകരാര്‍ മൂലം ലഭിച്ചിരുന്നില്ല. മണിക്കൂറുകളോളം ഗതാഗത സ്തംഭനത്തിനും ഇത് ഇടയാക്കി. തുടര്‍ന്ന് തിരുവനന്തപുരം, കന്യാകുമാരി ജില്ലാ കലക്ടര്‍മാര്‍ ചര്‍ച്ച നടത്തി ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണു വാഹനങ്ങള്‍ കടത്തിവിട്ടത്.
പാലക്കാട്ട് വാളയാര്‍ അതിര്‍ത്തി വഴി വന്നവര്‍ക്കു പുറമേ, തിരിച്ച് 29 പേര്‍ ഇതര സംസ്ഥാനങ്ങളിലേക്കും മടങ്ങി. തിരക്ക് ഏറിയതിനാല്‍ 24 മണിക്കൂറും പരിശോധന നടത്തി വാഹനങ്ങള്‍ കടത്തി വിടാന്‍ ജില്ലാ കലക്ടര്‍ ഡി. ബാലമുരളി നിര്‍ദേശം നല്‍കി. രാത്രി യാത്രയ്ക്കു നിയന്ത്രണമുണ്ടെങ്കിലും നാട്ടിലേക്കു മടങ്ങുന്നവര്‍ക്ക് ഇളവ് അനുവദിച്ചു. കൊല്ലം ജില്ലയുടെ അതിര്‍ത്തിയായ ആര്യങ്കാവ് ചെക് പോസ്റ്റ് വഴിയും മലയാളികളുടെ വരവ് തുടങ്ങി.
https://www.facebook.com/Malayalivartha



























