കേരളത്തിൽ ശക്തമായ മഴ; ഡാമുകൾ തുറന്നു ; കിള്ളിയാർ കരകവിഞ്ഞൊഴുകുന്നു ; പ്രളയ ഭീതിയിൽ തിരുവനന്തപുരം

ഇന്നലെ മുതൽ പെയ്യുന്ന കനത്ത മഴയിലും കാറ്റിലും തിരുവനന്തപുരം ജില്ലയുടെ മലയോരമേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലുംവെള്ളം കയറി. . താഴ്ന്ന പ്രദേശങ്ങളിൽ വീടുകളിലും കടകളിലുമടക്കം വെള്ളം കയറി നാശനഷ്ടമുണ്ടായിട്ടുണ്ട്.. കനത്ത കാറ്റിൽ വ്യാപക കൃഷിനാശവുമുണ്ട്. തേക്കുംമൂട്ടിലും നെടുമങ്ങാട്ടും വീടുകളിൽ വെള്ളം കയറി.
കിള്ളിയാർ കര കവിഞ്ഞൊഴുകുകയാണ്. ആനാട് പഞ്ചായത്തിൽ കടകളിലും വീടുകളിലും വെള്ളം കയറി. കോട്ടൂർ, കുറ്റിച്ചൽ ഭാഗങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. മലയോര മേഖലകളിൽ കനത്ത മഴ തുടരുകയാണ്. ചിറ്റാർ കരകവിഞ്ഞ് ഇരുകരകളിലെയും വീടുകളിലും കടകളിലും വെള്ളം കയറി. നാട്ടുകാരടക്കം രക്ഷാപ്രവർത്തനത്തിനുണ്ട്. വെള്ളം കയറിയ വീടുകളിൽനിന്ന് ആളുകളെ ഒഴിപ്പിക്കുന്നുണ്ട്.
അടിമലത്തുറ പാച്ചല്ലൂർ മേഖലകളിൽ വിഴിഞ്ഞം ഫിർഫോഴ്‌സിന്റെ നേതൃത്വത്തിൽ രക്ഷ ദൗത്യം നടക്കുകയാണ്.
പരവിള റഹ്മത്തുള്ള കോളനിയിലെ സബൂറ എന്ന സ്ത്രീയുടെ വീടിൽ വെള്ളം കയറിയിരുന്നു. ഇന്നലെ മുതൽ പെയ്ത നിർത്താത്ത മഴയിലാണ് വെള്ളം കയറിയത്. ഒഴുകിയിറങ്ങുന്ന മഴവെള്ളം മറ്റെങ്ങും പോകാനുള്ള സംവിധാനം ഇല്ലാത്തതാണ് വീടിനകത്തേക്ക് വെള്ളം കയറാനുള്ള സാഹചര്യം സൃഷ്ടിച്ചതെന്നു സ്റ്റേഷൻ ഓഫിസർ രാമമൂർത്തി പറഞ്ഞു. ഇവിടെ സബൂറായും അവരുടെ രണ്ട് ആണ്മക്കളും മാത്രമാണ് താമസിക്കുന്നത്. ഫയർ ഫോഴ്സ് എത്തി വീട്ടു സാധനങ്ങൾ സുരക്ഷിതമായ സ്ഥലത്തേക്കു മാറ്റി. കോട്ടപ്പുറം സുനാമി കോളനിയിൽ അൻപതോളം വീടുകളാണ് വെള്ളപ്പൊക്ക ഭീഷണി നേരിടുന്നത്.അവിടെ ഫയർ ഫോഴ്‌സ് പമ്പിങ് നടത്തുകയാണ്. ചില വീട്ടുകാർ സ്വയം തന്നെ പമ്പിങ് നടത്തുന്നുണ്ട് എന്നും നിലവിൽ ആരെയും മാറ്റിപാർപ്പിക്കേണ്ട സാഹചര്യമില്ല എന്നും വിഴിഞ്ഞം ഫയർ ഫോഴ്സ് സ്റ്റേഷൻ ഓഫിസർ രാമമൂർത്തി വ്യക്തമാക്കി. തിരുവന്തപുരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്.
വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ അരുവിക്കര ഡാമിന്റെ അഞ്ചു ഷട്ടറുകൾ തുറന്നു. ഇതുമൂലം കരമനയാറ്റിൽ ജലനിരപ്പ് ഉയരുന്നതിനാൽ ഇരുകരകളിലുമുള്ളവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു. തിരുവനന്തപുരം നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ആമയിഴഞ്ചാൻ തോട് കരകവിഞ്ഞ് ബണ്ട് റോഡ് ഭാഗത്ത് വീടുകളിൽ വെള്ളം കയറി.
കേരളത്തിൽ ഇന്നും വ്യാപകമായി മഴപെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കനത്ത കാറ്റു വീശാൻ സാധ്യതയുള്ളതിനാൽ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തതൊഴിലാളികൾ കടലിലിറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കൊല്ലം, തൃശൂർ ജില്ലകളിൽ ജാഗ്രതാനിർദേശമുണ്ട്.
https://www.facebook.com/Malayalivartha


























