മുംബൈയില്‍ നിന്ന് ചാവക്കാട്ടെത്തിയ വയോധിക കോവിഡ് ബാധിച്ച് മരിച്ചു... മകനോടൊപ്പം കാറിലാണ് നാട്ടിലെത്തിയത്, സ്രവ പരിശോധനാ ഫലം പോസിറ്റിവ്, കാറില്‍ ഒപ്പമുണ്ടായിരുന്ന മകനും മറ്റ് മൂന്നുപേരും നിരീക്ഷണത്തില്‍, ആംബുലന്‍സ് ഡ്രൈവര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു

മുംബൈയില്‍ നിന്ന് ചാവക്കാട്ടെത്തിയ വയോധിക കോവിഡ് ബാധിച്ച് മരിച്ചു. കടപ്പുറം അഞ്ചങ്ങാടി കെട്ടിങ്ങല്‍ പോക്കാക്കില്ലത്ത് മുഹമ്മദിന്റെ ഭാര്യ ഖദീജക്കുട്ടി(73) യാണ് മരിച്ചത്. ഇവര്‍ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെയാണ് ഇവര്‍ മരിച്ചത്. എന്നാല്‍ ഇന്നാണ് ഇവരുടെ സ്രവ പരിശോധനാ ഫലം എത്തിയത്. ഇതോടെ കോവിഡ് മൂലമാണ് മരണമെന്ന് സ്ഥിരീകരിച്ചു. മുംബൈയില്‍നിന്ന് കാറില്‍ മകനും ഒറ്റപ്പാലം സ്വദേശികളായ മറ്റു മൂന്നുപേരോടുമൊപ്പം തിങ്കളാഴ്ചയാണ് ഖദീജ നാട്ടിലെത്തിയത്.
പെരിന്തല്‍മണ്ണയിലെത്തിയ ഇവര്‍ക്കു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെതുടര്‍ന്ന് ആംബുലന്‍സില്‍ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. സ്ഥിതി ഗുരുതരമായതിനെതുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റാനുള്ള നീക്കം നടക്കുന്നതിനിടെ മരണം സംഭവിച്ചു. മുംബൈയില്‍ നിന്നു വന്നയാളായതിനാല്‍ സ്രവം പരിശോധനയ്ക്കു വിധേയമാക്കിയപ്പോഴാണ് ഫലം പോസിറ്റീവാണെന്നു വ്യക്തമായത്.
ഖദീജക്കുട്ടിക്കു നേരത്തേതന്നെ പ്രമേഹവും രക്തസമ്മര്‍ദവും ശ്വാസതടസവും ഉണ്ടായിരുന്നു. ഖദീജയ്‌ക്കൊപ്പം കാറില്‍ ഒപ്പമുണ്ടായിരുന്ന മകനും മറ്റ് മൂന്നുപേരും നിരീക്ഷണത്തിലാണ്. ഖദീജയെ ആശുപത്രിയിലെത്തിച്ച ആംബുലന്‍സിന്റെ ഡ്രൈവറും ക്വാറന്റൈനില്‍ പ്രവേശിച്ചു. ഇതോടെ കേരളത്തില്‍ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം സംസ്ഥാനത്തിന്റെ കണക്കു പ്രകാരം നാലായി. കേന്ദ്ര ഗവണ്‍മെന്റിന്റെ കണക്കില്‍ മരണം അഞ്ചാണ്. കേരളത്തില്‍ ചികിത്സയ്‌ക്കെത്തിയശേഷം മരിച്ച മാഹി സ്വദേശിയെക്കൂടി കൂട്ടിയതിനാലാണിത്.
"
https://www.facebook.com/Malayalivartha


























