നൊന്ത് പ്രവാസവിച്ച അമ്മയെ പോലും വീട്ടില്‍ കയറ്റാതെ മക്കള്‍; കൊറോണ എന്തൊരു ക്രൂരയാണ്; ജാഗ്രതയല്ല പേടിയാണ് നാടിന്

കൊറോണ പേടിമൂലം രക്തബന്ധത്തിലുള്ളവര്‍പോലും നാടിന്‍റെ സുരക്ഷ തേടിയെത്തുന്ന പ്രവാസികളെ ആട്ടിപ്പായിക്കുന്ന സംഭവങ്ങള്‍ തുടര്‍ക്കഥയാകുന്നു. പ്രായമായവര്‍, മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്നവര്‍ എന്നിവര്‍ക്കൊക്കെ സര്‍ക്കാര്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.
എന്നാല്‍ ഉറ്റവരും ഉടയവരും പോലും കൊറോണ പേടിയില്‍ ഇവരെ കൈ ഒഴിയുമ്ബോള്‍ ജില്ലാ ഭരണകൂടം പുതിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. എല്ലാവര്‍ക്കും സ്ഥാപന ക്വാറന്‍റൈന്‍ സൗകര്യം ലഭ്യമല്ലാത്തതിനാല്‍ പല സ്ഥലങ്ങളിലും അധികൃതര്‍ വീട്ടുകാരെ ഭീഷണിപ്പെടുത്തിപ്പോലുമാണ് പലര്‍ക്കും ക്വാറന്‍റൈനില്‍ കഴിയാനുള്ള സാഹചര്യം ഒരുക്കുന്നത്. അടുത്തിടെ നാട്ടില്‍ തിരിച്ചെത്തിയ പ്രായമായ ദമ്ബതികളുടെ ദുരവസ്ഥ ഏറെ ചര്‍ച്ചയായിരുന്നു. വിദേശത്തുനിന്നും മടങ്ങിയെത്തിയ എണ്‍പത് വയസിനു മുകളില്‍ പ്രായമുള്ള ഇവരെ മകന്‍ വീട്ടില്‍ കയറ്റിയില്ല. കൊറോണ പേടി തന്നെയായിരുന്നു കാരണം. 75 വയസിനു മുകളിലുള്ളവര്‍ വീടുകളില്‍ കഴിയാനാണ് സംസ്ഥാനത്തെ കോവിഡ് ചട്ടം പറയുന്നത്.
എന്നാല്‍ ജില്ലാ ഭരണകൂടം ഇടപെട്ടിട്ടുപോലും ഇരുവരെയും വീട്ടില്‍ കയറ്റാന്‍ മകന്‍ കൂട്ടാക്കിയില്ല. ഇതോടെ ഇവരെ ക്വാറന്‍റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റി. വൃദ്ധദമ്ബതികളില്‍ ഭര്‍ത്താവിന് രോഗം പിടിപെടുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇദ്ദേഹത്തിന് അടുത്തിടെ രോഗം ഭേദമായി. വീട്ടിലേക്ക് മടങ്ങാന്‍ അധികൃതര്‍ നിര്‍ദേശിച്ചു.
അപ്പോഴും പിതാവിനെ വീട്ടില്‍ കയറ്റാന്‍ മകന്‍ തയാറല്ല. ഇതോടെ പോലീസും ആരോഗ്യപ്രവര്‍ത്തകരും ഇടപെട്ടു. മകനെ ഭീഷണിപ്പെടുത്തി ഇദ്ദേഹത്തെ സ്വന്തം വീട്ടില്‍ പ്രവേശിപ്പിച്ചു. ക്വാറന്‍റൈനില്‍ കഴിയുന്ന അമ്മയെ ഇപ്പോഴും വീട്ടില്‍ കയറ്റാന്‍ ഈ മകന്‍ തയാറായിട്ടില്ല.
