സെല്‍ഫി എടുക്കുന്നതിനിടെ പുഴയില്‍ വീണ സഹോദരനെ രക്ഷിക്കാന്‍ ശ്രമിച്ച പത്താം ക്ലാസുകാരന്‍ മുങ്ങിമരിച്ചു

വേളി പൗണ്ട്കടവ് പുലിമുട്ട് ഹൗസില്‍ സുള്‍ഫിക്കര്‍ - ഷര്‍മ്മി ദമ്പതികളുടെ മകന്‍ ഷഹനാസ് എന്ന 16-കാരന്‍ വാമനപുരം നദിയില്‍ മുങ്ങിമരിച്ചു. കൂട്ടുകാരുമൊത്ത് മൊബൈല്‍ ഫോണില്‍ സെല്‍ഫി എടുക്കുന്നതിനിടെ നദിയില്‍ വീണ സഹോദരനെ രക്ഷിക്കാന്‍ ശ്രമിക്കവേ ഇന്നലെ രാവിലെ പത്തിനായിരുന്നു സംഭവം. പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആയിരുന്നു.
കാരേറ്റ് കരുവള്ളിയാടുള്ള ബന്ധുവിന്റെ വീട്ടില്‍ പെരുന്നാളിനോടനുബന്ധിച്ച് എത്തിയ ഇവര്‍ കഴിഞ്ഞ ദിവസം രാവിലെ വാമനപുരം നദിലെ ആറാട്ട് കടവില്‍ എത്തുകയും സമീപത്തുള്ള പാറപ്പുറത്ത് നിന്ന് മൊബൈലില്‍ സെല്‍ഫി എടുക്കുന്നതിനിടെ ഷഹനാസിന്റെ സഹോദരന്‍ കാല്‍ വഴുതി നദിയിലേക്ക് വീഴുകയുമായിരുന്നു. നദിയില്‍ വീണ സഹോദരനെ രക്ഷിക്കുന്നതിനിടെ ഷഹനാസ് നദിയുടെ ആഴത്തിലേക്ക് പതിച്ചു. കണ്ടു നിന്നവര്‍ സഹോദരനെ രക്ഷപ്പെടുത്തി.
സംഭവം അറിഞ്ഞ് വെഞ്ഞാറമൂട് ഫയര്‍ഫോഴ്സ് യൂണിറ്റ് എത്തിയെങ്കിലും ശക്തമായ അടിയൊഴുക്കും ആഴത്തിലുള്ള കയവും കാരണം തെരച്ചില്‍ അസാധ്യമായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരത്തുനിന്ന് സ്‌കൂബാ ടീം എത്തി തെരച്ചില്‍ നടത്തി. ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെയാണ് മൃതദേഹം കണ്ടെടുത്തത്.
അസി. സ്റ്റേഷന്‍ ഓഫീസര്‍ എ.നസീര്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യു ഓഫീസര്‍ നിസാറുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്‌ക്യൂബാ ടീം അംഗങ്ങളായ മനു വി.നായര്‍, പ്രേംകുമാര്‍, സുജയന്‍ ദിനൂപ്, അമല്‍ രാജ് എന്നിവരാണ് മൃതദേഹം കരയ്ക്കെടുത്തത്. തമ്പുരാന്‍മുക്ക് എം.ജി.എം സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് ഷഹനാസ് . സഹോദരങ്ങള്‍: ഷബാസ്, ഷംസീറ.
https://www.facebook.com/Malayalivartha


























