ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നല്ലാതെ ആദ്യമായി മറ്റൊരു രാജ്യത്തു നിന്നുള്ള പ്രവാസികളുമായി വിമാനം കൊച്ചിയിലെത്തി

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നല്ലാതെ ആദ്യമായി മറ്റൊരു രാജ്യത്തു നിന്നുള്ള പ്രവാസികളുമായി ലോക്ഡൗണിനു ശേഷം എയര്‍ ഇന്ത്യയുടെ വിമാനം കൊച്ചിയിലെത്തി. മലേഷ്യയില്‍ നിന്നുള്ളവരെയാണ് IX683 വിമാനത്തില്‍ നാട്ടിലെത്തിച്ചത്. 177 യാത്രക്കാരും രണ്ടു പിഞ്ചു കുഞ്ഞുങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്.
കൊച്ചിയില്‍ നിന്ന് ഉച്ചയ്ക്ക് ഒരുമണിക്കാണ് വിമാനം ക്വാലലംപൂരിലേക്ക് പുറപ്പെട്ടത്. രാത്രി 7.40-ന് അവിടെയിറങ്ങിയ വിമാനം കൊച്ചിയിലേക്കു പോരാന്‍ നാളുകളായി തയാറെടുത്തുകൊണ്ടിരിക്കുകയായിരുന്നു. രാത്രി 8.40ന് അവിടെ നിന്നു പുറപ്പെട്ടു. രാത്രി 10.11-നാണ് വിമാനം ലാന്‍ഡ് ചെയ്തത്.
യാത്രക്കാരില്‍ ചിലരെ വിമാനത്താവളത്തിളെ പതിവു പരിശോധനകള്‍ക്കു ശേഷം ആരോഗ്യവകുപ്പ് ഒരുക്കിയ ക്വാറന്റീന്‍ കേന്ദ്രങ്ങളിലേക്കും അര്‍ഹരായ മറ്റുള്ളവരെ വീടുകളിലേയ്ക്കും ക്വാറന്റീനിലേയ്ക്കയച്ചു. വന്ദേ ഭാരത് രക്ഷാദൗത്യത്തിന്റെ ഭാഗമായി കൊച്ചി വിമാനത്താവളത്തില്‍ ഇതു വരെ 1090 പേരെത്തി. ഇതില്‍ 25 പേര്‍ കുഞ്ഞുങ്ങളാണ്.
6 വിമാനങ്ങളിലായാണ് ഇത്രയും യാത്രക്കാരെത്തിയത്. ശനിയാഴ്ച മാത്രം 535 യാത്രക്കാരാണെത്തിയത്. കുവൈത്ത്, മസ്‌കത്ത്, ദോഹ എന്നിവിടങ്ങളില്‍ നിന്നുള്ള 3 വിമാനങ്ങളിലായാണ് ഇത്രയും യാത്രക്കാരെത്തിയത്. ഇതില്‍ 156 ഗര്‍ഭിണികളുമുണ്ടായിരുന്നു. ഈ വിമാനങ്ങളിലെത്തിയവരില്‍ രോഗലക്ഷണങ്ങളുണ്ടായിരുന്ന 5 പേരെ കളമശേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ 2 എറണാകുളം ജില്ലക്കാരും പത്തനംതിട്ട, തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍ നിന്ന് ഓരോരുത്തരുമാണുണ്ടായിരുന്നത്.
180 യാത്രക്കാരും 2 കുഞ്ഞുങ്ങളുമായാണ് ദോഹയില്‍ നിന്നുള്ള വിമാനം ഞായറാഴ്ച പുലര്‍ച്ചെയെത്തിയത്. ശനിയാഴ്ചത്തെ കുവൈത്ത് വിമാനത്തില്‍ എത്തിയവരില്‍ 2 ട്രാന്‍സ്‌ജെന്‍ഡറുകളുമുണ്ടായിരുന്നു. വന്ദേ ഭാരത് രക്ഷാദൗത്യത്തിലെ ഒന്നാം ഘട്ടത്തിലെ കൊച്ചിയിലേക്കുള്ള അവസാന വിമാനം തിങ്കളാഴ്ച ദുബായില്‍ നിന്നു പുറപ്പെട്ട് രാത്രി 8.10-ന് കൊച്ചിയിലെത്തും. കൊച്ചിയിലേക്ക് ഇതോടെ അബുദാബി, ബഹ്‌റൈന്‍, കുവൈത്ത്, മസ്‌കത്ത്, ദോഹ, ക്വാലലംപൂര്‍, ദുബായ് എന്നിവിടങ്ങളില്‍ നിന്ന് ഓരോ സര്‍വീസുകളാകും. ആകെ 7 സര്‍വീസുകള്‍.
ഒന്നാം ഘട്ടത്തിന്റെ ഭാഗമായി ഇന്ന് ബഹ്‌റൈനില്‍ നിന്ന് കോഴിക്കോട്ടേയ്ക്കും നാളെ(12) ദുബായില്‍ നിന്ന് കണ്ണൂരിലേയ്ക്കും 13-ന് കുവൈത്തില്‍ നിന്ന് കോഴിക്കോട്ടേയ്ക്കും സര്‍വീസുകളുണ്ട്. തുടര്‍ന്നുള്ള സര്‍വീസുകളില്‍ തീരുമാനമായിട്ടില്ല. വ്യോമയാന മന്ത്രാലയത്തിന്റെ അനുമതിയ്ക്കായി കാത്തിരിക്കുകയാണ് എയര്‍ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍.
https://www.facebook.com/Malayalivartha



























