വൈദ്യുതി ബോര്‍ഡിന്റെ അണക്കെട്ടുകള്‍ നിറയുന്നു, മഴക്കാലത്ത് ഒഴുകിയെത്തുന്ന വെള്ളം കൂടി ഉള്‍ക്കൊള്ളാന്‍ അണക്കെട്ടുകള്‍ക്കു കഴിയില്ല

വൈദ്യുതി ബോര്‍ഡിന്റെ അണക്കെട്ടുകള്‍ നിറഞ്ഞ് 2018-ലെ പ്രളയസമാന സാഹചര്യത്തോട് അടുക്കുന്നു. അടുത്ത ജൂണ്‍ ഒന്നിന് വൈദ്യുതി ബോര്‍ഡിന്റെ കണക്കുകൂട്ടല്‍ അനുസരിച്ച് 550 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളമാണ് അണക്കെട്ടുകളില്‍ ഉണ്ടാകേണ്ടത്. എന്നാല്‍ 1414 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളം ഇന്നലെ വരെ ബോര്‍ഡിന്റെ 34 അണക്കെട്ടുകളിലായുണ്ട്. 40 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളം വേനല്‍മഴയില്‍ കിട്ടി. മഴ തുടര്‍ന്നാല്‍ 50 ദശലക്ഷം യൂണിറ്റിനുള്ള വെള്ളം കൂടി എത്തും.
പരമാവധി ഉല്‍പാദനം ഇനിയുള്ള ദിവസങ്ങളില്‍ നടത്തിയാലും 400 ദശലക്ഷം യൂണിറ്റിനുള്ള വെള്ളമേ ജൂണ്‍ ഒന്നിനു മുന്‍പ് ഉപയോഗിക്കാനാകൂ. 1000 ദശലക്ഷം യൂണിറ്റിനുള്ള വെള്ളം അവശേഷിക്കും. ഇത് അണക്കെട്ടുകളുടെ ആകെ സംഭരണശേഷിയുടെ കാല്‍ഭാഗം വരും. മഴക്കാലത്ത് ഒഴുകിയെത്തുന്ന വെള്ളം കൂടി ഉള്‍ക്കൊള്ളാന്‍ അണക്കെട്ടുകള്‍ക്കു കഴിയില്ല.
ലോക്ഡൗണില്‍ വൈദ്യുതി ഉപയോഗം പ്രതിദിനം 20 ദശലക്ഷം യൂണിറ്റ് കുറഞ്ഞു. ദിവസം 50 ദശലക്ഷം യൂണിറ്റ് സംസ്ഥാനത്തിനു പുറത്തുനിന്നു വാങ്ങുന്നുണ്ട്. അതിനാല്‍ പരമാവധി വൈദ്യുതി ഉല്‍പാദനം നടത്തി ജലനിരപ്പു കുറയ്ക്കാന്‍ കഴിയില്ല. കരാറുള്ളതിനാല്‍ സംസ്ഥാനത്തിനു പുറത്തുനിന്നു വാങ്ങുന്നതില്‍ കുറവു വരുത്താനാകില്ല.
ഇടുക്കിയിലെ 6 ജനറേറ്ററുകളില്‍ 2 എണ്ണം കേടായ നിലയിലും ഒരെണ്ണം അറ്റകുറ്റപ്പണിയിലുമാണ്. ലോക്ഡൗണ്‍ മൂലം മറ്റു സംസ്ഥാനങ്ങളിലേക്കു വൈദ്യുതി വില്‍ക്കാനും കഴിയില്ല. 50 ദശലക്ഷം യൂണിറ്റ് ശേഷിയുള്ള ജലവൈദ്യുത നിലയങ്ങളില്‍ 22 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉല്‍പാദിപ്പിക്കുന്നത്. ഈ സ്ഥിതി തുടരുകയും കാലവര്‍ഷം ശക്തിപ്പെടുകയും ചെയ്താല്‍ പ്രളയം ഒഴിവാക്കാന്‍ അണക്കെട്ടുകളിലെ ജലനിരപ്പു കുറയ്ക്കുകയേ മാര്‍ഗമുള്ളൂ.
'വൈദ്യുതി ബോര്‍ഡിന്റെ ഡാമുകള്‍ ഇപ്പോള്‍ തുറക്കേണ്ട സാഹചര്യമില്ല. അടിയന്തര സാഹചര്യം ഉണ്ടായാല്‍ നേരിടാന്‍ തയാറെടുപ്പു നടത്തിയിട്ടുണ്ട്. ഇടുക്കി സംഭരണിയില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 10 അടി വെള്ളം കൂടുതലുണ്ട്. ജലനിരപ്പ് 2373 അടിയായാലേ ഇടുക്കി സംഭരണി തുറന്നു വെള്ളം ഒഴുക്കാനാകൂ. 1990, 1993, 2015 വര്‍ഷങ്ങളില്‍ അവിടെ ഇതിനെക്കാള്‍ ജലനിരപ്പ് ഉണ്ടായിരുന്നെങ്കിലും പ്രളയമുണ്ടായിട്ടില്ല. ഇടുക്കിയിലും മാട്ടുപ്പെട്ടി, പൊന്മുടി പോലുള്ള ചെറിയ ഡാമുകളിലും ഒഴികെ എല്ലായിടത്തും കഴിഞ്ഞ തവണത്തെ അത്രയും ജലനിരപ്പേയുള്ളൂ.'എന്ന് വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ്.പിള്ള പറഞ്ഞു.
https://www.facebook.com/Malayalivartha

























