കടുവ ഭീതിയില്‍ മേടപ്പാറയും മണിയാറും

പത്തനംതിട്ട സീതത്തോടില്‍ ഇന്നലെ രാത്രി 12 മണിയോടെ മണിയാര്‍ പിഐപി അണക്കെട്ടിനു സമീപം ജനവാസ മേഖലയില്‍ കടുവ ഇറങ്ങി തൊഴുത്തില്‍ കെട്ടിയിട്ടിരുന്ന കിടാവിനെ കടിച്ചുകൊന്നു. പൂതകല്ലുങ്കല്‍ രാജന്റെ കിടാവിനെയാണ് കൊന്നത്. കിടാവിന്റെ ജഡം കൂട്ടില്‍ തന്നെ കിടപ്പുണ്ട്. കൃഷിക്കാരനായ രാജന്റെ കന്നുകാലിത്തൊഴുത്തില്‍ 4 പശുക്കള്‍ ഉണ്ടായിരുന്നു. ചത്ത കിടാവിനു 6 മാസം പ്രായം വരും.
തണ്ണിത്തോട് മേടപ്പാറയില്‍ ഇറങ്ങിയ കടുവയെ പിടിക്കാന്‍ വയനാട്ടില്‍ നിന്ന് എത്തിയ ഡോ.അരുണ്‍ സക്കറിയായുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘവും റാന്നി എ.സി.എഫ് ഹരികൃഷ്ണന്റെ നേതൃത്വത്തില്‍ വനപാലകരും നടത്തിയ പരിശോധനയിലാണ് കടുവയാണന്ന് സ്ഥിരീകരിച്ചത്. കടുവയുടെ കാല്‍പാടുകളും കണ്ടെത്തി.
വയനാട്ടില്‍ നിന്നു കൊണ്ടുവന്ന 2 ഇരുമ്പ് കൂടുകള്‍ മണിയാറില്‍ എത്തിച്ച് ഇരയെ കെട്ടി. ഒരു കൂട്ടില്‍ ചത്ത കിടാവിന്റെ ജഡമാണ് ഇരയായി ഇട്ടിരിക്കുന്നത്. പുലി ആണെന്ന നിഗമനത്തിലായിരുന്നു ആദ്യം. പിന്നീട് വിദഗ്ധ പരിശോധനയിലാണ് കടുവ ആണെന്ന് ഉറപ്പിച്ചത്. മേടപ്പാറയില്‍ കണ്ട കടുവയും മണിയാറില്‍ കണ്ട കടുവയും ഒന്നുതന്നെയാണോയെന്നു വ്യക്തമായിട്ടില്ല.
മേടപ്പാറയും മണിയാറും അടുത്ത പ്രദേശങ്ങളാണ്. വനത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന ഈ പ്രദേശത്ത് കാട്ടാന, കാട്ടുപോത്ത്, പുലി, മ്ലാവ് തുടങ്ങിയ മിക്ക വന്യ മൃഗങ്ങളും ഉണ്ട്. കടുവ ഇറങ്ങിയതിനെത്തുടര്‍ന്ന് ജനം കടുത്ത ഭീതിയിലാണ്. പിഐപിയോടു ചേര്‍ന്ന പ്രദേശങ്ങള്‍ മിക്കവയും കാട് മൂടി കിടക്കുകയാണ്. കന്നുകാലികളെ വളര്‍ത്തിയാണ് സമീപ പ്രദേശത്തുള്ളവര്‍ ഉപജീവനം കഴിയുന്നത്.
https://www.facebook.com/Malayalivartha



























