എറണാകുളം ജില്ലയില്‍ സെര്‍വര്‍ തകരാര്‍ മൂലം റേഷന്‍ വിതരണം മുടങ്ങി

വെള്ള കാര്‍ഡ് ഉടമകള്‍ക്കുള്ള സൗജന്യ പലവ്യഞ്ജന കിറ്റുകളുടെ വിതരണം ഇന്നലെ അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ സംസ്ഥാന തലത്തില്‍ സെര്‍വര്‍ തകരാറിലായതിനെത്തുടര്‍ന്നു ജില്ലയിലും റേഷന്‍ വിതരണം മുടങ്ങി. റേഷന്‍ കടകളില്‍ നിന്നു സൗജന്യ കിറ്റ് വാങ്ങാന്‍ കഴിയാത്തവര്‍ക്ക് സപ്ലൈകോ ഔട്ട്ലെറ്റുകളില്‍ നിന്നു ലഭിക്കുമെന്നു സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. അതേസമയം, റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം രാവിലെ 9 മുതല്‍ ഒന്നു വരെയും 2 മുതല്‍ രാത്രി 7 വരെയുമായി പുനഃക്രമീകരിച്ചു.
സാങ്കേതിക തകരാര്‍ മൂലം ഇന്നലെ 12 മുതല്‍ 2 വരെ സെര്‍വര്‍ പ്രവര്‍ക്കിക്കില്ലെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ 2 നു ശേഷവും തകരാര്‍ പരിഹരിക്കാനാകാത്തതിനാല്‍ ഉച്ചയ്ക്കു ശേഷം വിതരണം പൂര്‍ണമായി മുടങ്ങി. വൈകിട്ടോടെ കടകള്‍ അടയ്ക്കാന്‍ ജില്ലാ സപ്ലൈ ഓഫിസില്‍ നിന്നു നിര്‍ദേശവും നല്‍കി. തകരാര്‍ നീങ്ങി പിഒഎസ് മെഷീന്‍ പ്രവര്‍ത്തിക്കുമോയെന്ന് ഇന്നു കട തുറന്നാല്‍ മാത്രമേ അറിയാന്‍ കഴിയൂവെന്നാണ് അവര്‍ പറയുന്നത്.
അതേസമയം, വൈകിട്ടു 4-ന് തകരാര്‍ പരിഹരിച്ചതായി അറിയിപ്പു ലഭിച്ചതായി ചില കട ഉടമകള്‍ പറയുന്നു. ജില്ലയിലെ ഒട്ടെല്ലാ മേഖലകളിലും ഉച്ചയ്ക്ക് 12-നു ശേഷം സിസ്റ്റം ലോഗ് ഇന്‍ ചെയ്യാന്‍ കഴിയാത്തതിനാല്‍ വിതരണം മുടങ്ങി. കണയന്നൂര്‍ താലൂക്കിലെ റേഷന്‍ കടകളില്‍ 12.30-ന് വിതരണം നിര്‍ത്തി. ഇന്നു രാവിലെ വിതരണം തുടങ്ങുമെന്നു സപ്ലൈ ഓഫിസര്‍ അറിയിച്ചു. അങ്കമാലി മേഖലയിലും റേഷന്‍ വിതരണം അവതാളത്തിലായി. മുളന്തുരുത്തി മേഖലയില്‍ ഉച്ചയ്ക്കു ശേഷം റേഷന്‍ കടകള്‍ അടച്ചു.
ആലുവ താലൂക്കില്‍ വെള്ള കാര്‍ഡ് ഉടമകള്‍ക്കു പലവ്യഞ്ജന കിറ്റ് വിതരണം മുടങ്ങി. കിറ്റ് വാങ്ങാന്‍ കഴിയാത്തവര്‍ക്ക് ഇന്നു വിതരണം ചെയ്യും. പെരുമ്പാവൂര്‍ മേഖലയില്‍ ഉച്ചയോടെ നിര്‍ത്തിയ റേഷന്‍ വിതരണം ഇന്നു പുനരാരംഭിക്കുമെന്നു സപ്ലൈ ഓഫിസര്‍ അറിയിച്ചു. കളമശേരിയിലും പിറവം മേഖലയിലും റേഷന്‍ വിതരണം തടസ്സപ്പെട്ടു. 3.15-നാണു കടകള്‍ അടയ്ക്കാന്‍ നിര്‍ദേശം എത്തിയത്. കൊച്ചി താലൂക്കിലും ഉച്ചയ്ക്കു ശേഷം വിതരണം മുടങ്ങി. അപ്‌ഡേഷന്റെ ഭാഗമായി സെര്‍വറുകള്‍ ഓഫ് ചെയ്യുമെന്ന് അറിയിപ്പു ലഭിച്ചിരുന്നതായി സിറ്റി റേഷനിങ് ഓഫിസര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























