സംസ്ഥാനത്ത് വ്യാഴാഴ്ച 26 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗികളുടെ എണ്ണം വര്‍ധിച്ചത് വിപത്തിനെ കാട്ടുന്നുവെന്ന് മുഖ്യമന്ത്രി

കാസര്‍കോട് 10, മലപ്പുറം 5, പാലക്കാട്, വയനാട് - മൂന്ന്, കണ്ണൂര്‍ - രണ്ട്, പത്തനംതിട്ട, ഇടുക്കി കോഴിക്കോട് എന്നിവിടങ്ങളില്‍ ഒരോരുത്തര്‍ എന്നിങ്ങനെ സംസ്ഥാനത്ത് വ്യാഴാഴ്ച 26 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. 3 പേര്‍ക്ക് നെഗറ്റീവായി.
ഇവരില്‍ 7 പേര്‍ വിദേശത്തു നിന്നു വന്നവരും 14 പേര്‍ പുറത്തുനിന്നുവന്നവരുമാണ്. ചെന്നൈ 2, മുംബൈ 4, ബെംഗളൂരു 1 എന്നിവിടങ്ങില്‍ നിന്നുള്ള വന്നവരാണ് ഇവര്‍. 11 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം പിടിപെട്ടത്. കോവിഡ് നെഗറ്റീവ് ആയവരില്‍ രണ്ടുപേര്‍ കൊല്ലത്തുനിന്നുള്ളവരാണ്. ഒരാള്‍ കണ്ണൂരില്‍നിന്നുള്ളയാളും. രോഗികളുടെ എണ്ണം വര്‍ധിച്ചത് നാം നേരിടുന്ന വിപത്തിനെയാണ് കാണിക്കുന്നതെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത് 560 പേര്‍ക്കാണ്. ഇതില്‍ 64 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. സംസ്ഥാനത്തെ ഹോട്‌സ്‌പോട്ടുകളുടെ എണ്ണം 15 ആയി കുറഞ്ഞു. ഇതുവരെ 40692 സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. 39619 എണ്ണത്തില്‍ രോഗബാധ ഇല്ലെന്നു കണ്ടെത്തി.
ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നത് കൊറോണ വൈറസ് ഒരിക്കലും ഇല്ലാതാകില്ലെന്നാണ്. വാക്‌സിന്റെ അഭാവത്തില്‍ എച്ച്‌ഐവിയെപ്പോലെ തന്നെ ലോകത്ത് നിലനില്‍ക്കുമെന്നും പറയുന്നു. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുക, ചികിത്സിച്ച് ഭേദമാക്കാനുള്ള ചികില്‍സാ പ്രോട്ടോകോള്‍ ഉണ്ടാക്കുക എന്നിവ പ്രധാനപ്പെട്ടതാണ്. നാം ജീവിതശൈലി മാറ്റേണ്ടതായുണ്ട്. മാസ്‌കിന്റെ ഉപയോഗം ജീവിതത്തിന്റെ ഭാഗമാക്കണം. അത്യാവശ്യ യാത്രകളും കൂടിച്ചേരലുകളും മാത്രം നടത്തുക. ആളുകളുടെ എണ്ണം ക്രമീകരിച്ചുവേണം കാര്യങ്ങള്‍ നടത്തേണ്ടത്. റസ്റ്ററന്റുകള്‍, ഷോപ്പിങ് സെന്ററുകള്‍ എന്നിവിടങ്ങളില്‍ ഉപയോഗ സമയം അനുസരിച്ച് ടൈം സ്ലോട്ട് ക്രമീകരിക്കേണ്ടി വരും. 124 മലയാളികളാണ് വിദേശത്ത് കോവിഡ് ബാധിച്ച് മരിച്ചത്.
സംസ്ഥാനത്തെ എല്ലാ സ്‌കൂളികളിലേക്കുമുള്ള 2020/21 അധ്യായന വര്‍ഷത്തെ പ്രവേശന നടപടി മേയ് 18ന് ആരംഭിക്കും. പൊതുവിദ്യാഭ്യാസ വകുപ്പിനു കിഴീലുള്ള സ്‌കൂളുകളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചു നേരിട്ടെത്തി പ്രവേശനം നേടാം. ഈ വിദ്യാലയങ്ങളില്‍ ഓണ്‍ലൈന്‍ വഴിയും പ്രവേശനം നല്‍കും. ഇതിനുള്ള സംവിധാനം കൈറ്റ് ലഭ്യമാക്കും. ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിക്കാന്‍ പറ്റാത്തവര്‍ എസ്സി, എസ്ടി വിഭാഗത്തിലെ കുട്ടികള്‍, മലയോര മേഖലയില്‍ താമസിക്കുന്നവര്‍ എന്നിവര്‍ക്കായി 200 കോന്ദ്രങ്ങളില്‍ പരീക്ഷാ പരിശീലനം ഒരുക്കും. വിദ്യാര്‍ഥികള്‍ക്കു നേരിട്ടും അല്ലാതെയും പരിശീലനം ലഭ്യമാക്കും.
അതാതു രാജ്യങ്ങളുടെ മുന്‍കരുതല്‍ നടപടികള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അനുസരിക്കാന്‍ പ്രവാസികള്‍ തയാറാകണം. നിങ്ങളോടൊപ്പം നിങ്ങളുടെ നാട് എപ്പോഴും ഉണ്ട്. റെയില്‍വേ സ്റ്റേഷനുകളിലും അതിര്‍ത്തികളിലും ചെക്‌പോസ്റ്റുകളിലും എത്തുന്നവര്‍ക്കു ദിനചര്യകള്‍ നടത്താന്‍ 125 കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അതിര്‍ത്തികളില്‍ പണം വാങ്ങി ആളെ കടത്തുന്നതായി ശ്രദ്ധയില്‍ പെട്ടു. ഇത്തരം പ്രവണതകള്‍ സൃഷിടക്കുന്ന അപകടമാണ് കഴിഞ്ഞ ദിവസം വാളയാറില്‍ കണ്ടത്.
