സംസ്ഥാനത്ത് ചികില്‍സയിലുള്ളത് 16 പേര്‍

സംസ്ഥാനത്ത് 16 പേരാണ് ഇപ്പോള്‍ ചികില്‍സയിലുള്ളത്. ചെന്നൈയില്‍ നിന്ന് എറണാകുളത്ത് എത്തിയ വൃക്കരോഗിക്ക് ഇന്നലെ രോഗം സ്ഥിരീകിരിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഇദ്ദേഹം. പത്തു പേരുടെ ഫലം നെഗറ്റീവ്. ഇവര്‍ കണ്ണൂര്‍ സ്വദേശികളാണ്.
കേരളത്തില്‍ ഇതുവരെ 503 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 20157 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 19810 പേര്‍ വീടുകളിലും 347 പേര്‍ ആശുപത്രികളിലുമാണ്. ഇന്ന് 127 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 35856 സാംപിളുകള്‍ പരിശോധിച്ചതില്‍ 35355 എണ്ണം നെഗറ്റീവായി. സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 33 ആയി കുറഞ്ഞു. കണ്ണൂര്‍ 5, വയനാട് 4, കൊല്ലം 3, ഇടുക്കി, എറണാകുളം, പാലക്കാട്, കാസര്‍കോട് ജില്ലകളില്‍ ഒന്നുവീതം എന്നിങ്ങനെയാണ് ചികില്‍സയിലുള്ളവരുടെ എണ്ണം.
അതിഥി തൊഴിലാളികളെ സ്വീകരിക്കാന്‍ ചില സംസ്ഥാനങ്ങള്‍ സമ്മതം അറിയിച്ചിട്ടില്ല. അവരുടെ സമ്മതം വരുന്ന മുറയ്ക്ക് ഇവിടെ നിന്ന് ട്രെയിന്‍ അനുവദിക്കും. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ചെത്തുന്നവര്‍ ഇവിടെ നിരീക്ഷണത്തില്‍ കഴിയണം. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികളുണ്ടാകും.
അനുവദിച്ചിട്ടുള്ള മേഖലകളില്‍ ജില്ല വിട്ട് ജോലി ചെയ്യുന്ന സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്ക് ഒരാഴ്ച കാലാവധിയുള്ള പാസ് നല്‍കും. അതത് സ്ഥലത്തെ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഓഫിസര്‍മാരാണ് പാസ് അനുവദിക്കേണ്ടത്. അപേക്ഷയുടെ മാതൃക ഓണ്‍ലൈനില്‍ ലഭ്യമാക്കും. ഇതിന്റെ പകര്‍പ്പെടുത്ത് പൂരിപ്പിച്ച് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലെത്തിക്കണം.
ഞായറാഴ്ച സമ്പൂര്‍ണ ലോക്ഡൗണ്‍ നിര്‍ദേശിച്ചത് വിവേചന പൂര്‍വം നടപ്പാക്കണം. തുടര്‍ച്ചയായി പ്രവര്‍ത്തിക്കേണ്ട വ്യവസായങ്ങള്‍ക്കും ഭക്ഷണശാലകള്‍ക്കും ഇളവു നല്‍കും. ഓട്ടോറിക്ഷയ്ക്ക് ഓടാന്‍ അനുവാദമില്ല. എന്നാല്‍ ചെറിയ കാര്യങ്ങള്‍ക്ക് ഓടാന്‍ സൗകര്യമൊരുക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിക്കും. അഭിഭാഷകര്‍ക്ക് ഔദ്യോഗിക ആവശ്യാര്‍ഥം അന്തര്‍ജില്ലാ യാത്രകള്‍ക്ക് അനുമതി നല്‍കും. കോടതികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അഭിഭാഷകര്‍ക്ക് യാത്രചെയ്യാന്‍ അനുമതി നല്‍കും . വിശാഖപട്ടണത്തെ വാതക ചോര്‍ച്ചയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വ്യവസായ ശാലകളുടെ സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തും.
രോഗത്തിന്റെ മൂന്നാം വരവ് ഉണ്ടാകാതിരിക്കാന്‍ എല്ലാം ചെയ്യുകയാണ്. ഇതുവരെ ഉണ്ടായ മാതൃകാപരമായ സമീപനം പൊതു സമൂഹത്തില്‍ നിന്നു വീണ്ടും ഉണ്ടാകേണ്ട സമയമാണ്. രാജ്യത്താകെ 1077 മരണം ഉണ്ടായെന്നാണ് കേന്ദ്ര മന്ത്രാലയം പുറത്തുവിട്ട കണക്ക്. ഇനിയുള്ള നാളുകളാണ് പ്രധാനം. മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് സാധ്യമായ എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ട്. മടങ്ങിവരുന്നവവര്‍ക്കുള്ള ഒരുക്കങ്ങള്‍ വിലയിരുത്തി കേന്ദ്ര സിവില്‍ ഏവിയേഷന്‍ സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് അഭിനന്ദനം അറിയിച്ചു.
https://www.facebook.com/Malayalivartha



























