കേരളത്തില്‍ ശക്തമായ മഴ തുടരുന്നു... അരുവിക്കര ഡാമിന്റെ അഞ്ചു ഷട്ടറുകള്‍ തുറന്നു, കരമനയാറിന്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി, മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

കേരളത്തില്‍ ശക്തമായ മഴ തുടരുന്നു പ്രത്യേകിച്ച് തെക്കന്‍ കേരളത്തില്‍. അടുത്ത മൂന്ന് മണിക്കൂറിനിടെ തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ,പത്തനംതിട്ട,കോട്ടയം,എറണാകുളം,തൃശ്ശൂര്‍ എന്നീ ജില്ലകളില്‍ ചിലയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ വരെ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
അരുവിക്കര ഡാമിന്റെ അഞ്ചു ഷട്ടറുകള്‍ തുറന്നു. കരമനയാറിന്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴ തുടരും. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ലെന്ന് മുന്നറിയിപ്പുണ്ട്.
ഇന്നലെ മുതല്‍ പെയ്യുന്ന കനത്ത മഴയിലും കാറ്റിലും തിരുവനന്തപുരം ജില്ലയുടെ മലയോരമേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും പ്രളയഭീഷണി. താഴ്ന്ന പ്രദേശങ്ങളില്‍ വീടുകളിലും കടകളിലുമടക്കം വെള്ളം കയറി നാശനഷ്ടമുണ്ടായി. കനത്ത കാറ്റില്‍ വ്യാപക കൃഷിനാശവുമുണ്ട്. തേക്കുംമൂട്ടിലും നെടുമങ്ങാട്ടും വീടുകളില്‍ വെള്ളം കയറി. കിള്ളിയാര്‍ കര കവിഞ്ഞൊഴുകുകയാണ്. ആനാട് പഞ്ചായത്തില്‍ കടകളിലും വീടുകളിലും വെള്ളം കയറി. കോട്ടൂര്‍, കുറ്റിച്ചല്‍ ഭാഗങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. മലയോര മേഖലകളില്‍ കനത്ത മഴ തുടരുകയാണ്. ചിറ്റാര്‍ കരകവിഞ്ഞ് ഇരുകരകളിലെയും വീടുകളിലും കടകളിലും വെള്ളം കയറി. നാട്ടുകാരടക്കം രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. വെള്ളം കയറിയ വീടുകളില്‍നിന്ന് ആളുകളെ ഒഴിപ്പിക്കുന്നുണ്ട്.
ഗള്‍ഫ് ഓഫ് മാന്നാര്‍ അതിനോട് ചേര്‍ന്നുള്ള തെക്ക് ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി മി വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. മേല്‍പറഞ്ഞ പ്രദേശങ്ങളിലും മല്‍സ്യത്തൊഴിലാളികള്‍ മല്‍സ്യബന്ധനത്തിന് പോവരുത്. അംപന്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ മധ്യബംഗാള്‍ ഉള്‍ക്കടലിലും,വടക്ക് ബംഗാള്‍ ഉള്‍ക്കടലിലും മണിക്കൂറില്‍ 150 മുതല്‍ 160 കിമി വേഗതയിലും ചില അവസരങ്ങളില്‍ 180 കി മി വേഗതയിലും അതിശക്തമായ കാറ്റിന് സാധ്യതയുണ്ട്.
മധ്യപടിഞ്ഞാര്‍ ബംഗാള്‍ ഉള്‍ക്കടലില്‍ അടുത്ത 6 മണിക്കൂറിലും തുടര്‍ന്നുള്ള 12 മണിക്കൂറില്‍ വടക്ക് പടിഞ്ഞാര്‍ ബംഗാള്‍ ഉള്‍ക്കടലിലും സമുദ്രസ്ഥിതി അതിപ്രക്ഷുബ്ധമായി തുടരും. അതിനാല്‍, അടുത്ത 24 മണിക്കൂറില്‍ മധ്യബംഗാള്‍ ഉള്‍ക്കടലിലും വടക്ക് ബംഗാള്‍ ഉള്‍ക്കടലിലും മല്‍സ്യത്തൊഴിലാളികള്‍ ഒരു കാരണവശാലും മല്‍സ്യബന്ധനത്തിന് പോവരുത്. തെക്ക് തമിഴ്നാട് തീരത്തോട് ചേര്‍ന്ന് കുളച്ചല്‍ മുതല്‍ ധനുഷ്‌കോടി വരെ 2.5 മീ. മുതല്‍ 3.1 മീ. വരെ തിരമാല ഉയരാന്‍ സാധ്യതയുണ്ട്. മല്‍സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്ന മല്‍സ്യത്തൊഴിലാളികള്‍ ഇടിമിന്നലേല്‍ക്കാതിരിക്കാന്‍ പ്രത്യേകം ജാഗ്രതപാലിക്കണം.
ചെറുവള്ളങ്ങളിലും മറ്റും മല്‍സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നവര്‍ ഇടിമിന്നല്‍ സമയത്ത് വള്ളത്തില്‍ നില്‍ക്കുന്നത് അപകടസാധ്യത വര്‍ധിപ്പിക്കാന്‍ ഇടയുണ്ട്. ആയതിനാല്‍ ഇത്തരം സമയത്ത് ഇരിക്കുന്നത് ഉചിതമായിരിക്കും. ബോട്ടുകളില്‍ മല്‍സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നവര്‍ ഡെക്കില്‍ ഇറങ്ങിനില്‍ക്കുന്നത് ഒഴിവാക്കണം. അകത്ത് സുരക്ഷിതമായി ഇരിക്കണം. മല്‍സ്യത്തൊഴിലാളികളുടെ വാര്‍ത്താവിനിമയ ഉപകരണങ്ങള്‍ സുരക്ഷിതമാക്കിവയ്ക്കാന്‍ ശ്രമിക്കേണ്ടതാണെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
വരുന്ന മൂന്നുമണിക്കൂര്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ട്.
മഴയെ തുടര്‍ന്ന് തിരുവനന്തപുരം നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. കരിപ്പൂര്‍, നെടുമങ്ങാട് ഭാഗങ്ങളില്‍ വീടുകളിലും കോവളത്ത് വെങ്ങാനൂര്‍ ഭാഗങ്ങളില്‍ കൃഷിയിടങ്ങളിലും വെള്ളം കയറി. നെയ്യാര്‍ഡാമിലെ ഫിഷറീസ് അക്വേറിയം വെള്ളത്തില്‍ മുങ്ങി. മധ്യകേരളത്തില്‍ വ്യാഴാഴ്ച രാത്രിമുതല്‍ വെള്ളിയാഴ്ച പുലര്‍ച്ചെ വരെ അതിശക്തമായ മഴയായിരുന്നു.
b
https://www.facebook.com/Malayalivartha


























