ആദ്യ സമുദ്ര സേതു ദൗത്യം വിജയം; 698 പേരുമായി ജലാശ്വ രാവിലെ കൊച്ചിയിലെത്തി മൂന്ന് മണിക്കൂര്‍ കൊണ്ട് പരിശോധനകള്‍ പൂര്‍ത്തിയാക്കി എല്ലാ യാത്രക്കാരെയും പുറത്തിറക്കാനാകുമെന്ന് അധികൃതര്‍

ഐഎന്‍ എസ് ജലാശ്വ കൊച്ചിയില്‍ മാലി ദ്വീപില്‍ നിന്നുള്ള കപ്പലാണ് കൊച്ചിയിലെത്തിയത്. കപ്പലില്‍ 698 യാത്രക്കാരാണുള്ളത്, അതില്‍ ഇതര സംസ്ഥാനക്കാരുമുണ്ട്. രാവിലെ 9. മണിയോടെയാണ് കപ്പല്‍ കൊച്ചി തുറമുഖത്തെത്തിയത്. സമുദ്ര സേതു ഒഴിപ്പിക്കല്‍ ദൗത്യത്തിലെ ആദ്യ കപ്പലിനെ കൊച്ചി തുറമഖത്തേക്ക് എത്തിക്കാനുള്ള പൈലറ്റ് ബോട്ട് പുറംകടലിലേക്ക് പുറപ്പെട്ടു. മലയാളികള്‍ക്കൊപ്പം ഇതരസംസ്ഥാനങ്ങളിലുളളവരും കപ്പലിലുണ്ട്. 440 മലയാളികളും 156 തമിഴ്നാട് സ്വദേശികളുമാണ് സംഘത്തിലുള്ളത്. ഇവരില്‍ 19 പേര്‍ ഗര്‍ഭിണികളും 14 പേര്‍ കുട്ടികളുമാണ്. വിശദമായ പരിശോധന തുറമുഖത്തുണ്ടാകും. രോഗലക്ഷണങ്ങള്‍ ഉള്ളവരെ കളമശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. മറ്റുള്ളവരെ അതാത് ജില്ലകളിലെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകും. മറ്റ് സംസ്ഥാനങ്ങളിലുള്ളവര്‍ എറണാകുളത്തെ നിരീക്ഷണ കേന്ദ്രത്തിലായിരിക്കും 14 ദിവസത്തേക്ക് കഴിയേണ്ടത്. പ്രത്യേക പരിഗണനാ ലിസ്റ്റിലുള്ളവരെ പ്രത്യേക സജ്ജമാക്കിയ കാറില്‍ വീടുകളിലേക്ക് അയക്കും.
പത്ത് എമിഗ്രേഷന്‍ കൗണ്ടറുകളാണ് യാത്രക്കാരുടെ രേഖകള്‍ പരിശോധിക്കുന്നതിനായി കൊച്ചി പോര്‍ട്ടില്‍ ഒരുക്കിയിരിക്കുന്നത്. കപ്പലില്‍ എത്തുന്നവരെ വിമാനത്താവളത്തിന് സമാനമായ രീതിയില്‍ കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് വിവിധ ഘട്ടങ്ങളിലായി പരിശോധികും. മൂന്ന് മണിക്കൂര്‍ കൊണ്ട് പരിശോധനകള്‍ പൂര്‍ത്തിയാക്കി എല്ലാ യാത്രക്കാരെയും പുറത്തിറക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
പ്രവാസികളുമായുളള വിമാനം ഇന്ന് തിരുവനന്തപുരത്തെത്തും. ദോഹയില്‍ നിന്നുളള 182 അംഗസംഘം രാത്രി 10.45 ഓടെയാണ് വിമാനമിറങ്ങുക. അഞ്ച് ജില്ലകളില്‍ നിന്നുളളവരാണ് തിരുവനന്തപുരത്ത് വിമാനമിറങ്ങുക. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ , കന്യാകുമാരി എന്നിവിടങ്ങളിലുളളവര്‍ ഇതില്‍ ഉള്‍പ്പെടുന്നു.
കരിപ്പൂരില്‍ നിന്നുളള എയര്‍ ഇന്ത്യ വിമാനം ദോഹയിലെത്തി അവിടെ നിന്നുമാണ് തിരുവനന്തപുരത്തേക്ക് പ്രവാസികളെ എത്തിക്കുന്നത്. ആധുനിക തെര്‍മല്‍ ക്യാമറ അടക്കമുളള സജ്ജീകരണങ്ങളാണ് തിരുവനന്തപുരത്ത് എത്തുന്ന യാത്രക്കാരെ പരിശോധിക്കാന്‍ ഒരുക്കിയിരിക്കുന്നത്. ഏഴ് ഹെല്‍പ് ഡെസ്‌കുകള്‍ വഴി ശരീര ഊഷ്മാവ് പരിശോധിക്കും.
'വന്ദേഭാരതി'ന്റെ രണ്ടാം ഘട്ടത്തില്‍ 10 രാജ്യങ്ങളാണ് ഉള്ളത്. ഓസ്‌ട്രേലിയ, കാനഡ, ഫ്രാന്‍സ്, റഷ്യ, ജര്‍മനി, താജിക്കിസ്താന്‍, ഉസ്‌ബെക്കിസ്താന്‍, കസാഖിസ്താന്‍, കിര്‍ഗിസ്താന്‍, യുക്രൈന്‍ എന്നീ രാജ്യങ്ങളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ മാസം 15 മുതല്‍ 22 വരെയാണ് രണ്ടാം ഘട്ടം നടപ്പാക്കുന്നത്. വന്ദേഭാരതിന്റെ മൂന്നാംഘട്ടത്തില്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലുള്ള ഇന്ത്യക്കാരെയായിരിക്കും നാട്ടിലെത്തിക്കുകയെന്നാണ് സൂചന.
രണ്ടാംഘട്ടത്തില്‍ എയര്‍ഇന്ത്യയ്ക്ക് പുറമേ അതത് രാജ്യങ്ങളുടെ ചില വിമാനക്കമ്പനികളും ദൗത്യത്തില്‍ പങ്കെടുക്കും. ഇതനുസരിച്ച് താജിക്കിസ്താനില്‍ നിന്നുള്ള ആദ്യ ഇന്ത്യന്‍സംഘത്തെ നാട്ടിലെത്തിക്കുന്നത് താജിക്കിസ്താന്റെ വിമാനക്കമ്പനിയാണ്. മോള്‍ഡോവയില്‍ കുടുങ്ങിയിരിക്കുന്ന മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കുന്നതിനുള്ള ചര്‍ച്ച പുരോഗമിക്കുന്നതായി ഔദ്യോഗികകേന്ദ്രങ്ങള്‍ പറഞ്ഞു. ഇവരെ രണ്ടാഴ്ചയ്ക്കകം നാട്ടിലെത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
https://www.facebook.com/Malayalivartha



