ചെന്നൈയില്‍നിന്ന് മിനിബസില്‍ വാളയാറില്‍ എത്തിയ മലപ്പുറംകാരന്‍ കോവിഡ് ബാധിച്ച് ചികിത്സയിലാണ്. നിരവധി പേര്‍ നിരീക്ഷണത്തിലുമാണ്. കൃത്യമായ സംവിധനങ്ങളിലൂടെ അല്ലാതെ കടന്നു വന്നാല്‍ ഒരു സമൂഹമാകെ പ്രതിസന്ധിയിലാകും. ഇത്തരം കാര്യങ്ങള്‍ പറയുമ്പോള്‍ മറ്റു തരത്തില്‍ ചിത്രീകരിക്കേണ്ടതില്ല. ഇതു കര്‍ശനമായി നടപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അനധികൃതമായി കടക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും. വികാരമല്ല, വിചാരമാണ് എല്ലാവരെയും നയിക്കേണ്ടത്.
വാളയാറില്‍ പോയ ജനപ്രതിനിധികളെ ഉള്‍പ്പെടെ ക്വാറന്റീനിലേക്ക് അയയ്‌ക്കേണ്ട സാഹചര്യം ഒഴിവാക്കാമായിരുന്നു. രാഷ്ട്രീയ നാടകം കളിക്കേണ്ട അവസരമല്ലിത്. 32 ദിവസമായി ഗ്രീന്‍ സോണിലായ വയനാട്ടിലാണ് ചെന്നെയില്‍നിന്നെത്തിയ ഡ്രൈവര്‍ക്ക് കോവിഡ് ബാധിച്ചത്. ഇയാളില്‍നിന്നാണ് ബാക്കിയുള്ളവര്‍ക്ക് കോവിഡ് വന്നത്. ഇയാളുമായി ബന്ധപ്പെട്ടാണു മാനന്തവാടിയിലെ മൂന്ന് പൊലീസുകാര്‍ക്കും കോവിഡ് വന്നത്. ഡ്യൂട്ടിയിലുള്ള 1200 പൊലീസുകാരില്‍ 300ലേറെ പേര്‍ക്ക് ടെസ്റ്റ് നടത്തി. കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ വിവിധ മേഖലയില്‍ പൊലീസ് നടപടിക്രമങ്ങളില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചു.
ഡല്‍ഹിയില്‍നിന്നുള്ള ട്രെയിന്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് എറണാകുളത്തെത്തുന്നത്. ഡല്‍ഹിക്കു പുറമേ മറ്റു പ്രധാന നഗരങ്ങളില്‍നിന്നും ട്രെയിന്‍ ലഭ്യമാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇതിനായി കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ചെറുകിട വ്യവസായ സംരംഭകര്‍ക്ക് ലോക്ഡൗണ്‍ കനത്തനഷ്ടം ഉണ്ടാക്കിയിട്ടുണ്ട്. ഇവര്‍ക്ക് മൊറട്ടോറിയം കാലത്തെ പലിശ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വൈദ്യുതിയുടെ ഫിക്‌സഡ് ചാര്‍ജ് ഇപ്പോള്‍ മാറ്റിവച്ചിരിക്കുകയാണ്. എഴുതിത്തള്ളുന്നതിനു കേന്ദ്ര സര്‍ക്കാരിന്റെ സഹായം വേണം. പിഎഫ് അടയ്ക്കുന്നതില്‍ 15,000ത്തില്‍ താഴെ ശമ്പളമേ പാടുള്ളൂവെന്ന നടപടി പിനര്‍ചിന്തിക്കണം.
ഡല്‍ഹിയില്‍നിന്നു വിവിധ സംസ്ഥാനങ്ങളിലേക്കു ട്രെയിന്‍ ഓടിക്കുന്നുണ്ട്. കേരളത്തിലേക്കുള്ള ട്രെയിന്‍ വിവിധ ഇടങ്ങളില്‍ നിര്‍ത്തിയിട്ടാണ് എത്തുന്നത്. ഇത് രോഗവ്യാപനം തടയാന്‍ കേരളം എടുക്കുന്ന നടപടികളെ നിഷ്‌ക്രിയമാക്കും. ഇത് റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന്റെ ശ്രദ്ധയില്‍പ്പെടുത്തും. സംസ്ഥാന സര്‍ക്കാരിന്റെ റജിസ്‌ട്രേഷന്‍ നോക്കാതെ റെയില്‍വേ ഓണ്‍ലൈന്‍ ബുക്കിങ് വഴി കൊണ്ടുവന്നാല്‍ രോഗവ്യാപനത്തിനു കാരണമാകും. ഇവിടെ വരുന്ന യാത്രക്കാര്‍ ആരാണെന്നു മനസ്സിലാക്കിയില്ലെങ്കില്‍ ആരാണു വന്നതെന്നു തിരിച്ചറിയാന്‍ കഴിയാതാകും. സംസ്ഥാനത്തിന്റെ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്തവരെ മാത്രമേ തിരികെയെത്തിക്കാവൂ എന്നും റെയില്‍വേ മന്ത്രിയെ അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























