ലോക് ഡൗണ്‍ കാലത്ത് കുടിയന്‍മാരുടെ ആവേശം അതിരുവിട്ടു; തമിഴ്‌നാട്ടിലെ മദ്യശാലകള്‍ അടയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ്; പകരം ഓണ്‍ലൈന്‍ വഴി മദ്യ വില്‍പന നടത്താം

ലോക് ഡൗണിന് ശേഷം തുറന്ന മദ്യവില്‍പന ശാലകളില്‍ വലിയ ജനക്കൂട്ടമാണ് കണ്ടത്. ഇതോടെ തമിഴ്‌നാട്ടില്‍ തുറന്നു പ്രവര്‍ത്തിക്കുന്ന മുഴുവന്‍ മദ്യവില്‍പന ശാലകളും അടയ്ക്കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ഓണ്‍ലൈന്‍ വഴിയുള്ള വില്‍പന മാത്രം മതിയെന്നും ഹൈക്കോടതി സര്‍ക്കാറിന് നിര്‍ദേശം നല്‍കി.
ലോക്ക്ഡൗണ്‍ കാലാവധി കഴിയുന്ന മേയ് 17 വരെ മദ്യവില്‍പന ശാലകള്‍ തുറക്കരുതെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. അതുവരെ ഓണ്‍ലൈന്‍ വില്‍പന നടത്താം. സാമൂഹിക അകലം പാലിച്ച് മാത്രമേ മദ്യവില്‍പന നടത്താന്‍ പാടുള്ളുവെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മദ്യശാലകള്‍ക്ക് പുറത്ത് വലിയ തോതില്‍ ജനങ്ങള്‍ കൂട്ടംകൂടി സാമൂഹിക അകലം പാലിക്കാതിരിക്കുന്നത് പരാതിക്കാര്‍ ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്നാണ് മദ്യശാലകള്‍ അടയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.
കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനിടയില്‍ സംസ്ഥാനത്തെ മദ്യശാലകള്‍ തുറന്നതിനെതിരേ വലിയ പ്രതിഷേധങ്ങളാണ് തമിഴ്‌നാട്ടിലുടനീളം അരങ്ങേറിയിരുന്നത്. നിലവില്‍ 6,009 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ കോവിഡ് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച മാത്രം പുതിയ 600 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 40 പേര്‍ ഇതുവരെ മരിച്ചു.
https://www.facebook.com/Malayalivartha



























