റേഷൻ കടയിൽ മാത്രമല്ല മദ്യശാലക്ക് മുന്നിലും ഇനി അദ്ധ്യാപകർ! ഒന്നൊന്നര തീരുമാനം ആയി പോയി

കോവിഡ് – 19 പ്രതിരോധത്തിന് അധ്യാപകരെ നിയോഗിക്കാനുള്ള സർക്കാർ തീരുമാനം നടപ്പാക്കുന്നതിന്റെ ഭാഗമായി സ്കൂൾ, ഹയർസെക്കൻഡറി അധ്യാപകരെ റേഷൻ കടയിൽ ജോലിക്ക് നിയോഗിച്ച് കണ്ണൂരിൽ കലക്ടറുടെ ഉത്തരവ് വന്നിരിക്കുകയാണ് ഇതു സംബന്ധിച്ച ഉത്തരവുകൾ നഗരസഭകൾക്കും വിദ്യാഭ്യാസ ഉപഡയറക്ടർ, പഞ്ചായത്ത് ഉപഡയറക്ടർ തുടങ്ങിയവർക്കും അയച്ചു കഴിഞ്ഞു. ഉത്തരവു പ്രകാരം അധ്യാപകരെ റേഷൻ കടകളിൽ റൊട്ടേഷൻ വ്യവസ്ഥയിൽ ജോലിക്ക് നിയോഗിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഉത്തരവ് ചൊവ്വാഴ്ച മുതൽ തന്നെ നടപ്പാക്കാനാണ് നിർദേശം. എന്നാൽ മദ്യശാലകളിലെ തിരക്ക് നിയന്ത്രിക്കാൻ അദ്ധ്യാപകർ എത്തും എന്ന വാർത്തയാണ് പുറത്ത് വരുന്നത്. സംഭവം കേരളത്തിലല്ല ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്താണ് ഇങ്ങനൊരു പുതിയ ചുമതല അദ്ധ്യാപകർക്ക് ലഭിച്ചിരിക്കുന്നത്.
ലോക്ക് ഡൗണിനിടയിൽമദ്യശാലകൾ തുറന്നപ്പോൾ കണ്ടത് ജനസാഗരമാണ്. ഇവരാരും സാമൂഹിക അകലം പാലിച്ചല്ല ക്യൂവിൽ നിന്നതും. ഈ പശ്ചാത്തലത്തിലാണ് മദ്യശാലകൾക്ക് മുമ്പിൽ പൊലീസുകാർക്കൊപ്പം അദ്ധ്യാപകരെയും ആളുകളെ നിർദേശങ്ങൾ പാലിപ്പിക്കുന്നതിന് സർക്കാർ നിയോഗിച്ചത്.
ജില്ലയിലെ 311 ബാറുകളിൽ 272 എണ്ണം തുറന്നു പ്രവർത്തിക്കുന്നുണ്ടെന്ന് എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ ഭാസ്കർ റാവു അറിയിച്ചു. കൂടാതെ അധികമായുള്ള ജനത്തിരക്ക് നിയന്ത്രിക്കാൻ വേണ്ടിയാണ് അദ്ധ്യാപകരെ ഇവിടെ നിയോഗിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടയിൽ സർക്കാരിന്റെ ഈ തീരുമാനത്തിനെതിരെ നിരവധി അദ്ധ്യാപകരാണ് രംഗത്തെത്തിയിരിക്കുന്നത്. സർക്കാർ ഏൽപ്പിക്കുന്ന എന്ത് ജോലിയും ചെയ്യാൻ ഞങ്ങൾക്ക് ഒരു മടിയും ഇല്ലായെന്നും ഇതൊരു നാണംകെട്ട പണിയാണെന്നും അവർ പ്രതികരിക്കുകയും ചെയ്തു.
അതേസമയം കണ്ണൂരിൽ ഹോട്‌സ്പോട്ടായി പ്രഖ്യാപിച്ച പ്രദേശങ്ങളിൽ സർക്കാർ സൗജന്യ റേഷൻ കിറ്റ് വിതരണം ചെയ്യുന്നുണ്ട്. റേഷൻ ഉപഭോക്താക്കൾക്ക് ഈ സാധനങ്ങൾ സൗജന്യമായി ലഭ്യമാകുന്നുണ്ട് എന്ന് ഉറപ്പു വരുത്തുകയാണ് അധ്യാപകരുടെ ദൗത്യം. ഇവിടങ്ങളിൽ അധ്യാപകരുടെ സാന്നിധ്യത്തിൽ ആയിരിക്കണം ഹോം ഡെലിവറി നടത്തേണ്ടത്.
ഓരോ റേഷൻ കടകളും നിലനിൽക്കുന്ന പ്രദേശത്തെ അധ്യാപകരെയാണ് ഇതിനായി ഉപയോഗിക്കേണ്ടത് എന്നാണ് വിദ്യാഭ്യാസ ഉപഡയറക്ടർക്കുള്ള നിർദേശം. കിറ്റുകൾ വാർഡ് മെമ്പർ, കുടുംബശ്രീ പ്രവർത്തകർ എന്നിവരെ മാത്രം ചുമതലപ്പെടുത്തിയായിരിക്കണം വിതരണം ചെയ്യേണ്ടത്. ഭക്ഷണ കിറ്റ് വിതരണം ചെയ്യുമ്പോൾ കാർഡ് ഉടമകളിൽ നിന്ന് ഇവർ യാതൊരു പ്രതിഫലവും പറ്റുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ടതും അധ്യാപകരുടെ ചുമതലയാണ്. താലൂക്ക് സപ്ലൈ ഓഫിസർക്കായിരിക്കും ഇതിന്റെ മേൽനോട്ട ചുമതലയെന്നും ഉത്തരവിൽ പറയുന്നു.
അധ്യാപകരെ കോവിഡ് – 19 പ്രതിരോധത്തിനായി ഉപയോഗിക്കുന്നതിന്റെ ഭാഗമായുള്ള പരീക്ഷണം കഴിഞ്ഞ ദിവസം കാസർകോട് ജില്ലയിൽ നടപ്പാക്കിയിരുന്നു. ചെക്പോസ്റ്റുകളിലും മറ്റുമായിരുന്നു അവിടെ അധ്യാപകരെ ജോലിക്ക് നിയോഗിച്ചത്. വയനാട് ജില്ലയിലും ചെക്പോസ്റ്റുകളിൽ അധ്യാപകരെ നിയോഗിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























