കോവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍ക്കുള്ള സുരക്ഷാ ഉപകരണ ങ്ങള്‍ക്ക് കടുത്ത ക്ഷാമം

ജില്ല, താലൂക്ക് ആശുപത്രികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വ്യക്തിരക്ഷാ ഉപകരണങ്ങള്‍ (പിപിഇ കിറ്റ്), എന്‍ 95 മാസ്‌ക് എന്നിവ വേണ്ടത്ര ലഭിക്കുന്നില്ലെന്നും മാസ്‌കും ഗ്ലൗസും ഉള്‍പ്പെടെ സുരക്ഷാ ഉപകരണങ്ങള്‍ക്കു കടുത്ത ക്ഷാമം അനുഭവപ്പെടുന്നുണ്ടെന്നും കഴിഞ്ഞ ദിവസം ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ വ്യക്തമാക്കി. കൂടാതെ മറ്റു രോഗങ്ങള്‍ ബാധിച്ചവര്‍ക്കുള്ള മരുന്നുകളും വേണ്ടത്രയില്ല. ഇടുക്കി, വയനാട് ജില്ലകളിലെ ആശുപത്രികളില്‍ ആവശ്യത്തിനു ജീവനക്കാരില്ല. സുരക്ഷാ ഉപകരണങ്ങളും മരുന്നുകളും വേണ്ടത്ര ലഭ്യമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പിനോടു മുഖ്യമന്ത്രി നിര്‍ദേശിച്ചു.
വീടുകളില്‍ പോയി പരിശോധന നടത്തുന്നവര്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്നു ചില സ്ഥലങ്ങളില്‍ പരാതിയുണ്ട്. മിക്ക ജില്ലകളിലും മറ്റു രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ ക്ഷാമം ഉണ്ട്. ചെക്‌പോസ്റ്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കു സുരക്ഷ ആവശ്യത്തിനില്ല. ശുചീകരണ തൊഴിലാളികളും ഇതേ പ്രശ്‌നം നേരിടുന്നു.
കേന്ദ്രം തയാറാക്കിയ ആരോഗ്യ സേതു മൊബൈല്‍ ആപ്ലിക്കേഷനില്‍ വിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തുന്നുണ്ട്. കര്‍ണാടകയില്‍ നിന്നു കേരളത്തിലേക്കു അനധികൃത പ്രവേശനം തുടരുന്നതിനാല്‍ പൊലീസ് ജാഗ്രത പാലിക്കണമെന്നും നിര്‍ദേശിച്ചു.
ഇതര സംസ്ഥാനങ്ങളിലെ ഹോട്‌സ്‌പോട്ടുകളില്‍ (കണ്ടെയ്ന്‍മെന്റ് സോണ്‍) കഴിയുന്നവര്‍ക്കു കേരളത്തിലേക്കു പ്രവേശിക്കാനുള്ള പാസ് കുറച്ചുനാള്‍ കഴിഞ്ഞ് അനുവദിച്ചാല്‍ മതിയെന്നു മുഖ്യമന്ത്രി ആഭ്യന്തരവകുപ്പിനു നിര്‍ദേശം നല്‍കി.
വയനാട്, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ആളുകള്‍ അതിര്‍ത്തികടന്നു സഞ്ചരിക്കുന്നതു രോഗവ്യാപനത്തിനു കാരണമാകുമെന്നു ഇന്റലിജന്‍സ് എഡിജിപി ടി.കെ.വിനോദ് കുമാര്‍ മുഖ്യമന്ത്രിയെ അറിയിച്ചു.
ഇടുക്കി ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളിലും ആളുകള്‍ കൂട്ടത്തോടെ സഞ്ചരിക്കുന്നുണ്ട്. ചെക് പോസ്റ്റുകള്‍ വഴി വന്നവരെ കണ്ടെത്തുന്നതില്‍ തദ്ദേശസ്ഥാപനങ്ങള്‍ ബുദ്ധിമുട്ടുന്നുണ്ടെന്നു പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാരദ മുരളീധരന്‍ മുഖ്യമന്ത്രിയെ അറിയിച്ചു.
https://www.facebook.com/Malayalivartha


























