അത് സ്പിരിറ്റ് കടത്തല്ല, എക്സൈസിനെ വെട്ടിച്ച് ടോള്‍ പ്ലാസയിലെ ബാരിയറും തകര്‍ത്ത് കടന്ന ലോറിയില്‍ പാന്‍മസാലയെന്ന് എക്സൈസ്... തെളിവില്ലാത്തതിനാല്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് ചിറ്റൂര്‍ എക്സൈസ് സിഐ എം. രാകേഷ്

എക്സൈസിനെ വെട്ടിച്ച് ടോള്‍ പ്ലാസയിലെ ബാരിയറും തകര്‍ത്ത് കടന്ന ലോറിയില്‍ പാന്‍മസാലയെന്ന് എക്സൈസ്. എന്നാല്‍ നിലവില്‍ ഇതിനും തെളിവില്ലാത്തതിനാല്‍ കേസെടുക്കാന്‍ കഴിയില്ലെന്നും ചിറ്റൂര്‍ എക്സൈസ് സിഐ എം. രാകേഷ് പറഞ്ഞു. തവിട് ചാക്കിനിടയില്‍ പാന്‍മസാല ചാക്കുമായി വരുമ്ബോഴാണ് എക്സൈസിനെ വെട്ടിച്ചു കടന്നതെന്നാണ് പ്രതികള്‍ നല്കിയ മൊഴി. ഇവര്‍ കോഴി വിതരണം ചെയ്യുന്നവരാണ്. ഇതിനിടെ പാന്മസാലയും അനധികൃതമായി കടത്തും. ഇത്തരത്തില്‍ പാന്‍മസാലയുമായി വരുമ്ബോഴാണ് എക്സൈസ് പരിശോധനയ്ക്ക് എത്തിയത്.
കോഴി വിറ്റവകയിലും പാന്‍മസാല വിതരണം ചെയ്തതിലുമായി മൂന്ന് ലക്ഷം രൂപയും ഇവരുടെ പക്കലുണ്ടായിരുന്നു. ഈ പണം തട്ടിയെടുക്കാന്‍ എത്തിയവരാണെന്ന് ഭയന്നാണ് ലോറി നിര്‍ത്താതെ പോയതെന്നും പ്രതികള്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞതായി സിഐ അറിയിച്ചു. എന്നാല്‍ പിടിച്ചെടുത്ത ലോറിയില്‍ നിലവില്‍ പാന്‍മസാല ചാക്കുകളൊന്നും കണ്ടെടുക്കാത്തതിനാല്‍ കേസുകളൊന്നും എടുക്കാനാവില്ല.
ടോള്‍ പ്ലാസയിലെ ബാരിക്കേഡ് തകര്‍ത്ത സംഭവത്തില്‍ പോലീസിന് വേണമെങ്കില്‍ കേസെടുക്കാമെന്നും സിഐ പറഞ്ഞു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ചാലക്കുടിയില്‍വച്ച് എക്സൈസ് സംഘത്തെ വെട്ടിച്ച് ലോറി കടന്ന് കളഞ്ഞത്. സ്പിരിറ്റുമായി ലോറി എത്തുന്നെന്ന വിവരത്തെ തുടര്‍ന്നാണ് എക്സൈസ് സംഘം റോഡില്‍ പരിശോധന നടത്തിയത്. പരിശോധന നടത്താന്‍ അടുത്തെത്തിയപ്പോള്‍ ലോറി അമിത വേഗതയില്‍ ഓടിച്ചുപോകുകയായിരുന്നു. ഇതോടെ അങ്കമാലി എക്സൈസ് റേഞ്ച് വിഭാഗം ഇവരെ പിന്തുടര്ന്നു. പട്ടിക്കാട്ടും വാണിയംപാറയിലും പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെപോയ ലോറി, വടക്കാഞ്ചേരിയില്‍ കാത്തുനിന്ന എക്സൈസിനെയും വെട്ടിച്ചുകടക്കുകയായിരുന്നു.പേരാമ്ബ്രയില്‍ സ്വകാര്യ ഹോട്ടലിന്റെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ സ്പിരിറ്റ് ലോറി പാര്‍ക്ക് ചെയ്തതായുള്ള വിവരത്തെതുടര്‍ന്നാണ് എക്സൈസ് എത്തിയത്.
സ്ഥലത്തെത്തിയ എക്സൈസ് സംഘത്തെ മറികടന്നു ലോറി ദേശീയപാതയിലൂടെ പാലക്കാട് ഭാഗത്തേക്കു കുതിച്ചു. എക്സൈസ് വാഹനം കിലോമീറ്ററുകളോളം ലോറിയെ പിന്തുടര്ന്നെങ്കിലും പിടികൂടാനായില്ല. പുലര്‍ച്ചെ 3.50നാണ് ലോറി പാലിയേക്കര ടോള്‍പ്ലാസയിലൂടെ പാഞ്ഞുപോയത്. വാഹനം അതിവേഗത്തില്‍ ബൂം ബാരിയര്‍ ഇടിച്ചുതെറിപ്പിച്ചാണ് കടന്നത്. എക്സൈസ് സംഘം അറിയിച്ചതിനെതുടര്‍ന്ന് പട്ടിക്കാടുവച്ച് എട്ടുപേരടങ്ങുന്ന പോലീസ് സംഘം ലോറി തടയാന്‍ ശ്രമിച്ചെങ്കിലും ഇവരെ മറികടന്ന് വാഹനം മുന്നോട്ടു കുതിക്കുകയായിരുന്നു.
കുതിരാന്‍ കടന്നു വാണിയംപാറയില്‍ ജില്ലാ അതിര്‍ത്തിയിലുള്ള പോലീസുകാരും വാഹനം തടയാന്‍ ശ്രമം നടത്തിയിരുന്നു.പിന്നീട് മംഗലം ഡാം ഭാഗത്തേക്കുള്ള വഴിയിലേക്കു തിരിഞ്ഞ വാഹനത്തെ എക്സൈസ് പിന്തുടര്ന്നെങ്കിലും കണ്ടെത്താനായില്ല. അന്വേഷണത്തില്‍ ലോറിയുടെ നമ്ബര്‍ വ്യാജമാണെന്നു തെളിഞ്ഞു. ടോള്‍ പ്ലാസയില്‍ പ്രശ്നമുണ്ടാക്കിയശേഷം 35 കിലോമീറ്ററോളം ദേശീയപാതയിലൂടെ ഓടിയ ശേഷമാണു വാഹനം കാണാതായത്.
https://www.facebook.com/Malayalivartha



