മറ്റ് സംസ്ഥാനങ്ങളില്‍ ജോലിക്കും പഠനത്തിനുമായിപോയ മക്കള്‍ തിരികെ എത്തിയാല്‍ വീട്ടില്‍ കയറ്റാന്‍ മാതാപിതാക്കള്‍ തയാറാകാത്ത സംഭവങ്ങളും ഉണ്ട്. ബൈക്കിലും മറ്റുമാണ് കിലോമീറ്ററുകളോളം സഞ്ചരിച്ച് ഇവര്‍ വീടുകളില്‍ എത്തുന്നത്. എന്നാല്‍ വീടിന്‍റെ വാതില്‍ ഇവര്‍ക്ക് മുന്നില്‍ കൊട്ടിയടക്കുകയാണ് സ്വന്തം മാതാപിതാക്കള്‍.
ഇത്തരത്തില്‍ എത്തുന്ന ചെറുപ്പക്കാരെയും സ്ഥാപന ക്വാറന്‍റൈനില്‍ പ്രവേശിപ്പിക്കേണ്ട ഗതികേടിലാണ് അധികൃതര്‍. വീട്ടില്‍ രണ്ടോ അതില്‍ കൂടുതലോ മുറികളിലില്ലാത്തവരും ഇപ്പോള്‍ സ്ഥാപനക്വാറന്‍റൈനില്‍ തന്നെയാണ് കഴിയുന്നത്. പുറത്തുനിന്നും എത്തിയ വ്യക്തിക്ക് വീട് നിരീക്ഷണത്തില്‍ കഴിയാന്‍ കൊടുത്ത് മറ്റൊരിടത്തേക്ക് മാറാന്‍ ബന്ധുക്കള്‍ തയാറായാലും അതിനും സാധിക്കുന്നില്ല. കാരണം മറ്റ് ബന്ധുക്കളാരും ഇവരെ അടുപ്പിക്കില്ല എന്നതു തന്നെ.
കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ നിന്നും എത്തിയ നഴ്സ് സ്വന്തം വീട്ടില്‍ എത്തിയപ്പോള്‍ ഓടിക്കാനെത്തിയത് പഞ്ചായത്ത് അംഗത്തിന്‍റേ നേതൃത്വത്തില്‍ നാട്ടുകാര്‍. ഇവര്‍ ഒടുവില്‍ രൂക്ഷഭാഷയില്‍ പ്രതികരിച്ചതോടെയാണ് വീട്ടില്‍ കഴിയാനായത്. സമൂഹമാധ്യമമാണ് മറ്റൊരു പ്രധാന വില്ലന്‍.
അടുത്തിടെ കോട്ടയം കറുകച്ചാലില്‍ ഇത്തരത്തിലൊരു സംഭവം അരങ്ങേറി. കൊറോണ ബാധിതനായ വ്യക്തി രോഗം പിടിപെടുന്നതിനു മുന്‍പ് ഭാര്യവീടായ ഈ പ്രദേശത്ത് എത്തി. ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചതോടെ ജാഗ്രതാ കമ്മിറ്റിക്കാര്‍ വാട്സ്‌ആപ്പിലിറങ്ങി. ഈ പ്രദേശത്തുള്ളവര്‍ സൂക്ഷിക്കണമെന്നായിരുന്നു സന്ദേശങ്ങളുടെ ആകെ കാതല്‍. അനാവശ്യ ഭീതി ചാലിച്ച സന്ദേശം ആയിരക്കണക്കിന് ആളുകളിലേക്കാണ് കൈമാറി എത്തിയത്.
പുറം നാടുകളില്‍നിന്ന് എത്തിയവരെ ഭയത്തോടും വിദ്വേഷത്തോടെയുമാണ് നാട് ഇപ്പോള്‍ കാണുന്നത്. പേടിവേണ്ട ജാഗ്രത മതിയെന്ന വാക്കുകളൊക്കെ പുറംപൂച്ചുകള്‍ മാത്രമായി. കൊറോണ ഇപ്പോള്‍ രക്തബന്ധങ്ങളുടെ വില കൂടി തൂക്കിനോക്കുകയാണ്.
https://www.facebook.com/Malayalivartha


























