കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍

15 വര്‍ഷങ്ങള്‍ക്കിടെ നടന്ന കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങളില്‍ ഒടുവില്‍ പ്രതി അറസ്റ്റില്‍. 15 വര്‍ഷങ്ങള്‍ക്കിടെ കൂടത്തില്‍ കുടുംബത്തില്‍ ഏഴ് മരണങ്ങളാണ് ഉണ്ടായത്. ഇതില്‍ ജയമാധവന്‍ നായരുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ മുഖ്യപ്രതിയെന്ന് കണ്ടെത്തിയ കുടുംബത്തിലെ കാര്യസ്ഥന്‍ രവീന്ദ്രനാണ് അറസ്റ്റിലായത്. വര്‍ഷങ്ങളായി ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസില്‍ അറസ്റ്റുണ്ടായതായി സിറ്റി പൊലീസ് കമ്മിഷണര്‍ അറിയിച്ചു.
ജയമാധവന്‍ നായരുടെ മരണം കൊലപാതകമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ സൂചനകളുണ്ടായിരുന്നു. 2017ലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. കോടിക്കണക്കിന് സ്വത്തിന് അവകാശിയായിരുന്നു ജയമാധവന്‍ നായര്‍. ഈ സ്വത്തുക്കള്‍ തട്ടിയെടുക്കാനായിരുന്നു കൊലപാതകം. ജില്ലാ െ്രെകംബ്രാഞ്ച് ഓഫീസില്‍ ചോദ്യംചെയ്യാനായി വിളിച്ചുവരുത്തിയ ശേഷം രവീന്ദ്രനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കൂടത്തില്‍ കുടുംബത്തിലെ ഗോപിനാഥപിള്ള, ഭാര്യ സുമുഖിയമ്മ, മക്കള്‍ ജയബാലകൃഷ്ണന്‍, ജയപ്രകാശ്, ജയശ്രീ, ഗോപിനാഥന്‍ നായരുടെ സഹോദരന്‍ വേലുപ്പിള്ളയുടെ മകന്‍ ഉണ്ണിക്കൃഷ്ണന്‍ നായര്‍, ഗോപിനാഥപിള്ളയുടെ മറ്റൊരു സഹോദരന്‍ നാരായണപിള്ളയുടെ മകന്‍ ജയമാധവന്‍ എന്നിവരാണ് മരിച്ചത്.
ഇവര്‍ മരിച്ചതോടെ ഇവരുടെ കോടികളുടെ സ്വത്ത് ഇഷ്ടദാനമെന്ന പേരില്‍ രവീന്ദ്രനും ബന്ധുക്കളും കൈക്കലാക്കി. ഇതിനെതിരെ നാട്ടുകാരനായ അനില്‍കുമാര്‍, ബന്ധുവായ പ്രസന്നകുമാരി എന്നിവര്‍ പരാതിപ്പെട്ടു. ഇഷ്ടദാനത്തിന്റെ വില്‍പത്രം ഉണ്ടാക്കിയത് വ്യാജമെന്ന് അന്വേഷണത്തില്‍ മനസിലായിരുന്നു. ജയമാധവന്‍ നായരെ 2017 ഏപ്രില്‍ രണ്ടിന് തറവാട്ടില്‍ ബോധംകെട്ട നിലയില്‍ കണ്ടെന്നും ഉടന്‍ മെഡിക്കല്‍ കോളേജിലേക്ക് അടുത്തുള്ള വീട്ടിലെ ഓട്ടോയില്‍ എത്തിച്ചെങ്കിലും മരിച്ചെന്നാണ് രവീന്ദ്രന്‍ നായര്‍ മൊഴിനല്‍കിയിരുന്നത്. ക്രൈംബ്രാഞ്ച് എസിപി എംകെ സുള്‍ഫീക്കറിന്റെ അന്വേഷണത്തില്‍ ഇത് തെറ്റാണെന്ന് കണ്ടെത്തി.
തൊട്ടടുത്ത് ഓട്ടോയുണ്ടായിട്ടും ദൂരെയുള്ള ഒരു സുഹൃത്തിന്റെ ഓട്ടോ വിളിച്ചുവരുത്തിയാണ് ആശുപത്രിയില്‍ കൊണ്ടുപോയതെന്ന് മനസിലായി. കട്ടിലില്‍ നിന്ന് വീണപ്പോഴുള്ള തലയ്‌ക്കേറ്റ പരിക്കാകാം മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇതെങ്ങനെയെന്നതറിയാന്‍ വീട്ടില്‍ കണ്ട രക്തക്കറ പരിശോധിച്ചപ്പോള്‍ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് വ്യക്തമായി. ഇതാണ് ഇപ്പോള്‍ അറസ്റ്റിലേക്ക് വഴിവച്ചത്.
https://www.facebook.com/Malayalivartha
























